Breaking

Wednesday, November 24, 2021

വിവാദങ്ങൾക്ക് പിന്നാലെ കണ്ണൂർ വി.സി.ക്ക് പുനർനിയമനം

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ അധ്യാപക നിയമന വിവാദത്തിനിടെ ചൊവാഴ്ച കാലാവധി തീർന്ന വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് വീണ്ടും നിയമനം നൽകി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു വൈസ് ചാൻസലർക്ക് അതേ സർവകലാശാലയിൽ പുനർനിയമനം ലഭിക്കുന്നത്. കാലിക്കറ്റ് സർവകലാശാലാ രൂപവത്‌കരണ സമയത്ത് താത്കാലികമായി നിയമിച്ച പ്രൊഫ. ഗനിയെ നിയമം വന്നശേഷം വീണ്ടും നിയമിച്ചതാണ് ഇതിനൊരപവാദം. നാലുവർഷമാണ് വി.സി.യുടെ കാലാവധി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിനുള്ള നടപടികളിലാണ് ഡോ. ഗോപിനാഥിനെതിരേ വിമർശനം ഉയർന്നത്. പുനർനിയമനമെന്ന അസാധാരണമായ നടപടിയെച്ചൊല്ലി വിവാദങ്ങളും ഉയർന്നു. സർവകലാശാലാ നിയമപ്രകാരം 60 വയസ്സാണ് വി.സി. നിയമനത്തിനുള്ള പരമാവധി കാലാവധി. 60 വയസ്സിന് മുമ്പ് നിയമിതനായാൽ നാലുവർഷം തുടരാമെന്നാണ് വ്യവസ്ഥ. എന്നാൽ ഡോ. ഗോപിനാഥ് രവീന്ദ്രന് നിലവിൽ 61 വയസ്സായി. പുതിയ വി.സി.യെ കണ്ടെത്താൻ സമിതിയെ നിയമിക്കുകയും അപേക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ സമിതിയെ പിരിച്ചുവിട്ട് ഗവർണർ വിജ്ഞാപനമിറക്കിയതിന് പിന്നാലെയാണ് ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചുകൊണ്ടുള്ള ഉത്തരവ്. പുനർനിയമനത്തിന് ഉയർന്ന പ്രായപരിധി പ്രശ്നമാകുമെന്ന് രാജ്ഭവൻ ചൂണ്ടികാണിച്ചെങ്കിലും ബാധകമാകില്ലെന്നായിരുന്നു നിയമോപദേശം. കണ്ണൂർ സർവകലാശാലാ നിയമത്തിനും യു.ജി.സി. റഗുലേഷനും വിധേയമായിട്ടായിരിക്കും നിയമനമെന്ന് ഉത്തരവിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3CKu9da
via IFTTT