Breaking

Saturday, November 20, 2021

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ സമ്മര്‍ദ്ദം ഫലിച്ചു; മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു, പുനഃസംഘടന

ജയ്പൂർ: രാജസ്ഥാനിലെ അശോക് ഗെഹ്ലോത് മന്ത്രിസഭയിലെ മൂന്ന് മുതിർന്ന മന്ത്രിമാർ സ്ഥാനം രാജിവെച്ചു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായിട്ടാണ് മന്ത്രിമാർ രാജിവെച്ചത്. മന്ത്രിസ്ഥാനം രാജിവെക്കുന്നുവെന്നറിയിച്ച് നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. റവന്യൂ മന്ത്രി ഹരീഷ് ചൗധരി, മെഡിക്കൽ ആരോഗ്യ മന്ത്രി ഡോ.രഘു ശർമ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊസ്താര എന്നിവരാണ് സ്ഥാനമൊഴിഞ്ഞതെന്ന് രാജസ്ഥാന്റെ ചുമതലുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ അറിയിച്ചു. രാജിവെച്ച മൂന്ന് മന്ത്രിമാർക്കും പാർട്ടി ചുമതലകൾ ഇതിനോടകം നൽകിയിട്ടുണ്ട്. ദൊസ്താര നിലവിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ്. രഘു ശർമയ്ക്ക് ഗുജറാത്തിന്റെ ചുമതലയും ഹരീഷ് ചൗധരിക്ക് പഞ്ചാബിന്റെ ചുമതലയും കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയിട്ടുണ്ട്. സച്ചിൻ പൈലറ്റിന്റെ തുടർച്ചയായ സമ്മർദത്തിനൊടുവിലാണ് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഗെഹ്ലോത് തയ്യാറായത്. കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സച്ചിൻ സന്ദർശിച്ചിരുന്നു. ഗെഹ്ലോതിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം നിരസിച്ച ഹൈക്കമാൻഡ് സച്ചിൻ പൈലറ്റ് അനുഭാവികളെ ഉൾപ്പെടുത്തി മന്ത്രിസഭാ പുനഃസംഘടന നടത്താമെന്ന് സമ്മതിക്കുകയായിരുന്നു. 2023 തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ സംഘടനാപരമായി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നായിരുന്നു സോണിയയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സച്ചിൻ പറഞ്ഞത്. മന്ത്രിസഭാ പുനഃസംഘടനയിൽ ഒരു നേതാവിന് ഒരു പദവി എന്ന തത്വം പാലിക്കാനാണ് തീരുമാനം. ഗെഹ്ലോത് മന്ത്രിസഭയിൽ നിലവിൽ ഒമ്പത് ഒഴിവുകളാണ് ഉള്ളത്. സച്ചിൻ പൈലറ്റ് അനുഭാവികളായ നാലോ അഞ്ചോ പേർ പുനഃസംഘടനയിൽ മന്ത്രിമാരായേക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3x72DVK
via IFTTT