Breaking

Thursday, November 18, 2021

കുടുംബക്കോടതി വിശദപരിശോധനയിലേക്ക് കടക്കേണ്ടാ -ഹൈക്കോടതി

കൊച്ചി: മുസ്‌ലിം വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വിവാഹമോചനങ്ങൾക്ക് പ്രഥമദൃഷ്ട്യാ സാധുതയുണ്ടെന്ന് ബോധ്യമായാൽ കൂടുതൽ അന്വേഷണമില്ലാതെ വിവാഹമോചനം അനുവദിക്കണമെന്ന് ഹൈക്കോടതി. മുസ്‌ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിൽ കോടതിക്കു പുറത്തുള്ള തലാഖ്, ഖുൽഅ, താലഖ് ഇ ത്വാഫിസ്, മുബാറത്ത് തുടങ്ങിയ മാർഗങ്ങളിലൂടെയുള്ള വിവാഹ മോചനക്കേസുകൾ പരിഗണിക്കുമ്പോൾ കുടുംബക്കോടതികൾ വിശദമായ പരിശോധനയിലേക്ക് കടക്കേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ കുടുംബക്കോടതികൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.തലാഖ് ചൊല്ലി വിവാഹമോചനം നേടിയ ഭർത്താവിന്റെ നടപടി തന്റെ വാദം കേൾക്കാതെ കുടുംബക്കോടതി ശരിവെച്ചതിനെ ചോദ്യംചെയ്ത് മൂവാറ്റുപുഴ സ്വദേശിനി നൽകിയ ഹർജിയിലാണ് ഉത്തരവ്. 2019 ഡിസംബർ 29-നാണ് ഹർജിക്കാരിയെ ഭർത്താവ് മൂന്നാം തലാഖ് ചൊല്ലിയത്. ഇക്കാര്യം രജിസ്ട്രേഡ് പോസ്റ്റ് വഴി അറിയിക്കുകയും ചെയ്തു. ഇതിന് നിയമസാധുതയില്ലെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. എന്നാൽ, മുസ്‌ലിം വ്യക്തിനിയമപ്രകാരം തലാഖ്, ഖുൽഅ, താലഖ് ഇ ത്വാഫിസ്, മുബാറത്ത് എന്നീ മാർഗങ്ങളിലൂടെയുള്ള വിവാഹമോചനം സാധ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുടുംബക്കോടതികൾക്ക് വിശദാന്വേഷണങ്ങൾക്കുള്ള അവസരം പരിമിതമാണെന്ന കോടതി ഉത്തരവുകളും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജിക്കാരിയുടെ കാര്യത്തിൽ ആവശ്യമെങ്കിൽ ഇരുപക്ഷത്തെയും കേട്ട് ഉടൻ ഉത്തരവ് പുറപ്പെടുവിക്കാനും നിർദേശിച്ചിട്ടുണ്ട്.മാർഗനിർദേശങ്ങൾ* മുസ്‌ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വിവാഹമോചന കേസുകളിൽ എതിർകക്ഷികൾക്ക് നോട്ടീസ് നൽകണം* കക്ഷികളുടെ മൊഴിയെടുക്കണം* വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഹാജരാക്കാൻ നിർദേശിക്കണം* മൊഴിയും രേഖകളും പരിശോധിച്ച് വിവാഹമോചനത്തിന്റെ സാധുത തീരുമാനിക്കണം* മുബാറത്ത് മാർഗത്തിലുള്ള മോചനമാണെങ്കിൽ ധാരണാപത്രമുണ്ടെന്ന് ഉറപ്പാക്കണം* നേരിട്ട് ഹാജരാകാനാവില്ലെങ്കിൽ വീഡിയോ കോൺഫറൻസിങ്‌ അനുവദിക്കണം* ന്യായമായ കാരണമില്ലാതെ ഹാജരായില്ലെങ്കിൽ ഒരുമാസത്തിനകം ഹർജി തീർപ്പാക്കണം


from mathrubhumi.latestnews.rssfeed https://ift.tt/3HvUGhI
via IFTTT