തിരുവനന്തപുരം: വിമാനക്കമ്പനികൾ അടുത്ത ശൈത്യകാല ഷെഡ്യൂൾ തീരുമാനിക്കുമ്പോൾ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് ദിവസം 30 സർവീസ് കൂടുതലായി ഉണ്ടാവുമെന്ന് വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോളയുടെ ഉറപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച വിമാനക്കമ്പനി മേധാവികളുടെ യോഗത്തിലാണ് ഉറപ്പ് നൽകിയത്. മൂന്നുമാസത്തിനകം ഇതുനിലവിൽ വരും. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് അധികമായി അഞ്ച് സർവീസുകൾ ഉണ്ടാകും. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിമാനക്കമ്പനികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചത്. യോഗത്തിനുമുമ്പ് വിമാനക്കമ്പനികളുമായി വ്യോമയാനമന്ത്രാലയം അനൗപചാരിക ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ യോഗത്തിൽ വിമാന ഇന്ധനത്തിന്റെ (എ.ടി.എഫ്.) നികുതിനിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഉയരുകയുണ്ടായി. സിവിൽ ഏവിയേഷൻ സെക്രട്ടറിയും അതിനെ പിന്തുണച്ചു. ഇത് കണക്കിലെടുത്ത് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിൽ ഈ നികുതി 25 ശതമാനത്തിൽനിന്ന് അഞ്ചുശതമാനമായും കണ്ണൂർ വിമാനത്താവളത്തിൽ അത് ഒരുശതമാനമായും കുറച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വിമാനക്കമ്പനികളുടെ ഭാഗത്തുനിന്ന് ഇതനുസരിച്ചുള്ള അനുകൂല പ്രതികരണം ഉണ്ടായില്ല. തിരുവനന്തപുരത്തുനിന്നുള്ള സർവീസ് ഗണ്യമായി കുറയ്ക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച് കൂടുതൽ സർവീസ് നടത്താൻ കമ്പനികൾ തയ്യാറായാൽ ഇന്ധന നികുതിനിരക്ക് ഇനിയും കുറയ്ക്കാൻ കേരളം സന്നദ്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. അമിതനിരക്ക് ഉന്നയിച്ച് മുഖ്യമന്ത്രി ഗൾഫ് മേഖലയിലേക്കും മറ്റു നഗരങ്ങളിലേക്കും വിമാനക്കമ്പനികൾ അമിതനിരക്ക് ഈടാക്കുന്ന കാര്യം മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഉത്സവ സീസണിൽ അഞ്ചിരട്ടിവരെയാണ് കൂട്ടുന്നത്. വിമാനക്കമ്പനി മേധാവികളുമായി നേരത്തേയുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമാണിത്. ഉത്സവ സീസണിൽ മുൻകൂട്ടി അധിക സർവീസ് ഏർപ്പെടുത്തുകയാണെങ്കിൽ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒരുപരിധിവരെ കുറയ്ക്കാൻ കഴിയും. അതുകൊണ്ട് ഉത്സവ സീസണിലെ ഷെഡ്യൂൾ നേരത്തേ പ്രഖ്യാപിക്കണം. അമിതനിരക്ക് ഈടാക്കുന്നതു തടയാൻ വ്യോമയാന മന്ത്രാലയം ഇടപെടണം. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗൾഫിലൂടെയല്ലാതെ നേരിട്ടുള്ള വിമാനസർവീസ് വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യങ്ങളൊന്നും അംഗീകരിക്കപ്പെട്ടിട്ടില്ല. കേന്ദ്ര വ്യോമയാന ജോയന്റ് സെക്രട്ടറി ഉഷാ പാഡി, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ അനുജ് അഗർവാൾ, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യോമയാന പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സിയാൽ എം.ഡി. വി.ജെ. കുര്യൻ, കണ്ണൂർ എയർപോർട്ട് എം.ഡി. വി. തുളസീദാസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ തുടങ്ങിയവർ പങ്കെടുത്തു. Content Highlights:30 more flight services from kerala
 
from mathrubhumi.latestnews.rssfeed https://ift.tt/2Zt2nDc
via 
IFTTT