Breaking

Sunday, September 1, 2019

ഹാട്രിക്കടക്കം ആറു വിക്കറ്റുമായി ബുംറ, സെഞ്ചുറിയുമായി വിഹാരി; ഇന്ത്യയ്ക്ക് മേല്‍ക്കൈ

കിങ്സ്റ്റൺ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം ഹനുമ വിഹാരിയുടെ കന്നി ടെസ്റ്റ് സെഞ്ചുറിയുടെ മികവിൽ ഒന്നാം ഇന്നിങ്സിൽ 416-ന് പുറത്തായ ഇന്ത്യ, വിൻഡീസിന്റെ ഏഴു വിക്കറ്റുകളും വീഴ്ത്തി. ഹാട്രിക്കടക്കം ആറു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ ആഞ്ഞടിച്ചപ്പോൾ രണ്ടാം ദിവസത്തെ കളിനിർത്തുമ്പോൾ 87 റൺസിന് ഏഴു വിക്കറ്റെന്ന നിലയിലാണ് വിൻഡീസ്. ടെസ്റ്റ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് ബുംറ. മത്സരത്തിന്റെ 14-ാം ഓവറിലായിരുന്നു ബുംറയുടെ ഹാട്രിക്ക് പ്രകടനം. 14-ാം ഓവറിന്റെ രണ്ടാം പന്തിൽ ഡാരൻ ബ്രാവോയെ (4) രാഹുലിന്റെ കൈകളിലെത്തിച്ച ബുംറ തൊട്ടടുത്ത രണ്ടു പന്തുകളിൽ ഷമാർ ബ്രൂക്ക്സിനെയും റോസ്റ്റൺ ചേസിനെയും വിക്കറ്റിനു മുന്നിൽ കുടുക്കി. ക്രെയ്ഗ് ബ്രാത്വെയ്റ്റ് (10), ജോൺ കാംബെൽ (2), ജേസൺ ഹോൾഡർ (18) എന്നിവരെയും പുറത്താക്കിയ ബുംറ വെറും 16 റൺസ് വഴങ്ങിയാണ് ആറു വിക്കറ്റെടുത്തത്. ഹർഭജൻ സിങ്, ഇർഫാൻ പത്താൻ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റിൽ ഹാട്രിക്ക് നേടിയിട്ടുള്ള താരങ്ങൾ. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 416 റൺസിന് അവസാനിച്ചിരുന്നു. ടെസ്റ്റ് കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഹനുമ വിഹാരിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 225 പന്തിൽ 16 ബൗണ്ടറികളോടെ 111 റൺസെടുത്ത വിഹാരിയെ ഹോൾഡറാണ് പുറത്താക്കിയത്. കരിയറിലെ ആദ്യ അർധ സെഞ്ചുറി നേടിയ ഇഷാന്ത് ശർമ (57) വിഹാരിക്ക് ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 112 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്ത്യൻ ഇന്നിങ്സിലെ ഉയർന്ന കൂട്ടുക്കെട്ടാണിത്. രണ്ടാം ദിനം അഞ്ചിന് 264 റൺസെന്ന നിലയിൽ കളി തുടർന്ന ഇന്ത്യക്ക് തുടക്കത്തിലെ ഋഷഭ് പന്തിന്റെ (27) വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജയെ (16) കൂട്ടുപിടിച്ച് വിഹാരി ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. കെ.എൽ രാഹുൽ (13), മായങ്ക് അഗർവാൾ (55), ചേതേശ്വർ പൂജാര (6), വിരാട് കോലി (76), അജിങ്ക്യ രഹാനെ (24) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്. വിൻഡീസിനായി ക്യാപ്റ്റൻ ജേസൺ ഹോൾഡർ അഞ്ചു വിക്കറ്റ് വീഴ്ത്തി. Content Highlights:WI vs IND 2nd Test Bumrah takes six as India end day 2


from mathrubhumi.latestnews.rssfeed https://ift.tt/2LfqEnr
via IFTTT