Breaking

Thursday, September 9, 2021

ബാൻഡല്ലാതെ, മറ്റെന്ത് ജീവിതം

കുന്നംകുളം : ‘സീസണിൽ 100-130 പരിപാടികൾ. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കലാകാരന്മാരുമായുള്ള ഓട്ടം. ബാൻഡ് മേളത്തെ തൊഴിലായെടുത്തവർക്ക് മറ്റുപണികളെ കുറിച്ചാലോചിക്കേണ്ടതില്ലല്ലോ. ചെറിയ സംഘങ്ങൾക്കുപോലും വർഷത്തിൽ 50 പരിപാടികളിൽ കുറയാതെ ലഭിക്കും. ഇപ്പോൾ പരിപാടിക്ക് വിളികളെത്തുന്നുണ്ടെങ്കിലും അനുമതി ലഭിക്കാതെ മാറ്റിവെയ്ക്കും. കൂടെയുള്ള കലാകാരന്മാർക്ക് ഒരുറപ്പും നൽകാനാകുന്നില്ല.’ - മുണ്ടത്തിക്കോട്ടെ രാഗദീപം ടീമിന് നേതൃത്വം നൽകുന്ന വത്സന്റെ വാക്കുകളിൽ ഒരു പ്രധാന സീസൺ കൂടി മുന്നിലൂടെ കടന്നുപോകുന്നതിന്റെ നിസ്സഹായതയുണ്ട്. ബാൻഡിന്റെ താളവും മേളവുമില്ലാതെയാണ് ആർത്താറ്റ് പള്ളി പെരുന്നാളിന് കൊടിയിറങ്ങിയത്. മുണ്ടത്തിക്കോട് രാഗദീപത്തിലെ വത്സന്റെയും ചാലക്കുടി കൈരളിയിലെ ഉണ്ണിയുടെയും മറ്റു ചെറിയ സംഘങ്ങളുടെയും മിന്നുന്ന പ്രകടനം നടക്കേണ്ട വീഥികൾ ശൂന്യമായിരുന്നു. ആർത്താറ്റ് പള്ളി പെരുന്നാളോടെയാണ് കുന്നംകുളം മേഖലയിലെ പ്രധാന പെരുന്നാളുകൾക്ക് തുടക്കം കുറിക്കുന്നത്. കാശുമായി മികച്ച സംഘങ്ങൾക്ക് മുൻകൂർ പണം നൽകി കരാർ ഉറപ്പിക്കാനെത്തുന്നതും ഇവിടെയാണ്. ബാൻഡ് സെറ്റുകളുടെ പ്രകടനം വിലയിരുത്തി വിലയുറപ്പിക്കുന്ന ആദ്യത്തെ വേദിയും ഇതായിരുന്നു. ജില്ലയിലെ സംഘങ്ങൾക്ക് പുറമേ മലപ്പുറം, കോട്ടയം, എറണാകുളം ഭാഗങ്ങളിൽ നിന്നുള്ളവരും കുന്നംകുളം മേഖലയിലെ പള്ളി പെരുന്നാളുകളിൽ മത്സരബുദ്ധിയോടെയെത്തും. പഴഞ്ഞി, അടുപ്പുട്ടി, മരത്തംകോട് പള്ളികളിലെ പെരുന്നാളുകളാണ് പ്രധാനമായുള്ളത്. നാലോ അഞ്ചോ സെറ്റ് ബാൻഡെങ്കിലുമില്ലാതെ കുരിശുപള്ളികളിലെ ഓർമപ്പെരുന്നാളുകൾ പോലുമുണ്ടാകില്ല. പെരുന്നാളുകളും ആഘോഷങ്ങളും ചടങ്ങുകളായി മാറിയതോടെ ഈ രംഗത്തെ കലാകാരന്മാർ ഓട്ടോറിക്ഷ ഡ്രൈവർമാരായും കെട്ടിട നിർമാണ തൊഴിലാളികളായും വേഷം കെട്ടുകയാണ്. ജനുവരിയിലെങ്കിലും മേഖലയിലേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷകളാണ് അവശേഷിക്കുന്നത്. നോട്ടം അയൽസംസ്ഥാനങ്ങളിലേക്ക് തമിഴ്‌നാട്, കർണാടക എന്നീ അയൽസംസ്ഥാനങ്ങളിൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരങ്ങളുണ്ട്. വിനായക ചതുർഥി, ദസറ തുടങ്ങിയ ആഘോഷങ്ങളും വിവാഹങ്ങളും അവിടെ വലിയ നിയന്ത്രണങ്ങളില്ലാതെ നടക്കുന്നുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ പരിപാടികളുണ്ടെങ്കിലും ജീവിക്കാനാകും. തിരിച്ചെത്തിയാൽ നിരീക്ഷണത്തിലിരിക്കേണ്ടി വരുമെന്നതാണ് ഇപ്പോഴത്തെ തടസ്സം. ടീമിലുള്ളവർക്ക് രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചാൽ ടീമിനെ മൊത്തത്തിൽ പറിച്ചുനടാനുള്ള ആലോചനയിലാണ് മുണ്ടത്തിക്കോട്ടെ രാഗദീപം. ബാൻഡുസംഘങ്ങളിൽ ഭൂരിഭാഗവും ഉപകരണങ്ങൾ സൂക്ഷിക്കാനുണ്ടായിരുന്ന മുറികൾ വാടക നൽകാൻ കഴിവില്ലാതെ ഒഴിവാക്കി. മികച്ച കലാകാരന്മാരെ തിരഞ്ഞെടുത്ത് പരിപാടി അവതരിപ്പിക്കുന്നവരാണ് പ്രമുഖ സംഘങ്ങൾ. നാട്ടിൽ നിന്നാൽ ജീവിക്കാൻ വേറെ മാർഗമില്ലാത്തതാണ് ഇവരെ മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3lbmsGd
via IFTTT