Breaking

Thursday, November 18, 2021

ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചുകളെ ഇ-കൊമേഴ്‌സ് കമ്പനികളെപ്പോലെ കണക്കാക്കും

കൊച്ചി: ഡിജിറ്റൽ ക്രിപ്‌റ്റോ കറൻസികളിലെ ഇടപാടുകൾ നിയമ വിധേയമാക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ക്രിപ്‌റ്റോ എക്സ്‌ചേഞ്ചുകളെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെപ്പോലെ ക്ലാസിഫൈ ചെയ്യാനും ഇടപാടുകൾക്ക് സ്രോതസ്സിൽ നികുതി ഈടാക്കാനുമാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഇതോടെ, ക്രിപ്‌റ്റോ കറൻസികളിലെ ഇടപാടുകൾ നിയമ വിധേയമാകും. എന്നാൽ, കറൻസിയായിട്ടായിരിക്കില്ല ഇതിനെ കണക്കാക്കുക. സ്വർണം, ഓഹരി, കടപത്രം എന്നിവയ്ക്ക് സമാനമായ ആസ്തിയായിട്ടാകും ക്രിപ്‌റ്റോ കറൻസികളെ കണക്കാക്കുക. ഓഹരി വിപണി നിയന്ത്രണ ബോർഡ് ആയ സെബിയുടെ നിയന്ത്രണത്തിൽ ക്രിപ്‌റ്റോ ഇടപാടുകളെയും പെടുത്തിയേക്കും. ഒരു മാസത്തിനുള്ളിൽ കേന്ദ്ര മന്ത്രിസഭ ഇക്കാര്യങ്ങൾ ചർച്ച ചെയ്യും. തുടർന്ന് പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ആദ്യമായാണ് കേന്ദ്ര സർക്കാർ ക്രിപ്‌റ്റോ കറൻസികൾക്ക് അനുകൂലമായ നിലപാടിലേക്ക് എത്തുന്നത്. നേരത്തെ ഇത്തരം കറൻസികൾ നിരോധിക്കണം എന്ന നിലപാടായിരുന്നു സർക്കാരിന്. എന്നാൽ, ലോകം മുഴുവൻ ക്രിപ്‌റ്റോ കറൻസികൾക്ക് ഡിമാൻഡ് ഏറിയതോടെ ഇതിനെ തള്ളാൻ കഴിയാത്ത അവസ്ഥയിലായി സർക്കാരുകൾ. അതേസമയം, ക്രിപ്‌റ്റോ കറൻസികൾക്കു പിന്നിലുള്ള സാങ്കേതിക വിദ്യയായ ബ്ലോക്‌ചെയിനിനെ അനുകൂലിച്ചും ക്രിപ്‌റ്റോകളെ തള്ളിയും നിലപാടുമായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് രംഗത്തെത്തി. സാമ്പത്തിക പുരോഗതിക്ക് ബ്ലോക്‌ചെയിൻ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്താമെന്നും എന്നാൽ, ക്രിപ്‌റ്റോ കറൻസികൾ സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്താണ് ക്രിപ്‌റ്റോ കറൻസി?ഭരണകൂടങ്ങളുടെ അംഗീകാരമോ കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാതെ ലോകം മുഴുവൻ ക്രയവിക്രയം ചെയ്യുന്ന കറൻസിയാണ് ക്രിപ്‌റ്റോ കറൻസികൾ. സങ്കീർണ ഗണിതശാസ്ത്രത്താലും കംപ്യൂട്ടർ എൻജിനീയറിങ്ങിനാലും നയിക്കപ്പെടുന്നതാണ് ‘ക്രിപ്‌റ്റോ കറൻസി’കൾ. ബ്ലോക്ചെയിൻ സാങ്കേതിക വിദ്യയിലാണ് ഇത് വികസിപ്പിക്കുന്നത്. അച്ചടിച്ച കറൻസിയല്ല ഇത്. വിവിധ തരം ക്രിപ്‌റ്റോ കറൻസികളിൽ ‘ബിറ്റ്‌കോയിൻ’ ആണ് ഏറ്റവും ജനപ്രിയം. സതോഷി നകാമോട്ടോ എന്ന അജ്ഞാതനായ ജപ്പാൻകാരനാണ് 2008-ൽ ബിറ്റ്‌കോയിൻ എന്ന വെർച്വൽ കറൻസി വികസിപ്പിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/30DIISI
via IFTTT