Breaking

Wednesday, November 17, 2021

സാമൂഹ്യ മാധ്യമ ഉപയോഗം ഭര്‍ത്തൃവീട്ടുകാര്‍ ചോദ്യംചെയ്തു; യുവതി കിണറ്റില്‍ മരിച്ചനിലയില്‍

പാലാ: ഭർത്തൃമതിയായ യുവതിയെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തോടനാൽ ഇലവനാംതൊടുകയിൽ രാജേഷിന്റെ ഭാര്യ ദൃശ്യ(26) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ഏലപ്പാറ ചിന്നാർ സ്വദേശിനിയാണ്. സാമൂഹ്യ മാധ്യമങ്ങൾ അമിതമായി ഉപയോഗിക്കുന്നതും അതിലൂടെയുള്ള ചില സൗഹൃദങ്ങളും ഭർത്താവിന്റെ വീട്ടുകാർ ചോദ്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ചിന്നാറിലെ വീട്ടിലേയ്ക്കുപോയ ദൃശ്യയോട് വീട്ടിൽനിന്നും ആരെയെങ്കിലും കൂട്ടി തിരികെ വരണമെന്ന് ഭർത്തൃവീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച തിരികെയെത്തിയ ദൃശ്യയ്ക്കൊപ്പം വീട്ടുകാർ ആരും ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ഭർത്തൃവീട്ടുകാർതന്നെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. യുവതിയുടെ സാമൂഹ്യമാധ്യമ ഇടപെടലുകൾ സംബന്ധിച്ച് ഇരുവീട്ടുകാരും ചർച്ചചെയ്തിരുന്നു. പുലർച്ചെ ഒരുമണിയോടെയാണ് വീട്ടുകാർ മടങ്ങിയത്. തൊട്ടടുത്ത വീട്ടിലെ ഗൃഹനാഥന് ശാരീരിക അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് രാജേഷിന്റെ പിതാവ് പുലർച്ചെ രണ്ടരയോടെ അയൽ വീട്ടിൽ പോയി തിരികെ വരുമ്പോഴാണ് ദൃശ്യയെ കാണാതായത് അറിയുന്നത്. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങൾ പാലാ പോലീസിൽ പരാതി നൽകി. ഇതിനിടയിൽ നടത്തിയ അന്വേഷണത്തിൽ വീടിന് 200 മീറ്റർ അകലെ അയൽവാസിയുടെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കിണറിന് സമീപത്ത് നിന്നും ടോർച്ചും കണ്ടെത്തി. പാലാ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തഹസിൽദാർ എസ്.ശ്രീജിത്തും സ്ഥലത്തെത്തി പരിശോധിച്ചു. മൃതദേഹം പുറത്തെടുത്തപ്പോൾ പൊള്ളലേറ്റതായി കണ്ടിരുന്നു. തീ കൊളുത്തി ജീവനൊടുക്കുവാൻ ശ്രമിച്ചശേഷം കിണറ്റിൽ ചാടുകയായിരുന്നുവെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. നാലുവർഷം മുമ്പാണ് വിവാഹിതരായത്. കുട്ടികളില്ല. Content Highlights:Woman found dead in well at Pala


from mathrubhumi.latestnews.rssfeed https://ift.tt/30tTxGH
via IFTTT