കോഴിക്കോട് : പണി പൂർത്തിയാക്കാൻ ഒന്നും രണ്ടും വർഷം വൈകിക്കുന്ന കരാറുകാരെ സഹായിക്കുന്ന നിലപാടെടുക്കരുതെന്ന് പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കർക്കശനിർദേശം. ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനയോഗത്തിലാണ് വീഴ്ച കാണിക്കുന്നവരോട് മൃദുസമീപനം പാടില്ലെന്ന് മന്ത്രി പറഞ്ഞത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഡിസ്ട്രിക്ട് ഇൻഫ്രാസ്ട്രക്ചർ കോ-ഓർഡിനേഷൻ കമ്മിറ്റിയോഗത്തിൽ എം.എൽ.എ.മാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു നിർദേശം. പേരാമ്പ്ര -പൈതോത്ത് -ചക്കിട്ടപ്പാറ റോഡുപണി വൈകിച്ച കരാറുകാരനെ ഒഴിവാക്കി ഉടൻ പുതിയ കരാർനൽകി പണി തുടങ്ങിയത് മാതൃകയാക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഒരു കരാറുകാരനെ ഒഴിവാക്കിയാൽ ഉടൻ പകരം കരാറുകാരനെവെച്ച് പണി തുടരുമെന്ന വിശ്വാസം ജനങ്ങൾക്ക് വരണം. അത്തരം ഇടപെടലുകളാണ് വേണ്ടത്. പേരാമ്പ്രയിൽ ഒഴിവാക്കപ്പെട്ട കരാറുകാരന് ഹൈക്കോടതിയിൽനിന്ന് സ്റ്റേയ്ക്കുള്ള സമയംനേടാൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്ന് സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. റീടെൻഡർ ക്ഷണിച്ചപ്പോൾ കാലി സി.ഡി. അയച്ചതാണ് ഇത്തരം സംശയമുയർത്തുന്നത്. ചീഫ് എൻജിനിയർ പരിശോധിച്ച് കണ്ടെത്തിയതിനാലാണ് റീ ടെൻഡർ നടപടികൾ കൃത്യസമയത്ത് നടത്താനായത്. ഇതേമട്ടിൽ കുറ്റ്യാടിയിലും കരാറുകാരനെ ഒഴിവാക്കി പുതിയ കരാർ വേഗംനൽകി പണി തുടരണമെന്ന് മന്ത്രി നിർദേശിച്ചു. കുറ്റ്യാടി നഗരമധ്യത്തിലെ റോഡുപണി നിലച്ച കാര്യം കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ. ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ ഇടപെടൽ. കുന്ദമംഗലം മണ്ഡലത്തിലെ ഒരുപ്രവൃത്തി ഒരുവർഷമായിട്ടും പൂർത്തിയാകാത്തതിനെക്കുറിച്ച് പി.ടി.എ. റഹീം എം.എൽ.എ. പറഞ്ഞപ്പോൾ, 90 ശതമാനം പൂർത്തിയായതാണെന്നായിരുന്നു ഉദ്യോഗസ്ഥവിശദീകരണം. 90 ശതമാനം ജോലി പൂർത്തിയായത് പറഞ്ഞ സമയത്തുതന്നെയാണോ എന്നു മന്ത്രി ചോദിച്ചു. ഇനി 10 ശതമാനം പണി തീർക്കാൻ 10 വർഷം കാത്തിരിക്കാനാവില്ല. പണി പൂർത്തിയാക്കാൻ കഴിയാത്ത കരാറുകാരെ ഒഴിവാക്കുകയും പെട്ടെന്ന് റീടെൻഡർ ചെയ്ത് വേഗം പൂർത്തിയാക്കുകയും വേണം. തിരുവമ്പാടി മണ്ഡലത്തിൽ ദേശീയപാത ഉൾപ്പെടെയുള്ള പണികളുടെ മെല്ലെപ്പോക്ക് ലിന്റോ ജോസഫ് എം.എൽ.എ. ഉന്നയിച്ചു. എൻജിനിയർക്കുപകരം കൺസൽട്ടിങ് ഏജൻസിയുടെ ആളുകൾ പണിക്ക് മേൽനോട്ടംവഹിക്കുന്ന അവസ്ഥയുണ്ടെന്നും എം.എൽ.എ. ചൂണ്ടിക്കാട്ടി. എം.എൽ.എ.