Breaking

Sunday, November 21, 2021

ലഹരി, കള്ളപ്പണ ഇടപാടിൽ ബിനീഷിനെതിരേ തെളിവില്ല

ബെംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ബിനീഷ് കോടിയേരിക്കെതിരേ തെളിവ് ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് സാധിച്ചിട്ടില്ലെന്ന് കർണാടക ഹൈക്കോടതി. ബിനീഷ് ഇനിയും ജയിലിൽക്കഴിയുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലും ജീവിക്കാനുള്ള അവകാശത്തിലുമുള്ള കടന്നുകയറ്റമാകുമെന്ന് ജാമ്യം അനുവദിച്ചുള്ള വിധിയിൽ ഹൈക്കോടതി വ്യക്തമാക്കി. ഒക്ടോബർ 28-നാണ് ബിനീഷ് കോടിയേരിക്ക് ജസ്റ്റിസ് എം.ജി. ഉമയുടെ ഏകാംഗബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വിധിയുടെ പകർപ്പ് കഴിഞ്ഞദിവസമാണ് ഹൈക്കോടതി പുറത്തുവിട്ടത്. ബിനീഷ് കോടിയേരി ലഹരിമരുന്നുകേസിൽ പ്രതിയല്ലെന്ന് വിശ്വസിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ട്. സംശയംവെച്ച് ഒരാളെ കുറ്റവാളിയാക്കാൻ കഴിയില്ല. ലഹരിക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്താനായിട്ടില്ല. ലഹരിക്കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ ലഹരി ഇടപാടുകൾക്ക് ബിനീഷ് സാമ്പത്തികസഹായം ചെയ്തെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നുണ്ടെങ്കിലും ബിനീഷ് ഈ കേസിൽ പ്രതിയല്ലെന്ന കാര്യം ജാമ്യവിധിയിൽ കോടതി ചൂണ്ടിക്കാട്ടി. ജാമ്യത്തിലിറങ്ങി ബിനീഷ് കുറ്റകൃത്യത്തിലേർപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കോടതിക്ക് ബോധ്യമായില്ല. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2020 ഒക്ടോബർ 29-നാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തത്.


from mathrubhumi.latestnews.rssfeed https://ift.tt/3x9sVqp
via IFTTT