Breaking

Tuesday, August 24, 2021

'വെടിയൊച്ചകളാണെങ്ങും; ലോകസമൂഹം അഫ്ഗാനെ രക്ഷിക്കണം'

ന്യൂഡൽഹി: ദിവസവും വെടിയൊച്ചകൾ മുഴങ്ങുന്ന അഫ്ഗാനിസ്താനെ അന്താരാഷ്ട്രസമൂഹം കൈകോർത്ത് രക്ഷിക്കണമെന്ന് ഇന്ത്യൻ ദൗത്യത്തിൽ രക്ഷപ്പെട്ടെത്തിയ പാർലമെന്റംഗം ഡോ. അനാർക്കലി കൗർ ഹോനരിയാർ അഭ്യർഥിച്ചു. താലിബാൻ പറയുന്നതല്ല ഇസ്‌ലാമിലെ ശരിയത്തെന്നും അവർ ‘മാതൃഭൂമി’യോടു പറഞ്ഞു.അഫ്ഗാനിസ്താനിൽ പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിം ഇതര വനിതയാണ് അനാർക്കലി. പഞ്ചാബി സിഖ് അഫ്ഗാൻ രാഷ്ട്രീയക്കാരിയായ അവർ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഡൽഹിയിൽ വിമാനമിറങ്ങിയത്. അഫ്ഗാനിൽ നടമാടുന്ന ഭീകരാവസ്ഥയെക്കുറിച്ച് ചൂണ്ടിക്കാട്ടി മാധ്യമങ്ങളിലൂടെ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം അഭ്യർഥിക്കുകയാണവർ.കാബൂളിലെ കൊടുംചൂടിൽ കഴിഞ്ഞദിവസം അർധരാത്രി മുതൽ രാവിലെ പത്തുമണിവരെ കാത്തിരുന്ന ശേഷമാണ് ഞങ്ങൾക്കു വിമാനം കയറാനായത്. കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം ഇപ്പോഴും താലിബാൻറെ കൈയിലല്ല. എന്നാൽ, വിമാനത്താവളത്തിന്റെ ചുറ്റുപാടുനിന്ന് നിരന്തരം വെടിയൊച്ചകൾ കേൾക്കുന്നു. അവിടെ ദിവസവും മൂന്നോ നാലോ പേരെങ്കിലും കൊല്ലപ്പെടുന്നുണ്ട്. അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഒട്ടേറെപ്പേർക്ക് യാത്രാരേഖകളില്ല. അതുകൊണ്ടുതന്നെ, അവർ തിരിച്ചുപോരാനും ബുദ്ധിമുട്ടുന്നു.ജനങ്ങളുടെ ജീവനൊന്നാകെ അപകടത്തിലാണ് അഫ്ഗാനിൽ. ഉള്ളതെല്ലാം ഉപേക്ഷിച്ച് അവർ ഓടിപ്പോവേണ്ടിവരുന്നു. ഒരു ജോലിയും വരുമാനവുമില്ലാത്ത പാവപ്പെട്ടവരുടെ വീടുകളിൽ കയറി താലിബാൻകാർ ഭക്ഷണവും മറ്റും നൽകണമെന്നു നിർബന്ധിക്കുന്നു. അവിടെ വ്യാപകമായി കൊള്ള നടക്കുന്നു. അതു തങ്ങളല്ലെന്നാണ് താലിബാന്റെ അവകാശവാദം. എന്നാൽ, അവിടെ നടക്കുന്ന അതിക്രമങ്ങളിൽ എന്താണ് താലിബാന് ലോകത്തോടുപറയാനുള്ള ഉത്തരം?ഞാനും ശരിയത്തിനെക്കുറിച്ചു പഠിച്ചിട്ടുണ്ട്. താലിബാൻ വ്യാഖ്യാനിക്കുന്നതു പോലുള്ളതല്ല ഇസ്‌ലാമിലെ ശരിയത്ത്. ഇരുപതുവർഷംമുമ്പ് ഭരണം പിടിച്ചപ്പോൾ അഫ്ഗാനിസ്താനിലെ സിഖുകാർക്കും ഹിന്ദുക്കൾക്കും ഒരവകാശവുമില്ലെന്നായിരുന്നു താലിബാന്റെ ചിന്ത. ഇത്തവണ ആദ്യമായി മാധ്യമങ്ങളോടു സംസാരിച്ചപ്പോഴും ഇവരെക്കുറിച്ചൊന്നും മിണ്ടിയില്ല. അവർക്ക്‌ ഭാവിയിൽ എന്തെങ്കിലും അവകാശങ്ങളുണ്ടാവുമോയെന്നും അറിയില്ലെന്നും അനാർക്കലി ആശങ്ക പ്രകടിപ്പിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/385OPzp
via IFTTT