പാരിസ്: 2022 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ ഫ്രാൻസ്, പോർച്ചുഗൽ, നെതർലൻഡ്സ്, ക്രൊയേഷ്യ ടീമുകൾക്ക് വിജയം. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫിൻലൻഡിനെ കീഴടക്കി. ഇരട്ട ഗോളുകൾ നേടിയ സൂപ്പർ താരം ആന്റോയിൻ ഗ്രീസ്മാന്റെ മികവിലാണ് ഫ്രാൻസ് വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് ഡി യിൽ ടീം ഒന്നാം സ്ഥാനം നിലനിർത്തി. ആറു മത്സരങ്ങളിൽ നിന്നും 12 പോയന്റാണ് ഫ്രാൻസിനുള്ളത്. പോർച്ചുഗൽ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് അസർബൈജാനെ കീഴടക്കി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ ബെർണാഡോ സിൽവ, ആന്ദ്രെ സിൽവ, ഡിയാഗോ ജോട്ട എന്നിവർ പറങ്കികൾക്കായി സ്കോർ ചെയ്തു. ഈ വിജയത്തോടെ ഗ്രൂപ്പ് എ യിൽ പോർച്ചുഗൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. സൂപ്പർ താരം മെംഫിസ് ഡീപേയുടെ ഹാട്രിക്ക് മികവിൽ നെതർലൻഡ്സ് ഒന്നിനെതിരേ ആറുഗോളുകൾക്ക് തുർക്കിയെ തകർത്തു. 16, 38, 64 മിനിട്ടുകളിലാണ് ഡീപേ നെതർലൻഡ്സിനായി ലക്ഷ്യം കണ്ടത്. ഡാവി ക്ലാസ്സെൻ, ഗൂസ് ടിൽ, ഡോൺയെൽ മാലെൻ എന്നിവരും ഗോൾ നേടി. സെൻഗിസ് അണ്ടർ തുർക്കിയുടെ ആശ്വാസ ഗോൾ നേടി. ഈ വിജയത്തോടെ ഗ്രൂപ്പ് ജി യിൽ നെതർലൻഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. നോർവേയാണ് രണ്ടാം സ്ഥാനത്ത്. ബൊറൂസ്സിയ ഡോർട്മുണ്ടിന്റെ ഗോളടിയന്ത്രം എർലിങ് ഹാളണ്ട് ഹാട്രിക്ക് നേടിയ മത്സരത്തിൽ ഒന്നിനെതിരേ അഞ്ചു ഗോളുകൾക്ക് നോർവേ ജിബ്രാൾട്ടറിനെ കീഴടക്കി. ക്രൊയേഷ്യ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സ്ലൊവേനിയയെ തോൽപ്പിച്ചു. മാർക്കോ ലിവാജ, മരിയോ പസാലിച്ച്, നിക്കോള വ്ലാസിച്ച് എന്നിവർ ടീമിന് വേണ്ടി സ്കോർ ചെയ്തു. ഈ വിജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ന് കരുത്തരായ ഇംഗ്ലണ്ട്, ബെൽജിയം, ജർമനി, ഇറ്റലി, സ്പെയിൻ, വെയൽസ് തുടങ്ങിയ ടീമുകൾക്ക് മത്സരമുണ്ട്. Content Highlights: 2022 football world cup European qualifiers
from mathrubhumi.latestnews.rssfeed https://ift.tt/38M6n3Z
via
IFTTT