Breaking

Wednesday, September 8, 2021

കടല്‍കൊള്ളക്കാർ കപ്പല്‍ ആക്രമിച്ച് ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി; മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വെടിയേറ്റ കപ്പൽജീവനക്കാരൻ കണ്ണൂർ: ഇന്ത്യക്കാർ ജോലിചെയ്യുന്ന 'ടാംപൻ' കപ്പലിനെ ആഫ്രിക്കൻരാജ്യമായ ഗബോണിലെ തുറമുഖത്തിനുസമീപം കടൽക്കൊള്ളക്കാർ ആക്രമിച്ചു. സെപ്റ്റംബർ അഞ്ചിന് അർധരാത്രിയോടെയാണ് അഞ്ചംഗ കൊള്ളസംഘം കപ്പലിലെത്തി വെടിയുതിർത്തത്. മൂന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും എതിർത്തപ്പോൾ രണ്ടുപേർക്കുനേരേ വെടിവെച്ചു. ഒരാളെ തട്ടിക്കൊണ്ടുപോയി. ജീവനക്കാരിലൊരാളായ കണ്ണൂർ സിറ്റി സ്വദേശി ദീപക് ഉദയരാജ് കാബിനിലായതിനാൽ രക്ഷപ്പെട്ടു. മറ്റൊരു മലയാളിയും മുറിയിലായിരുന്നു. കപ്പലിന്റെ ചീഫ് ഓഫീസർ വികാസ് നൗറിയാൽ (48), കുക്ക് സുനിൽ ഘോഷ് (26) എന്നിവർക്കാണ് വെടിയേറ്റത്. സെക്കൻഡ് എൻജീനിയർ പങ്കജ് കുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്. പഞ്ചാബ് സ്വദേശിയായ ഇയാളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വെടിയേറ്റവർക്ക് പിറ്റേന്ന് രാവിലെയാണ് വൈദ്യസഹായം ലഭിച്ചത്. 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാവരും ഇന്ത്യക്കാരാണ്. ബോബൻ ഷിപ്പിങ് എന്ന ഫ്രഞ്ച് കമ്പനിയുടെതാണ് കപ്പൽ. അവർ ഇപ്പോൾ കമ്പനി നടത്തുന്നില്ല. കപ്പൽ ഗബോണിലെ തുറമുഖത്തിനുസമീപം നങ്കൂരമിട്ടിരിക്കുകയായിരുന്നു. അർധരാത്രി എല്ലാവരും ഉറങ്ങുമ്പോഴാണ് തോക്കുമായി കൊള്ളക്കാർ എത്തിയത്. ഹൈസ്പീഡ് ഫൈബർ ബോട്ടിൽ എത്തിയ കൊള്ളക്കാർ കപ്പലിൽ കയറി വെടിയുതിർത്തു. ശബ്ദവും അലർച്ചയും കേട്ട് പുറത്തുവന്ന ജീവനക്കാരിൽ മൂന്നുപേരെ ബലംപ്രയോഗിച്ച് ബോട്ടിൽ കയറ്റിക്കൊണ്ടുപോകാനായിരുന്നു ശ്രമം. എതിർത്തപ്പോഴാണ് വെടിവെച്ചത്. ദീപക് ഉദയരാജ് കപ്പൽജോലിക്കാരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയാണ് കൊള്ളക്കാരുടെ ലക്ഷ്യം. സമാനമായ ആക്രമണം മുൻപും ഈ മേഖലയിൽ നടന്നിട്ടുണ്ട്. ആശയവിനിമയത്തിനുള്ള സംവിധാനം കപ്പലിൽ കുറവാണെങ്കിലും ഇടയ്ക്ക് വാട്സാപ്പ് വഴി സംസാരിക്കാൻ കഴിയുന്നുണ്ടെന്ന് ദീപക്കിന്റെ പിതാവ് ഉദയരാജ് പറഞ്ഞു. മറ്റ് ജീവനക്കാർ ഇപ്പോൾ സുരക്ഷിതരാണ്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ കപ്പലിൽ നിയോഗിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3BPYaYL
via IFTTT