Breaking

Wednesday, December 1, 2021

ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ്ടുക്കാരുടെ മർദനം

ചാവക്കാട് : ഗവ. ഹൈസ്കൂളിൽ ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർഥിക്ക് പ്ളസ്ടുക്കാരുടെ മർദനം. ഗുരുവായൂർ മാണിക്കത്തുപടി തൈക്കണ്ടിപറമ്പിൽ ഫിറോസിന്റെ മകൻ ഫയാസി (17)നാണ് മർദനമേറ്റത്. ചൊവ്വാഴ്ച പന്ത്രണ്ടരയോടെ ക്ലാസ് കഴിഞ്ഞ് ഫയാസ് മുതുവട്ടൂർ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു പ്ലസ്ടു വിദ്യാർഥികൾ മർദിച്ചത്. മുഖത്തും വാരിയെല്ലിനും സാരമായി പരിക്കേറ്റ ഫയാസിനെ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയാസ് ഷൂ ധരിച്ചെത്തിയതിനെച്ചൊല്ലി തിങ്കളാഴ്ച പ്ലസ്ടു വിദ്യാർഥികളുമായി തർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച മർദനമേറ്റതെന്ന് ഫയാസിന്റെ ബന്ധുക്കൾ പറഞ്ഞു. ഡിസ്കിന് തകരാർ സംഭവിച്ച് വർഷങ്ങളോളം ചികിത്സയിലായിരുന്നു ഫയാസ്. ഇപ്പോഴും ഇതിന്റെ ചികിത്സ തുടർന്നുവരികയാണ്. കുറ്റക്കാരായ വിദ്യാർഥികളുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പി.ടി.എ. പ്രസിഡന്റ് പി.വി. ബദറുദ്ദീനും, സംഭവം പോലീസിൽ അറിയിച്ചതായി പ്രിൻസിപ്പൽ ഇൻചാർജ് കെ.ആർ. ഉണ്ണികൃഷ്ണനും പറഞ്ഞു. സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് കേസെടുത്തു. സ്കൂൾ അധികൃതർ കൂടി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ റാഗിങ് പ്രകാരം കേസെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകൂവെന്ന് സി.ഐ. പ്രേമാനന്ദകൃഷ്ണൻ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3Iaj6hi
via IFTTT