Breaking

Friday, September 10, 2021

’എട്ടുദിവസംകൊണ്ട് എന്തുപീഡനം നടക്കാനാണ്’,​ഗാർഹിക പീഡന പരാതിയുമായി എത്തിയ യുവതിയോട് പോലീസ്

ബാലുശ്ശേരി:''നിങ്ങൾ പറയുന്നതൊന്നും വിശ്വസനീയമല്ല. പരാതിയിൽ പറയുന്ന കാര്യങ്ങൾവെച്ച് കേസെടുക്കാൻ പറ്റില്ല. എട്ടുദിവസംകൊണ്ട് എന്തുപീഡനം നടക്കാനാണ്''- ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ വിവാഹംകഴിഞ്ഞ് എട്ടുനാൾക്കകം ഗുരുതര ഗാർഹിക പീഡനപരാതിയുമായി എത്തിയ 19-കാരിയോട് സി.ഐ.യും എസ്.ഐ.യും പറഞ്ഞ മറുപടിയാണിത്. പ്രതിയുടെ മുന്നിൽവെച്ച് തന്റെ പിതാവിനെ പരസ്യമായി അപമാനിച്ച സി.ഐ. ഒത്തുതീർപ്പിന് ശ്രമിക്കുന്നതായും പെരുമ്പള്ളി സ്വദേശിയായ യുവതി പറയുന്നു. രണ്ടുമാസം പിന്നിട്ടിട്ടും കേസെടുക്കാത്തതിനെത്തുടർന്ന് മുഖ്യമന്ത്രി, ഡി.ജി.പി. തുടങ്ങിയവർക്ക് താമരശ്ശേരി ഡിവൈ.എസ്.പി. മുഖാന്തരം പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് യുവതി. പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വിവാഹപൂർവ ബലാത്സംഗം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകളിൽ കേസെടുക്കേണ്ട പരാതിയിലാണ് പോലീസ് പ്രതിക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നത്. നഗ്നവീഡിയോ ഉൾപ്പെടെ ഉപയോഗിച്ച് പ്രതി ഭീഷണി തുടരുന്നതായും നീതി നടപ്പാക്കേണ്ട പോലീസിൽനിന്നുണ്ടായ പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചതായും മുഖ്യമന്ത്രിക്കും മറ്റും നൽകിയ പരാതിയിൽ യുവതി പറയുന്നു. ഈ സ്റ്റേഷനിൽ ഇത്തരം പരാതിയുമായി എത്തിയ മറ്റു സ്ത്രീകളുടെയും അനുഭവം വ്യത്യസ്തമല്ല. സ്ത്രീപീഡന പരാതികളിൽ ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ ഒത്തുകളി നടക്കുന്നുവെന്ന ഗൗരവമേറിയ ആരോപണമാണ് പരാതിക്കാരികൾ ഉയർത്തുന്നത്. പരാതികളിൽ കേസെടുക്കാനോ എടുത്ത കേസുകളിൽ നീതി നേടിത്തരാനോ പോലീസ് തയ്യാറാകുന്നില്ലെന്ന് ഇവർ പറയുന്നു. നീതിതേടി തങ്ങളെവിടെപ്പോകണമെന്നും ഇവർ ചോദിക്കുന്നു. ഭർത്താവിൽനിന്ന് കടുത്ത ശാരീരിക, മാനസിക പീഡനങ്ങൾ നേരിടുന്ന ബാലുശ്ശേരി സ്വദേശിയായ 35-കാരി കഴിഞ്ഞവർഷം ജൂലായിൽ നൽകിയ പരാതി കാണാനില്ലെന്നായിരുന്നു കേസെടുക്കാത്തതിനെപ്പറ്റി അന്വേഷിച്ചപ്പോൾ പോലീസ് നൽകിയ മറുപടി. സ്റ്റേഷനിൽനിന്ന് ആവശ്യപ്പെട്ടതുപ്രകാരം രണ്ടാമത് പരാതി നൽകിയെങ്കിലും ഇതിൻമേലും നടപടിയുണ്ടായില്ല. ഭർത്താവും ബന്ധുക്കളും ഇക്കഴിഞ്ഞ ജൂലായിൽ യുവതിയും 12 വയസ്സുള്ള മകനും താമസിക്കുന്ന വീട്ടിലെത്തി ശാരീരികമായി ആക്രമിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ വൂണ്ട് സർട്ടിഫിക്കറ്റ് ഉൾപ്പെടെവെച്ച് പരാതി നൽകിയെങ്കിലും മൊഴി രേഖപ്പെടുത്തുന്നതിനപ്പുറം ഒന്നുമുണ്ടായില്ലെന്നാണ് യുവതി പറയുന്നത്. കോഴിക്കോട് ജില്ലാകോടതി മുൻകൂർജാമ്യം നിഷേധിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്യാതെ വിദേശത്തേക്കു കടക്കാൻ പോലീസ് സഹായിച്ചുവെന്നാണ് പാലോളി സ്വദേശിയായ യുവതിയുടെ പരാതി. പ്രതിയിൽനിന്ന് കടുത്ത ശാരീരിക ആക്രമണങ്ങൾ നേരിട്ട യുവതി പിറ്റേദിവസം പരിക്കുകളോടെ സ്റ്റേഷനിലെത്തിയപ്പോൾ ഒരു പകൽ മുഴുവൻ കാത്തുനിർത്തിയശേഷമാണ് മൊഴി രേഖപ്പെടുത്തിയത്. ഇയാളുടെ മുൻകൂർ ജാമ്യഹർജി കോടതി തള്ളിയെങ്കിലും പോലീസ് തുടർനടപടി സ്വീകരിക്കാൻ തയ്യാറായില്ല. പ്രതി എവിടെയുണ്ടെന്ന് അറിയിക്കാനായി പോലീസിനെ പലതവണ വിളിച്ചെങ്കിലും പരിഹാസത്തോടെയുള്ള മറുപടിയാണ് സ്റ്റേഷനിൽനിന്നുണ്ടായത്. നാലുവയസ്സുകാരിയുടെ അമ്മ കൂടിയായ യുവതിക്ക് തലാഖ് അയച്ച പ്രതിയിപ്പോൾ വിദേശത്തേക്ക് കടന്നിരിക്കുകയാണ്. ജീവിച്ചിരിക്കുന്ന വിസ്മയയാണ് താനെന്ന് കരഞ്ഞുകൊണ്ട് യുവതി പറയുന്നു. ആരോപണം ശരിയല്ല ഇത്തരം പരാതികൾ കിട്ടിയ ഉടനെ എഫ്.ഐ.ആർ. വേണ്ടെന്നും അതിനുമുമ്പ് പ്രാഥമികാന്വേഷണം നടത്തണമെന്നുമാണ് സുപ്രീംകോടതി നിർദേശം. ബാലുശ്ശേരി സ്റ്റേഷനെപ്പറ്റിയുള്ള ആരോപണം ശരിയല്ല. ഞാൻ ചുമതലയേറ്റിട്ട് രണ്ടുമാസം ആവുന്നേയുള്ളു. സ്ത്രീകൾ നൽകിയ 20 പരാതികളിൽ ഇതിനകം കേസെടുത്തിട്ടുണ്ട്. - സുരേഷ് കുമാർ എം.കെ. ബാലുശ്ശേരി സി.ഐ.


from mathrubhumi.latestnews.rssfeed https://ift.tt/38XjAqt
via IFTTT