Breaking

Wednesday, December 1, 2021

ഓമലേ നീ വരിക, ഞങ്ങളുണ്ട്; പിറക്കാനിരിക്കുന്ന കുഞ്ഞിന് കാരുണ്യത്തിന്‍റെ കരംനീട്ടി ഒരുനാട്

കരുവാരക്കുണ്ട്: ഗർഭപാത്രത്തിന്റെ സുരക്ഷിതത്വത്തിൽ മിടിച്ചുകൊണ്ടിരിക്കുന്ന ആ കുരുന്നിനോട് ഒരു നാടു പറയുന്നു, ധൈര്യമായി ഭൂമിയിലേക്കു വരിക. ഇവിടെ കരുതലോടെ ഞങ്ങളുണ്ട്. ചികിത്സാസഹായങ്ങൾ പുതുമയല്ലാതായ ഇക്കാലത്ത്, പിറക്കാനിരിക്കുന്ന കുഞ്ഞിനുനേർക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുകയാണ് കരുവാരക്കുണ്ടുകാർ. ഏഴുലക്ഷം രൂപയാണ് ഗർഭസ്ഥശിശുവിനായി നീക്കിവെച്ചത്.ഭൂമിയിലേക്ക് അവനെത്തുന്നത് താളംതെറ്റിയ ഹൃദയവുമായാണെന്നറിഞ്ഞപ്പോൾ കൈകോർത്തതാണ് ഈ നാട്. മലപ്പുറത്തെ മലയോരഗ്രാമമായ കരുവാരക്കുണ്ടിലെ നീലാഞ്ചേരി ചേമ്പിലാംപറ്റ റഹീസുൽ ജുനൈദിന്റെ ഭാര്യ അമർഷോ ബിദ എട്ടുമാസം ഗർഭിണിയാണ്. ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ആറ്റുനോറ്റു കാത്തിരിക്കുമ്പോഴാണ് ചങ്കുതകർക്കുന്ന ആ വിവരം അവരറിയുന്നത്. ഗർഭസ്ഥശിശുവിന് ഹൃദയത്തിനു തകരാറുണ്ട്. ശുദ്ധരക്തവും അശുദ്ധരക്തവും സംക്രമിക്കുന്ന വാൽവുകൾ മാറിയാണ് പ്രവർത്തിക്കുന്നത്. പ്രസവശേഷം കുഞ്ഞിനു ഹൃദയവാൽവിൽ ശസ്ത്രകിയ നടത്തണം. എങ്കിലേ ജീവൻ രക്ഷിക്കാനാകൂ. കൂലിവേലചെയ്തു ജീവിക്കുന്ന കുടുംബത്തിനു ചിന്തിക്കാവുന്നതിനും അപ്പുറമാണ് ചികിത്സച്ചെലവ്. എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ജനകീയസമിതി സഹായത്തിനെത്തിയത്. ഇരുവൃക്കകളും തകരാറിലായ കുണ്ടിലാംപാടം പന്തപ്പാടൻ ഷഫീഖിനായി ചികിത്സാസഹായസമിതി 91 ലക്ഷം രൂപ സമാഹരിച്ചിരുന്നു. ഇതിൽ ബാക്കിവന്ന ഏഴുലക്ഷം രൂപ ഗിവിങ് ഗ്രൂപ്പ് കേരളയെന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ ജുനൈദിന്റെ കുടുംബത്തിനു കൈമാറി. പ്രസവശേഷം ഈ പണംകൊണ്ട് കുഞ്ഞിന്റെ ചികിത്സ പൂർത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം.


from mathrubhumi.latestnews.rssfeed https://ift.tt/3lnKEGi
via IFTTT