ന്യൂഡൽഹി: പ്രമുഖ ചരിത്രപണ്ഡിത റൊമീലാ ഥാപ്പറോട് എമരിറ്റസ് പ്രൊഫസറായി തുടരുന്നതിന് യോഗ്യതാസാക്ഷ്യപത്രം സമർപ്പിക്കാൻ ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലാ (ജെ.എൻ.യു.) ഭരണസമിതി ആവശ്യപ്പെട്ടു. കരിക്കുലം വിറ്റെ (സി.വി.) സമർപ്പിക്കാൻ നിർദേശിച്ച നടപടിക്കെതിരേ സർവകലാശാലാ അധ്യാപകർ രംഗത്തെത്തി. തികച്ചും രാഷ്ട്രീയപ്രേരിതമായ നടപടിയാണിതെന്ന് ജെ.എൻ.യു. അധ്യാപക അസോസിയേഷൻ കുറ്റപ്പെടുത്തി. സർക്കാരിനെ വിമർശിക്കുന്നവരെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയാണിത്. ഥാപ്പർ ഉൾപ്പെടെയുള്ള എമരിറ്റസ് പ്രൊഫസർമാരെ ആ പദവിയിലേക്ക് നാമനിർദേശംചെയ്തത് അവരുടെ അതുല്യമായ സംഭാവനകൾ കണക്കിലെടുത്താണ്. സർവകലാശാലയുടെ പാരമ്പര്യം തകർക്കാൻ ലക്ഷ്യമിട്ടാണ് ഭരണസമിതിയുടെ നടപടി - സംഘടന കുറ്റപ്പെടുത്തി.ജൂലായിലാണ് ഥാപ്പറോട് സി.വി.സമർപ്പിക്കാൻ ജെ.എൻ.യു.വിലെ എക്സിക്യുട്ടീവ് കൗൺസിൽ ആവശ്യപ്പെട്ടത്. എമരിറ്റസ് പ്രൊഫസർമാരുടെ നിയമനം സംബന്ധിച്ച മാർഗരേഖകൾ കഴിഞ്ഞവർഷം പുതുക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഥാപ്പറോട് സി.വി. ആവശ്യപ്പെട്ടത്. 75 വയസ്സ് കഴിഞ്ഞ എമരിറ്റസ് പ്രൊഫസർമാരുടെ സേവനം തുടരുന്നതുസംബന്ധിച്ച് ഭരണസമിതി കാലാകാലങ്ങളിൽ തീരുമാനമെടുക്കുമെന്ന് പുതിയ മാർഗരേഖയിൽ പറയുന്നു. 1993-ലാണ് ഥാപ്പർക്ക് എമരിറ്റസ് പ്രൊഫസറുടെ പദവി നൽകിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2NV9ltN
via
IFTTT