Breaking

Wednesday, November 24, 2021

മാനദണ്ഡം ചതിച്ചു; വ്യവസായസൗഹൃദത്തിൽ ലക്ഷദ്വീപ് പോലും കേരളത്തെക്കാൾ മുന്നിൽ

തിരുവനന്തപുരം: കാര്യമായ വ്യവസായങ്ങളൊന്നുമില്ലാത്ത ലക്ഷദ്വീപ് പോലും വ്യവസായസൗഹൃദ സൂചികയിൽ കേരളത്തെക്കാൾ മുന്നിൽ. ആദ്യ പത്തിൽ വരേണ്ട കേരളം 28-ാമതാണ്. കേന്ദ്രഭരണപ്രദേശങ്ങൾ ഉൾപ്പെടെ 36 സ്ഥാനങ്ങളാണ് നിശ്ചയിച്ചത്. കേന്ദ്രസർക്കാരിന്റെ വ്യവസായസൗഹൃദ സൂചികയുടെ അളവുകോൽ അശാസ്ത്രീയമായി നിശ്ചയിച്ചതാണ് ഇതിനു പ്രധാന കാരണം. മാനദണ്ഡം പുതുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ കേന്ദ്രത്തിന് കത്തുനൽകി. ഈസ് ഓഫ് ഡൂയിങ് ബിസിനസിനെ മുൻനിർത്തി കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങളെല്ലാം കേരളം നടപ്പാക്കി. അതിനാൽ റാങ്കിങ്ങിൽ മുന്നിൽ വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, വ്യവസായികളോട് നേരിട്ട് സംസാരിക്കുന്ന ഒരു സർവേയും മാനദണ്ഡങ്ങളിൽപ്പെടും. കേന്ദ്ര പ്രതിനിധികൾ നാട്ടിലുള്ള വ്യവസായികളിൽ ചിലരെ ഫോണിൽ ബന്ധപ്പെടും. ഈ വിളിക്ക് രണ്ടുതവണ പ്രതികരിച്ചില്ലെങ്കിൽ പൂജ്യം മാർക്കായാണ് കണക്കാക്കുന്നത്. ചിലർ ഭാഷാപ്രശ്നംകൊണ്ടും മറ്റുചിലർ തിരക്കുകൊണ്ടും പ്രതികരിച്ചെന്നു വരില്ല. ഈ സർവേയാണ് കേരളത്തിനു വിനയായതെന്ന് സംസ്ഥാന വ്യവസായവകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. 50 കോടിയിൽപ്പരം രൂപ മുതൽമുടക്കുള്ള വ്യവസായങ്ങൾക്ക് ഏഴുദിവസത്തിനകം ലൈസൻസ് ലഭിക്കാനും അതിൽത്താഴെയുള്ള വ്യവസായങ്ങൾക്ക് മൂന്നുവർഷംവരെ ലൈസൻസില്ലാതെ പ്രവർത്തിക്കാനും അനുമതി നൽകുന്ന നിയമം സംസ്ഥാനം പാസാക്കിയിരുന്നു. വ്യവസായികളുടെ പരാതികളിൽ 15 ദിവസത്തിനകം തീർപ്പുണ്ടാക്കാനുള്ള സംവിധാനവും നിയമത്തിലൂടെ നിലവിൽവന്നതും ശ്രദ്ധേയമായിരുന്നു. ഇതൊക്കെ കണക്കിലെടുത്ത് വായ്പയെടുക്കാനുള്ള പരിധി എട്ട് സംസ്ഥാനങ്ങൾക്ക് വർധിപ്പിച്ചുനൽകിയപ്പോൾ കേരളത്തിനും ഇളവ് ലഭിച്ചു. കഴിഞ്ഞദിവസം കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ സന്ദർശിച്ച വ്യവസായ മന്ത്രി പി. രാജീവ് മാനദണ്ഡങ്ങളിലെ അശാസ്ത്രീയത ധരിപ്പിച്ചു. റാങ്കിങ്ങിൽ വന്ന പോരായ്മ ശ്രദ്ധയിൽപ്പെട്ടതിനാൽ ഏതാനും മാസം ഫലം പുറത്തുവിട്ടിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാനദണ്ഡം പുതുക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണ്. സംസ്ഥാനത്ത് നിർമിക്കുന്ന ട്രേഡ് സെന്ററിന് സഹായധനം, ലോജിസ്റ്റിക്സ് പാർക്ക് കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തുക, പൂട്ടിയ കേന്ദ്ര തുണിമിൽ ഏറ്റെടുക്കാൻ അനുവദിക്കുക, മിനി ഫുഡ് പാർക്കിന് അനുമതി തുടങ്ങിയ ആവശ്യങ്ങൾ വ്യവസായവകുപ്പ് കേന്ദ്രസർക്കാരിനുമുന്നിൽ ഉന്നയിച്ചു. Content Highlights:Ease of doing business: Kerala ranked 28th


from mathrubhumi.latestnews.rssfeed https://ift.tt/3cKtm1k
via IFTTT