Breaking

Tuesday, September 21, 2021

വിയ്യൂരിലെ ഫോണ്‍വിളികള്‍ സ്ഥിരീകരിച്ച് ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺവിളികൾ സ്ഥിരീകരിച്ച് ഉത്തരമേഖലാ ജയിൽ ഡി.ഐ.ജിയുടെ റിപ്പോർട്ട്. ഫോൺവിളിയിൽ ഉന്നതതല പോലീസ് അന്വേഷണം വേണം. വിയ്യൂരിൽ സമഗ്ര അഴിച്ചുപണി വേണം. കൊടിസുനിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ ഉണ്ടെന്ന ആരോപണത്തിലും അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന കൊലക്കേസ് പ്രതികളായ കൊടിസുനിയും റഷീദും ആയിരത്തിൽ അധികം ഫോൺവിളികൾ നടത്തിയിട്ടുണ്ടെന്നാണ് ഉത്തരമേഖലാ ഡി.ഐ.ജിയുടെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് ഡി.ഐ.ജി. എം.കെ. വിനോദ് കുമാർ ജയിൽ ഡി.ജി.പിക്ക് കൈമാറി. ജയിലിലെ ഫോൺവിളികളിൽ ഉന്നതതല പോലീസ് അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. ഫോൺ വിളി അന്വേഷിക്കാൻ ജയിൽ വകുപ്പിന് നിലവിൽ സാങ്കേതിക സംവിധാനങ്ങളില്ലെന്നും പരിമിതികൾ ഉണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. തന്നെ കൊലപ്പെടുത്താൻ റഷീദ് ക്വട്ടേഷൻ ഏറ്റെടുത്തു എന്ന കൊടിസുനിയുടെ മൊഴിയിൽ കഴമ്പില്ലെന്നാണ് ഡി.ഐ.ജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കൊടിസുനിയും റഷീദും ഉൾപ്പെടെയുള്ള സംഘങ്ങൾ തമ്മിൽ സൗഹൃദമുണ്ടെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ആ സാഹചര്യത്തിലാണ് ആരോപണത്തിൽ സംശയം പ്രകടിപ്പിക്കുന്നത്. എന്നാലും കൊടിസുനിയുടെ ഈ മൊഴിയിൽ പോലീസ് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പം വിയ്യൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥതലത്തിൽ സമഗ്ര ശുദ്ധീകരണം വേണമെന്നും റിപ്പോർട്ടിലുണ്ട്. തടവുകാരുടെ വഴിവിട്ട നീക്കങ്ങൾക്ക് ചില ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം വിയ്യൂർ ജയിലിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പൂജപ്പുര സെൻട്രൽ ജയിലിലും മിന്നൽ പരിശോധന നടത്തി. പൂജപ്പുരയിൽനിന്ന് അനുവദനീയമല്ലാത്ത ഒന്നും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം 160 ഓളം ഉദ്യോഗസ്ഥർ ഒരേസമയം ജയിലിൽ കടന്നായിരുന്നു പരിശോധന. ലൈറ്ററുകളും ബീഡിയും മാത്രമാണ് കണ്ടെത്താനായത്. ദക്ഷിണ മേഖലയിലെ ജയിലുകളിൽ വലിയ പ്രശ്നമില്ലെന്നാണ് കണ്ടെത്തൽ. content highlights:jail dgp report confirms phone usage in viyyur central jail


from mathrubhumi.latestnews.rssfeed https://ift.tt/3kmoi7Q
via IFTTT