Breaking

Tuesday, October 6, 2020

വിമാനത്താവളത്തിലെ മഷി മൂലം അലര്‍ജി: കോണ്‍ഗ്രസ് നേതാവിന്റെ പരാതിയെ തുടര്‍ന്ന് മാറ്റി

ന്യൂഡൽഹി: വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്റീൻ നിർദേശിച്ച് കയ്യിൽ അടയാളപ്പെടുത്താനുപയോഗിക്കുന്ന മഷി പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതായി പരാതിയുയർന്നതിനെ തുടർന്ന് പുതിയ ബാച്ച് മഷി എത്തിച്ചതായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ തിങ്കളാഴ്ച അറിയിച്ചു. മഷി ഉപയോഗിച്ചതിനെ തുടർന്ന് കയ്യിൽ വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതായുള്ള കോൺഗ്രസ് നേതാവ് മധു ഗൗഡ് യാക്ഷിയുടെ പരാതിയെ തുടർന്നാണ് പുതിയ മഷിയെത്തിച്ചത്. വിദേശത്ത് നിന്ന് ഡൽഹിയിലെത്തുന്ന യാത്രക്കാർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനും തുടർന്ന് വീടുകളിൽ ഏഴ് ദിവസത്തെ ക്വാറന്റീനും നിർബന്ധമാണ്. യാത്രയുടെ 96 മണിക്കൂർ മുമ്പ് പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റുമായെത്തുന്നവർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിൽ കഴിയേണ്ടതില്ല. വീടുകളിൽ ക്വാറന്റീനിൽ കഴിയേണ്ടവർക്ക് വിമാനത്താവളത്തിൽ നിന്ന് തന്നെ കയ്യിൽ അടയാളപ്പെടുത്തി അയയ്ക്കാറാണ് പതിവ്. ഞായറാഴ്ചയാണ് കോൺഗ്രസ് ദേശീയ സെക്രട്ടറിയും വക്താവുമായ മധു ഗൗഡ് യാക്ഷി കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരിയോട് മഷി മാറ്റി നൽകുന്ന കാര്യം ട്വിറ്ററിലൂടെ സൂചിപ്പിച്ചത്. കയ്യിൽ മഷി കൊണ്ടടയാളപ്പെടുത്തിയതിനെ തുടർന്നുണ്ടായ മാറ്റങ്ങളും ചിത്രം സഹിതം അദ്ദേഹം ട്വീറ്റിൽ പങ്കുവെച്ചിരുന്നു. വിദേശത്ത് നിന്ന് ശനിയാഴ്ച മടങ്ങിയെത്തിയ തനിക്ക് ഇത് മൂലം തുടർച്ചയായ ചെറിച്ചിലും വേദനയും അനുഭവപ്പെട്ടതായി അദ്ദേഹം കുറിച്ചു. Dear @HardeepSPuri Ji, can you please look into the chemical being used at Delhi airport for stamping on passengers coming from abroad? Yesterday I was stamped at @DelhiAirport and this is how my hands look now. pic.twitter.com/Gt1tZvGc8L — Madhu Goud Yaskhi (@MYaskhi) October 4, 2020 ഇക്കാര്യം തന്റെ ശ്രദ്ധയിൽ പെടുത്തിയതിന് ഹർദീപ് സിങ് പുരി യാക്ഷിയ്ക്ക് നന്ദി അറിയിച്ചു. വിഷയം വിമാനത്താവള അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായും പുരി കൂട്ടിച്ചേർത്തു. അസ്വസ്ഥത ഉണ്ടാക്കിയ ബാച്ചിലെ മഷി കൂടുതൽ പരിശോധനയ്ക്കായി അയയ്ക്കുമെന്ന് ഡിയാൽ(DIAL) വ്യക്തമാക്കി. കൂടാതെ പുതിയ ബാച്ച് മഷി ഉപയോഗിക്കാനാരംഭിച്ചതായും അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര സർവീസുകൾ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങളാണ് ഇപ്പോൾ വിദേശത്ത് നിന്നെത്തുന്നത്. Content Highlights: Delhi Airport Replaces Quarantine Stamp After Congress Leaders Tweet


from mathrubhumi.latestnews.rssfeed https://ift.tt/3d0x3iF
via IFTTT