Breaking

Wednesday, December 1, 2021

ബി.ജെ.പി. പോസ്റ്ററിൽ പെരുമാൾ മുരുകൻ; വിവാദത്തിനൊടുവിൽ ഖേദപ്രകടനം

ന്യൂഡൽഹി: അടുത്തവർഷം നടക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡൽഹി ബി.ജെ.പി. ചേരികളിൽ സംഘടിപ്പിക്കുന്ന പ്രചാരണയാത്രയുടെ പോസ്റ്ററുകളിൽ എഴുത്തുകാരൻ പെരുമാൾ മുരുകന്റെ ചിത്രവും. സംഘപരിവാർ വേട്ടയ്ക്കിരയായി എഴുത്തു നിർത്തുന്നതായി പ്രഖ്യാപിച്ച പെരുമാൾ മുരുകനെ ബി.ജെ.പി. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിച്ചത് വാർത്തകളിലും സാമൂഹികമാധ്യമങ്ങളിലും നിറഞ്ഞതോടെ നേതൃത്വം മാപ്പുപറഞ്ഞു. അശ്രദ്ധമായി ഉപയോഗിച്ചതാണ് പെരുമാൾ മുരുകന്റെ ചിത്രമെന്ന് ഡൽഹി ബി.ജെ.പി. വക്താവ് പ്രവീൺ ശങ്കർ കപൂർ പ്രതികരിച്ചു. ചേരിനിവാസികൾക്കായി ജുഗ്ഗി സമ്മാൻ യാത്ര എന്ന പേരിലാണ് ബി.ജെ.പി.യുടെ പരിപാടി. ചേരിനിവാസികൾക്കൊപ്പം പെരുമാൾ മുരുകൻ നിൽക്കുന്നതായിരുന്നു പോസ്റ്ററുകളിലെ ചിത്രം. ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത ചേരിപ്രദേശങ്ങളിലൂടെയുള്ള യാത്രയുടെ പോസ്റ്ററിൽ എഴുത്തുകാരന്റെ ചിത്രം ഉൾപ്പെട്ട വാർത്തയും വിവരങ്ങളും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയ്ക്കും വിവാദങ്ങൾക്കും തിരികൊളുത്തി. ചേരിനിവാസികൾക്കൊപ്പം ചിത്രം ചേർത്തതിൽ സന്തോഷമുണ്ടെന്നായിരുന്നു പെരുമാൾ മുരുകന്റെ പ്രതികരണം.എല്ലാ പോസ്റ്ററുകളും നേതൃത്വത്തിന്റെ അനുമതിലഭിച്ചാൽ മാത്രമേ പ്രസിദ്ധീകരിക്കാറുള്ളൂ. തുടർന്നാണ്, ഖേദപ്രകടനവുമായി നേതാക്കളുടെ രംഗപ്രവേശം. പുറത്തുനിന്നുള്ള ഒരാൾ രൂപകല്പനചെയ്തതാണ് പോസ്റ്ററെന്നും അശ്രദ്ധമായി പെരുമാൾ മുരുകന്റെ ചിത്രം ഉപയോഗിച്ചതാണെന്നും ബി.ജെ.പി. വക്താവ് പ്രവീൺ ശങ്കർ വിശദീകരിച്ചു. പെരുമാൾ മുരുകനു വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പുചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഞാൻ ചേരിക്കാരനാണ്. ഏറെ സന്തോഷം- എന്നായിരുന്നു ഇംഗ്ലീഷിലും തമിഴിലുമെഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പെരുമാൾ മുരുകന്റെ പ്രതികരണം. അദ്ദേഹം രചിച്ച ‘മാതൊരുഭാഗൻ’ എന്ന തമിഴ് നോവലിനെതിരേയായിരുന്നു സംഘപരിവാർ ഭീഷണി. തുടർന്ന്, സാഹിത്യരചന അവസാനിപ്പിക്കുകയാണെന്ന് പെരുമാൾ മുരുകൻ 2014-ൽ പ്രഖ്യാപിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3lnvoct
via IFTTT