അഹമ്മദാബാദ്: തീവണ്ടികൾ ചൂളംവിളിച്ചെത്തുന്ന റെയിൽവേ സ്റ്റേഷനുമുകളിൽ അതിന്റെ ഒച്ചയോ കുലുക്കമോ ഒന്നും ഏശാതെ ഒരു ബഹുനില പഞ്ചനക്ഷത്ര ഹോട്ടൽ. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലെ ഈ ആധുനിക നിർമിതി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 790 കോടിയോളം രൂപ ചെലവിട്ട് നിർമിച്ച ഇത് തീവണ്ടി നിലയത്തിന് മുകളിലുള്ള ഇന്ത്യയിലെ ഏക ഹോട്ടലാണ്. സ്റ്റേഷനിലെ മൂന്ന് പ്ളാറ്റ് ഫോമുകളിൽനിന്ന് 22 മീറ്റർ ഉയരത്തിലാണ് ഹോട്ടലിന്റെ ആദ്യനില. നാല് ബ്ളോക്കുകളിലായി 318 മുറികളുള്ള ഹോട്ടലിന്റെ നടത്തിപ്പ് ലീലാ ഗ്രൂപ്പിനാണ്. രാഷ്ട്രത്തലവൻമാർക്കുള്ള നാല് പ്രസിഡൻഷ്യൽ സ്യൂട്ടുകൾ ഹോട്ടലിലുണ്ട്. ഒമ്പതുമുതൽ പതിമ്മൂന്ന് നിലകൾവരെയുള്ള ബ്ളോക്കുകളുണ്ട്. 7400 ചതുരശ്രമീറ്ററാണ് വിസ്തീർണം. 32 കോടി രൂപ ചെലവിൽ പണിത അടിപ്പാതയിലൂടെ നേരിട്ട് സ്റ്റേഷനിൽനിന്ന് ഹോട്ടലിലെത്താം. ലിഫ്റ്റ് സൗകര്യങ്ങളുമുണ്ട്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുംമറ്റും നടക്കാറുള്ള മഹാത്മാമന്ദിറിലേക്ക് അനുബന്ധ പാതയുമുണ്ട്. സമ്മേളനങ്ങൾക്ക് വരുന്നവർക്കുസമീപം ആധുനിക താമസസൗകര്യമൊരുക്കുകയാണ് 2017-ൽ നിർമാണം തുടങ്ങിയ ഹോട്ടലിന്റെ ഉദ്ദേശ്യം. 243 കോടി രൂപ ചെലവുപ്രതീക്ഷിച്ചാണ് പണി തുടങ്ങിയതെങ്കിലും രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തിയതിനാൽ രണ്ടര ഇരട്ടിയായി വർധിച്ചു. സ്റ്റേഷനിൽനിന്നുള്ള കമ്പനങ്ങളൊന്നും ഹോട്ടലിൽ അനുഭവപ്പെടാത്ത വിധമാണ് നിർമിതി. ഗുജറാത്ത് സർക്കാരിന്റെയും ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡെവലപ്മെന്റ് കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ ഗരുഡ് ആണ് സ്റ്റേഷൻ നവീകരണവും ഹോട്ടൽ നിർമാണവും നടത്തിയത്. ഗുജറാത്ത് സർക്കാരിന് 74 ശതമാനം പങ്കാളിത്തമുണ്ട്. വീഡിയോ കോൺഫറൻസിലൂടെയാകും മോദി ഹോട്ടൽ ഉദ്ഘാടനം ചെയ്യുക. സ്ഥലം എം.പി.യായ അമിത് ഷായും സംബന്ധിക്കും. റെയിൽവേ മന്ത്രി അശ്വിനി വിഷ്ണോയ് ഗാന്ധിനഗറിലെത്തും. സോള സയൻസ് സിറ്റിയിൽ 264 കോടി രൂപയുടെ അക്വാറ്റിക് ഗ്യാലറി, 127 കോടി രൂപയുടെ റോബോട്ടിക് ഗ്യാലറി എന്നിവയും മോദി അന്നുതന്നെ തുറന്നുകൊടുക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3ia1lCC
via
IFTTT