Breaking

Wednesday, April 1, 2020

യുഎഇയില്‍ കാലാവധി കഴിഞ്ഞ താമസവിസകൾ മൂന്നുമാസത്തേക്ക് ഇന്നുമുതല്‍ പിഴയടയ്‌ക്കാതെ പുതുക്കാം

ദുബായ് : മാർച്ച് ഒന്നിനുശേഷം കാലാവധി കഴിഞ്ഞ യു.എ.ഇ. താമസവിസകൾ ഏപ്രിൽ ഒന്നുമുതൽ മൂന്ന് മാസത്തേക്ക് പിഴയടയ്ക്കാതെ പുതുക്കാം. എമിറേറ്റ്സ് ഐ.ഡി. കാലാവധി പിന്നിട്ടതിന്റെ പേരിലുള്ള പിഴകളും ഒഴിവാകും. ഇതുസംബന്ധിച്ച നിർദേശങ്ങൾ യു.എ.ഇ. മന്ത്രിസഭ അംഗീകരിച്ചു. യു.എ.ഇ.യിൽ കൊറോണ വൈറസ് പടർന്നുപിടിച്ചതിന്റെ പ്രത്യാഘാതം നിയന്ത്രിക്കുന്നതിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട അനുബന്ധ പിഴകൾക്കെല്ലാം ഇളവ് നൽകും. ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കും എല്ലാ മേഖലകളിലും ബിസിനസ് തുടർച്ച ഉറപ്പാക്കുന്നതിനുമാണ് പുതിയ തീരുമാനം. കാലാവധി കഴിഞ്ഞ ഡോക്യുമെന്റ്സ്, പെർമിറ്റ്സ്, ലൈസൻസ്, വാണിജ്യ രജിസ്റ്ററുകൾ എന്നിവയുൾപ്പെടെ എല്ലാ ഫെഡറൽ സർക്കാർ സേവനങ്ങൾക്കും തീരുമാനം ബാധകമാണ്. മൂന്ന് മാസത്തേക്ക് നൽകുന്ന ആനുകൂല്യം ആവശ്യമെങ്കിൽ നീട്ടിനൽകും. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ.യിലെ കോടതി നടപടികളും പരമാവധി ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണ്. ഓൺലൈനിലൂടെ പരാതികൾ സ്വീകരിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വെർച്വൽ വിചാരണ നടത്തിയാണ് നടപടി കൈക്കൊള്ളുക.


from mathrubhumi.latestnews.rssfeed https://ift.tt/2WYWQlp
via IFTTT