Breaking

Thursday, July 1, 2021

ആനി ശിവയുടെ ജീവിതത്തിന് മേൽവിലാസം നൽകിയത് ഷാജി

തിരുവനന്തപുരം: ഉറ്റവരെ നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടിവന്നപ്പോൾ തങ്ങൾക്ക് മേൽവിലാസമുണ്ടാക്കാനുള്ള വഴിതേടിയാണ് ആനി ശിവ ബന്ധുവായ ഷാജിയെ സമീപിക്കുന്നത്. ആനിയുടെ കഴിവിൽ വിശ്വസിച്ച ആ മനുഷ്യൻ അവർക്ക് സമൂഹത്തിൽ തലയുയർത്തിപ്പിടിച്ച് നിൽക്കാൻ കൈത്താങ്ങായി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശിയായ ഷാജിയെന്ന കെ.എസ്.ആർ.ടി.സി. ഡ്രൈവറാണ് ആനി ശിവയ്ക്ക് പ്രതിസന്ധികളിൽ ഒപ്പംനിന്നത്. 2014-ൽ എസ്.ഐ. ടെസ്റ്റിനു പഠിക്കാൻ നിർദേശിക്കുന്നതും ക്ലാസിന് പോകാൻ ഇരുചക്രവാഹനം സംഘടിപ്പിച്ചുകൊടുത്തതും ഷാജിയാണ്. അദ്ദേഹം സാമ്പത്തികമായും സഹായിച്ചതുകൊണ്ടാണ് തനിക്ക് എസ്.ഐ. യൂണിഫോം ലഭിച്ചതെന്ന് ആനി ശിവ പറയുന്നു. നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം പകർന്നുനൽകിയ ഷാജി, തന്റെ വഴികാട്ടിയും സുഹൃത്തും സഹോദരനും പിതാവുമാണെന്നാണ് ആനി ശിവയുടെ വാക്കുകൾ. 2012-ൽ ഒരു ഏജൻസി വഴി ആനി ശിവയ്ക്ക് മാലദ്വീപിൽ ജോലിവാഗ്ദാനം ലഭിച്ചു. എന്നാൽ, കുടുംബവുമായി വേർപെട്ടതോടെ സർക്കാർരേഖകളൊന്നും കൈയിലില്ലാത്തതിനാൽ പാസ്പോർട്ടിന് അപേക്ഷിക്കാൻ കഴിഞ്ഞില്ല. അതിനായി റേഷൻ കാർഡിലൂടെ മേൽവിലാസമുണ്ടാക്കാൻ സഹായമഭ്യർഥിച്ചാണ് ആനി ശിവ ഷാജിയുടെ സഹായം തേടുന്നത്. അതിനുശേഷം ഇവരുടെ ജീവിതദുരിതമറിഞ്ഞ് രക്ഷാകർത്താവാകുകയായിരുന്നു. ഏറെ അലഞ്ഞശേഷം റേഷൻകാർഡ് ലഭിച്ചെങ്കിലും ജോലിക്ക് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞിരുന്നു. 2019 ജൂലായിൽ കേരള പോലീസ് അക്കാദമിയിൽവെച്ച് ആനിയുടെ യൂണിഫോമിൽ എസ്.ഐ.യുടെ നക്ഷത്രചിഹ്നങ്ങൾ അണിയിച്ചത് ഷാജിയാണ്. 2021 ജനുവരി 25-ന് ആനി ശിവ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷം, തിരുവനന്തപുരത്തുനിന്ന് ഷാജി എത്തിയശേഷമാണ് യൂണിഫോമിൽ നക്ഷത്രചിഹ്നങ്ങൾ ധരിച്ചത്. ആനി തന്റെ കൊച്ചുമകളാണെന്നും അവൾക്ക് ഇതിലും ഉയരങ്ങളിലെത്താനുള്ള കഴിവുണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് കൂടെനിന്ന് പിന്തുണച്ചതെന്നും ഷാജി പറയുന്നു. content highlights: shaji man who supported anie siva


from mathrubhumi.latestnews.rssfeed https://ift.tt/3AipSxB
via IFTTT