ബെംഗളൂരു: ഇന്ത്യയുടെ പര്യവേക്ഷണപേടകമായ 'ചന്ദ്രയാൻ-2' ചന്ദ്രനോട് കൂടുതൽ അടുത്തു. ഞായറാഴ്ച വൈകീട്ട് 6.21-ന് പേടകത്തിലെ പ്രത്യേക യന്ത്രസംവിധാനം 52 സെക്കൻഡ് പ്രവർത്തിപ്പിച്ചാണ് ശാസ്ത്രജ്ഞർ പഥക്രമീകരണം നടത്തിയത്. പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയശേഷം നടക്കുന്ന അഞ്ചാമത്തെ ദിശാക്രമീകരണമാണിത്. ഇനിയുള്ള നിർണായകദൗത്യം ചന്ദ്രനെ ചുറ്റുന്ന 'ഓർബിറ്ററി'ൽനിന്ന്, ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള 'ലാൻഡറി'നെ വേർപെടുത്തലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-നും 1.45-നും ഇടയിൽ 'ലാൻഡർ' വേർപെടും. പിന്നീട് 'ലാൻഡറി'നെയും 'ഓർബിറ്ററി'നെയും വെവ്വേറെ നിയന്ത്രിക്കണം. 'ലാൻഡറി'നെ രണ്ടുതവണകൂടി ദിശമാറ്റി ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കണം. തുടർന്ന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കത്തിന് ഒരുക്കം തുടങ്ങും. ശനിയാഴ്ച പുലർച്ചെ 1.30-നും 2.30-നുമിടയിൽ ചന്ദ്രന്റെ ഇരുണ്ടപ്രദേശത്തെ രണ്ട് ഗർത്തങ്ങൾക്കിടയിലുള്ള പ്രതലത്തിൽ 'ലാൻഡറി'നെ 'സോഫ്റ്റ് ലാൻഡിങ്' സാങ്കേതികതയിലൂടെ ഇറക്കുകയാണ് ലക്ഷ്യം. ഇറങ്ങിക്കഴിഞ്ഞാൽ നാലുമണിക്കൂറിനുള്ളിൽ 'ലാൻഡറി'നുള്ളിൽനിന്ന് 'റോവർ'(ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പഠനങ്ങൾ നടത്താനുള്ള ഘടകം) പുറത്തിറങ്ങും. 'ഓർബിറ്ററി'ൽനിന്ന് 'ലാൻഡറി'നെ വേർപെടുത്തുന്ന ദൗത്യത്തെക്കുറിച്ച് ആശങ്കയൊന്നുമില്ലെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ. ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് കേന്ദ്രമാണ് 'ചന്ദ്രയാൻ-2' പേടകത്തെ നിയന്ത്രിക്കുന്നത്. Content Highlights:chandrayaan 2 lander rover separation on monday
from mathrubhumi.latestnews.rssfeed https://ift.tt/2MNO7y8
via
IFTTT