മാരെ യഥാസമയം വിവരമറിയിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രാമനാട്ടുകരമുതൽ വെങ്ങളംവരെയും വെങ്ങളംമുതൽ അഴിയൂർവരെയുമുള്ള നാഷണൽ ഹൈവേ അതോറിറ്റി പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പ്രോജക്ട് ഡയറക്ടറോട് നിർദേശിച്ചു. എം.എൽ.എ.മാരായ ടി.പി. രാമകൃഷ്ണൻ, ഇ.കെ. വിജയൻ, എം.കെ. മുനീർ, കാനത്തിൽ ജമീല, കെ.കെ. രമ, ലിന്റോ ജോസഫ്, പി.ടി.എ. റഹീം, കെ.പി. കുഞ്ഞമ്മദ് കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, ഡിസ്ട്രിക്ട് ഇൻഫ്രാസ്ട്രക്ചർ കോ-ഓർഡിനേഷൻ കമ്മിറ്റി സ്റ്റേറ്റ് ലെവൽ നോഡൽ ഓഫീസർ എസ്. സാംബശിവറാവു, ഡി.ഡി.സി. അനുപം മിശ്ര, ഡെപ്യൂട്ടി കളക്ടർമാരായ പി. അൻവർ സാദത്ത്, കെ. ഹിമ എന്നിവർ പങ്കെടുത്തു. സിറ്റിറോഡ് രണ്ടാംഘട്ടം: സ്ഥലമെടുപ്പ് നടപടി മാർച്ചിനകം കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട 10 റോഡുകളുടെ സ്ഥലമെടുപ്പ് നടപടികളും ഡി.പി.ആർ. തയ്യാറാക്കലും മാർച്ചിനകം പൂർത്തീകരിക്കുമെന്ന് കെ.സി.ആർ.ഐ.പി. കോ-ഓർഡിനേറ്ററും ഡിസൈൻ വിഭാഗവും എൽ.എ. ഡെപ്യൂട്ടി കളക്ടറും ഉറപ്പുനൽകി. വട്ടക്കിണർ -രാമനാട്ടുകര റോഡ്, മീഞ്ചന്ത ഫ്ളൈഓവർ, പന്നിയങ്കര -പന്തീരാങ്കാവ് റോഡ്, പേരാമ്പ്ര ബൈപ്പാസ് പ്രവൃത്തികൾ വേഗത്തിലാക്കാൻ മന്ത്രി നിർദേശിച്ചു. ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി മാർച്ചോടെ കോഴിക്കോട്-ബാലുശ്ശേരി റോഡുനിർമാണത്തിന്റെ ടെൻഡർ നടപടികൾ തുടങ്ങുമെന്ന് റോഡ് ഇൻഫ്രാസ്ട്രെക്ചർ കോ-ഓർഡിനേഷൻ കേരള ഉദ്യോഗസ്ഥർ അറിയിച്ചു. കെ.ആർ.എഫ്.ബി. പ്രവൃത്തിയായ പുതിയങ്ങാടി ഉള്ളിയേരി- കുറ്റ്യാടി- ചൊവ്വ റോഡിന്റെ ഭൂമിയേറ്റെടുക്കൽ നടപടി വേഗത്തിലാക്കാൻ ജനപ്രതിനിധികളുടെ യോഗംവിളിച്ച് അന്തിമതീരുമാനമെടുക്കാനും പുളിമുട്ട്-വട്ടക്കിണർ റോഡ്, ബേപ്പൂർ-ചെറുവണ്ണൂർ റോഡ്, ഫറോക്ക് ആർ.ഒ.ബി. എന്നിവയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാനും നിർദേശിച്ചു. മലയോരഹൈവേയുടെ തൊട്ടിൽപ്പാലം തലയാട് റീച്ചിലെ വനഭൂമി വിട്ടുകിട്ടുന്നതിനായി വനം, കെ.അർ.എഫ്.ബി. ഉദ്യോഗസ്ഥർ സംയുക്തതീരുമാനമെടുത്ത് പണി വേഗത്തിലാക്കാൻ യോഗം നിർദേശിച്ചു. ബന്ധപ്പെട്ട എം.എൽ.എ.മാരുടെ നേതൃത്വത്തിൽ ഈ മാസംതന്നെ യോഗം നടത്തും. Content Highlights: Strict order by minister P A Muhammed Riyas
from mathrubhumi.latestnews.rssfeed https://ift.tt/3r2mXa4
via IFTTT
Tuesday, November 23, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
വീഴ്ചകാട്ടുന്ന കരാറുകാരോട് മൃദുസമീപനം പാടില്ല; കർക്കശനിർദേശവുമായി മന്ത്രി മുഹമ്മദ് റിയാസ്
വീഴ്ചകാട്ടുന്ന കരാറുകാരോട് മൃദുസമീപനം പാടില്ല; കർക്കശനിർദേശവുമായി മന്ത്രി മുഹമ്മദ് റിയാസ്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed