Breaking

Thursday, December 2, 2021

രാസലായനി കഴിച്ച് മരണം: അന്നനാളം ഉള്‍പ്പെടെ പൊള്ളലേറ്റതിന് സമാനം, ദുരൂഹത തുടരുന്നു

ഇരിങ്ങാലക്കുട: രാസലായനി കഴിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. മരണത്തിനിടയാക്കിയ ഫോർമാലിൻ എങ്ങനെ കോഴിക്കടയിൽ വന്നുവെന്ന് അറിവായിട്ടില്ല. കോഴിക്കടയിലെ ജീവനക്കാരടക്കമുള്ളവരിൽനിന്ന് പോലീസ് മൊഴിയെടുത്തു. മൃതദേഹപരിശോധനാ റിപ്പോർട്ടും കാക്കനാട്ടെ ലാബിലെ റിപ്പോർട്ടും കിട്ടിയാൽ കൂടുതൽ വ്യക്തത വരും. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് വടക്കുള്ള ഗോൾഡൻ ചിക്കൻ സെന്ററിലിരുന്ന് രാസലായനി കഴിച്ച് അത്യാസന്നനിലയിലായ കണ്ണമ്പിള്ളി നിശാന്ത് (43), ചെട്ടിയാൽ സ്വദേശി അണക്കത്തിപറമ്പിൽ ബിജു (43) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഫോർമാലിൻ ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെയും അന്വേഷണോദ്യോഗസ്ഥരുടെയും നിഗമനം. കോഴിക്കടയുടമ നിശാന്ത് മദ്യം കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ വണ്ടിയിൽനിന്ന് മദ്യക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, കോഴിക്കടയിൽനിന്ന് രാസലായനിയുടെ കുപ്പിയും രണ്ട് ഗ്ലാസും മാത്രമാണ് ലഭിച്ചത്. ബിജു വെള്ളം ചേർത്താണ് ഫോർമാലിൻ കഴിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. ഇരുവരുടെയും അന്നനാളം ഉൾപ്പെടെ ആന്തരികാവയവങ്ങൾ പൊള്ളലേറ്റതിന് സമാനമാണെന്നാണ് പറയുന്നത്. വലിയ കോഴിഫാമുകളിൽ ദുർഗന്ധം നീക്കാൻ ഫോർമാലിൻ ഉപയോഗിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചില മരുന്നുകടകളിൽനിന്ന് ഇത് വാങ്ങാൻ കിട്ടും. കുടിവെള്ളക്കുപ്പിയിലാണ് ഫോർമാലിൻ സൂക്ഷിച്ചിരുന്നത്. മദ്യത്തിൽ വെള്ളത്തിന് പകരം തെറ്റി ഫോർമാലിൻ ഒഴിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3dauNGA
via IFTTT