Breaking

Wednesday, November 24, 2021

മോഡലുകളുടെ അപകട മരണം, അന്വേഷണം അവസാന ഘട്ടത്തിലെന്ന്‌ പോലീസ്‌

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ അന്വേഷണം അന്തിമഘട്ടത്തിലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു. കായലിൽ എറിഞ്ഞ, ഹോട്ടലിലെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കിനായി തിരച്ചിലിലാണെന്നും അദ്ദേഹം പറഞ്ഞു. കായലിന്റെ അടിത്തട്ടു കാണാൻ പറ്റുന്ന അണ്ടർവാട്ടർ ക്യാമറ ഉപയോഗിച്ചാണ് തിരച്ചിൽ. എല്ലാ പ്രതികളെയും വീണ്ടും ചോദ്യംചെയ്യും. അപകടത്തിനിടയാക്കിയ കാറോടിച്ച അബ്ദുൾ റഹ്മാനെ തിങ്കളാഴ്ച വിളിച്ചുവരുത്തി വീണ്ടും മൊഴിയെടുത്തു. മൊഴികളിൽ പൊരുത്തക്കേടുള്ളതായി മനസ്സിലായിട്ടുണ്ട്. ഡി.ജെ. പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരുടെ മൊഴിയുമായി താരതമ്യംചെയ്ത് ഇക്കാര്യം പരിശോധിക്കും. വി.ഐ.പി.കളോ പോലീസ് ഉദ്യോഗസ്ഥരോ പാർട്ടിയിൽ പങ്കെടുത്തോയെന്ന ചോദ്യത്തിന് ആരൊക്കെയാണെന്നുള്ളത് കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് കമ്മിഷണർ പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. അവധിക്കുശേഷമാണ് കമ്മിഷണർ ജോലിയിൽ തിരിച്ചെത്തിയത്. ഇനിയുള്ള അന്വേഷണത്തിൽ അദ്ദേഹത്തിന്റെ മേൽനോട്ടമുണ്ടാകും. 'ദുരൂഹത മനസ്സിലാക്കാൻ സാമാന്യബോധം മതി' സംഭവത്തിൽ ദുരൂഹതയില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ, ദുരൂഹതയുണ്ടെന്നാണ് കമ്മിഷണർ സി.എച്ച്. നാഗരാജു ചൊവ്വാഴ്ച മാധ്യമങ്ങളോടു പറഞ്ഞത്. ഡി.വി.ആർ. നശിപ്പിച്ചതെന്തുകൊണ്ട് എന്നാലോചിക്കുമ്പോൾ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അതു മനസ്സിലാക്കാൻ സാമാന്യബോധം മതിയെന്നും കമ്മിഷണർ പറഞ്ഞു. എന്നാൽ, അന്വേഷണസംഘത്തിന്റെ കണ്ടെത്തലിൽ കേസിൽ ദുരൂഹതയില്ല. ഹോട്ടലിൽ നടന്ന സംഭവങ്ങളും അപകടവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. എന്തെങ്കിലും സംശയാസ്പദമായി നടന്നിട്ടുണ്ടെങ്കിൽ, അത് പുറത്തുകൊണ്ടുവരും. സംഭവം നടന്ന് 22 ദിവസത്തിനുശേഷം തിങ്കളാഴ്ചയാണ് ഹാർഡ് ഡിസ്കിനായി പോലീസ് കണ്ണങ്ങാട്ട് പാലത്തിനുതാഴെ കായലിൽ അന്വേഷണം തുടങ്ങിയത്. സൈജു നിലവിൽ പ്രതിയല്ല അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന സൈജു എം. തങ്കച്ചനെ ഇതുവരെ കേസിൽ പ്രതിയാക്കിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ചോദ്യംചെയ്യാൻ ആവശ്യമെങ്കിൽ നോട്ടീസ് നൽകിയേ വിളിപ്പിക്കൂവെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഗ്രേഷ്യസ് കുര്യാക്കോസ് വിശദീകരിച്ചു. സൈജുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് വി. ഷെർസി ഇക്കാര്യം രേഖപ്പെടുത്തി. കാറിലെ ഡ്രൈവർ അബ്ദുൾറഹ്മാനെ ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽവെച്ച് പരിചയപ്പെട്ടിരുന്നു. അയാൾ അമിതമായി മദ്യപിച്ചതിനാൽ കാർ ഓടിക്കരുതെന്നു പറഞ്ഞിരുന്നു. ഇതുകേൾക്കാതെ മോഡലുകൾ അടക്കമുള്ളവരെയും കയറ്റി അതിവേഗം പോയി. പിന്നാലെ ഹോട്ടലിൽനിന്ന് ഇറങ്ങിയ താൻ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് കാണുകയായിരുന്നെന്നാണ് ഹർജിയിൽ പറഞ്ഞിട്ടുള്ളത്. അപകടത്തെക്കുറിച്ച് പോലീസിൽ അറിയിച്ചതും താനായിരുന്നു. തുടർന്ന് പോലീസ് വിളിച്ച് മൊഴിയെടുത്തു. ഹാർഡ് ഡിസ്ക് തിരയാൻ ഇനി മീൻപിടിത്തക്കാരും കേസിൽ സുപ്രധാന തെളിവായ ഹാർഡ് ഡിസ്ക് കണ്ടെത്താൻ മത്സ്യത്തൊഴിലാളികളുടെ സഹായം തേടുമെന്ന് അന്വേഷണസംഘം. ഹാർഡ് ഡിസ്ക് മീൻപിടിത്തക്കാരന്റെ വലയിൽ കുടുങ്ങിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇത് തിരിച്ചറിയാനാകാതെ പോയ മീൻപിടിത്തക്കാരൻ ഡിസ്ക് വീണ്ടും കായലിൽ തള്ളി. തിങ്കളാഴ്ച രാവിലെ 10-ന് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനുസമീപം കായലിൽ മീൻപിടിച്ച വള്ളക്കാരനാണ് ഹാർഡ് ഡിസ്ക് ലഭിച്ചത്. ഇത് കണ്ടെത്താൻ ബുധനാഴ്ച വീണ്ടും മത്സ്യത്തൊഴിലാളികളെ ചേർത്ത് പരിശോധന നടത്തും. നേവി, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച കായലിൽ ഹാർഡ് ഡിസ്കിനായി തിരച്ചിൽ നടത്തിയത്. വൈകീട്ട് ആറുവരെയുണ്ടായ തിരച്ചിലിലും ഒന്നും കണ്ടെത്താനായില്ല. മോഡലിന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ടു തിരുവനന്തപുരം: അന്വേഷണം വേഗത്തിലാക്കണമെന്ന ആവശ്യവുമായി, മരിച്ച അൻസി കബീറിന്റെ പിതാവ് മുഹമ്മദ് കബീർ മുഖ്യമന്ത്രിയെ കണ്ടു. സംഭവത്തെക്കുറിച്ച് പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായി മുഹമ്മദ് കബീർ പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെയും സന്ദർശിച്ച് നിവേദനം നൽകി. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവിക്കും നിവേദനം നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/3HQudLU
via IFTTT