Breaking

Wednesday, November 17, 2021

ഒരു മണിക്കൂർ ഇന്റർനെറ്റ് റദ്ദാക്കിയാൽ നഷ്ടം 2.5 കോടി; ചട്ടം ദുരുപയോഗം ചെയ്യുന്നതായി പാർലമെന്ററിസമിതി

ന്യൂഡൽഹി: ഒരു സർക്കിളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കപ്പെട്ടാൽ മണിക്കൂറിൽ രണ്ടരക്കോടി രൂപയുടേതാണ് നഷ്ടമെന്ന് കേന്ദ്രസർക്കാരിനോട് പാർലമെന്ററി സമിതി. രാജ്യത്തെ ഇന്റർനെറ്റ് റദ്ദാക്കലും സേവന വിച്ഛേദനവും പരിശോധിച്ച് ഡോ. ശശി തരൂർ അധ്യക്ഷനായ ഐ.ടി. കാര്യ പാർലമെന്ററി സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ഉദ്ധരിച്ചാണ് ഈ വിലയിരുത്തൽ. ഇന്റർനെറ്ററിനെ ആശ്രയിച്ചിട്ടുള്ള വ്യാപാരനഷ്ടം 50 ശതമാനത്തോളം വരും. ഇന്റർനെറ്റ് സേവനം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് കഴിഞ്ഞവർഷം 280 കോടി ഡോളറിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് മാധ്യമറിപ്പോർട്ടുകളെന്നും പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ് സേവനം റദ്ദാക്കിയതുവഴി സമ്പദ് വ്യവസ്ഥയിലുണ്ടായ ആഘാതത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് പാർലമെന്ററി സമിതി ശുപാർശചെയ്തു. ഡിജിറ്റൽ യുഗത്തിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കുന്നത് കാലത്തിനു യോജിച്ച നടപടിയല്ലെന്നും സമിതി നിരീക്ഷിച്ചു. പൊതു അടിയന്തരസാഹചര്യം, പൊതുസുരക്ഷ എന്നിവ കണക്കിലെടുത്താണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുന്നത്. എന്നാൽ, ഈ അടിയന്തര സാഹചര്യവും പൊതുസുരക്ഷയും എന്താണെന്ന് കൃത്യമായി നിർവചിച്ചിട്ടില്ല. ഇന്റർനെറ്റ് റദ്ദാക്കാൻ സംസ്ഥാനങ്ങൾ സ്വന്തംനിലയിലുള്ള ന്യായീകരണങ്ങൾ ഉപയോഗിക്കുന്നു. ഇന്റർനെറ്റ് റദ്ദാക്കൽ ചട്ടം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. അതുവഴി വലിയ സാമ്പത്തികനഷ്ടവും പൊതുജനങ്ങൾക്ക് വൻതോതിലുള്ള ദുരിതവും സഹിക്കേണ്ടി വരുന്നതായും പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടി. 2018 ഓഗസ്റ്റ് മുതൽ 2020 ഓഗസ്റ്റ് വരെ ബിഹാറിൽ ആറു തവണ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടു. 2017 മുതൽ ജമ്മു-കശ്മീരിൽ 93 ഉത്തരവുകളുണ്ടായി. 2012 ജനവരി മുതൽ മാർച്ച് 2021 വരെ രാജ്യത്ത് 518 തവണ ഔദ്യോഗികമായി ഇന്റർനെറ്റ് റദ്ദാക്കിയിട്ടുണ്ടെന്നാണ് മാധ്യമറിപ്പോർട്ടുകൾ. എല്ലാ സംസ്ഥാനങ്ങളിലും സമയബന്ധിതമായി നിരീക്ഷണസമിതികൾ രൂപവത്കരിക്കണമെന്നും പാർലമെന്ററി സമിതി ആവശ്യപ്പെട്ടു. Content Highlights:one hour of internet ban can cost more than two crores


from mathrubhumi.latestnews.rssfeed https://ift.tt/30tTF99
via IFTTT