കുറവിലങ്ങാട്: സഭകൾ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഹ്വാനവുമായി കുറവിലങ്ങാട് നസ്രാണിസംഗമം. മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ ദേവാലയം നടത്തിയ, മാർത്തോമ്മായുടെ ശ്ലൈഹികപാരമ്പര്യമുള്ള നസ്രാണികളുടെ സംഗമത്തിൽ പങ്കെടുത്ത സഭാതലവന്മാരടക്കം എല്ലാവരുടെയും ആഹ്വാനം കഴിയുന്ന മേഖലകളിലെങ്കിലും കൈകോർത്തുമുന്നേറാനായിരുന്നു. കുറവിലങ്ങാടിന്റെ ക്രൈസ്തവചരിത്രവും പാരമ്പര്യവും ഓർമിക്കാനും ഇവർ മറന്നില്ല.സംഗമം സിറോമലബാർ സഭാതലവൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്തു. വ്യത്യസ്തതകൾക്കിടയിലും ഒന്നിക്കാവുന്ന മേഖലകളിൽ സഭകൾ ഒന്നിക്കണമെന്ന് ആലഞ്ചേരി പറഞ്ഞു. ഹൃദയൈക്യത്തിൽ ഒന്നിക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കൂനൻകുരിശിൽ ചെരിഞ്ഞ കുരിശ് കൂട്ടായിനിന്ന് ഉയർത്തണമെന്ന് സിറോ മലങ്കര സഭാതലവൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു. കൂനൻകുരിശിനുപിന്നിലേക്കുള്ള ഒരുമയുടെ യാത്ര വേണമെന്ന് മാർത്തോമ്മാ സഭാതലവൻ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തായും, മറ്റുപാരമ്പര്യങ്ങളെ മാനിച്ച് ഒരുമിക്കാനുള്ള മനസ്സാണ് വേണ്ടതെന്ന് കൽദായ സുറിയാനി സഭാതലവൻ മാർ അപ്രേം മെത്രാപ്പൊലീത്തായും പറഞ്ഞു. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും അലട്ടുന്നകാലത്ത് മാനുഷികബന്ധങ്ങൾക്ക് ഊന്നൽ നൽകണമെന്ന് മലബാർ സ്വതന്ത്രസുറിയാനി സഭാതലവൻ ബസേലിയോസ് മാർ സിറിൾ മെത്രാപ്പൊലീത്താ പറഞ്ഞു.ക്നാനായ സുറിയാനി സഭാതലവൻ കുര്യാക്കോസ് മാർ സേവേറിയോസ് വലിയമെത്രാപ്പൊലീത്താ, യാക്കോബായ സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്തായുമായ ജോസഫ് മോർ ഗ്രിഗോറിയോസ്, ചങ്ങനാശ്ശേരി അതിരൂപതാധ്യൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പി.മാർ, എം.എൽ.എ.മാർ തുടങ്ങിയവരും വിവിധ സഭാമേലധ്യക്ഷന്മാരും പങ്കെടുത്തു. ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ സ്വാഗതവും റവ. ഫാ. കുരിയാക്കോസ് വെള്ളാച്ചാലിൽ നന്ദിയും പറഞ്ഞു. കുടിയേറ്റം സഭയ്ക്ക് വെല്ലുവിളി - മാർ ആലഞ്ചേരി കുറവിലങ്ങാട്: ക്രൈസ്തവവിശ്വാസികളുടെ കുടിയേറ്റം സഭയ്ക്ക് വെല്ലുവിളിയാകുന്നെന്ന് സിറോ മലബാർ സഭാതലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ആദ്യം മലബാർ മേഖലയിലേക്കായിരുന്നു കുടിയേറ്റം. ഇപ്പോഴത് വിദേശരാജ്യങ്ങളിലേക്കായി. ഇവിടെയൊക്കെ അജപാലനസൗകര്യങ്ങൾ ഒരുക്കേണ്ട ഉത്തരവാദിത്വം സഭ നിർവഹിച്ചുവരികയാണ്.സഭ നേരിടുന്ന ചില വെല്ലുവിളികൾ സഭാവിശ്വാസികളുടെ മാനുഷികബലഹീനതകളിൽനിന്ന് ഉടലെടുക്കുന്നതാണ്. സിറോ മലബാർ സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതുവരെ വിജയമാണ്. ആഭ്യന്തരപ്രശ്നങ്ങൾ പരിഹാരത്തിന് ആരും എതിരായി നിൽക്കരുതെന്ന അഭ്യർഥനയും മാർ ജോർജ് ആലഞ്ചേരി നടത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2MO1sGL
via
IFTTT