റാഞ്ചി: വിമത നീക്കത്തിൽ മധ്യപ്രദേശിൽ ഭരണം നഷ്ടമായി. രാജസ്ഥാനിൽ സർക്കാർ പ്രതിസന്ധിയിൽ തുടരുന്നു. ഇതിന് പിന്നാലെയാണ് ജാർഖണ്ഡിലും കോൺഗ്രസ് എംഎൽഎമാർക്കിടയിൽ അതൃപ്തി പുകയുന്നു. ജാർഖണ്ഡ് മുക്തി മോർച്ച-കോൺഗ്രസ് സഖ്യ സർക്കാരിനെ ഭീഷണിയിലാക്കി വിമത നീക്കത്തിന് പിന്നിൽ ഏഴ് കോൺഗ്രസ് എംഎൽഎമാരാണെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ഹേമന്ത് സോറനുമായുള്ള ചില കോൺഗ്രസ് നേതാക്കളുടെ അഭിപ്രായ ഭിന്നത രൂക്ഷമായതായാണ് റിപ്പോർട്ട്. സർക്കാരിൽ കോൺഗ്രസ് എംഎൽഎമാർക്ക് പ്രധാന്യം ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി. ബിജെപിയുടെ രഘുബർ ദാസ് സർക്കാരിന്റെ തനി പകർപ്പാണ് ഹേമന്ത് സോറൻ സർക്കാർ, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് കടുത്ത അവഗണനയാണ് മുഖ്യമന്ത്രിയുടേയും നാല് കോൺഗ്രസ് മന്ത്രിമാരുടെയും ഭാഗത്തുനിന്നുള്ളതെന്നും ഒരു മുതിർന്ന കോൺഗ്രസ് എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നതല്ല ജാർഖണ്ഡ് കോൺഗ്രസിലെ പ്രശ്നങ്ങൾ. മുതിർന്ന മൂന്ന് എംഎൽഎമാരായ ഇർഫാൻ അൻസാരി, ഉമശങ്കർ അകേക, രാജേഷ് കശ്യപ് എന്നിവർ ബുധനാഴ്ച ഡൽഹിയിലെത്തി. മുതിർന്ന നേതാക്കളുമായും അഹമ്മദ് പട്ടേലുമായും ഇവർ ചർച്ച നടത്തി. മുഖ്യമന്ത്രിക്കും സംസ്ഥാന കോൺഗ്രസ് നേതാക്കൾക്കുമെതിരെ ഇവർ പരാതി നൽകിയിട്ടുണ്ട്. അതേ സമയം തർക്കത്തിന് പിന്നിൽ ഒഴിഞ്ഞു കിടക്കുന്ന കാബിനറ്റ് മന്ത്രി സ്ഥാനമാണെന്നാണ് ജാർഖണ്ഡ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ചില മുതിർന്ന എംഎൽഎമാരുടെ നോട്ടം ഈ കസേരയാണെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ഇർഫാൻ അൻസാരിയാണ് വിമതനീക്കത്തിന് പിന്നിലെന്നാണ് സൂചന. തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിൽ അദ്ദേഹം നേരത്തെ തന്നെ അതൃപ്തി പരസ്യമാക്കിയിരുന്നു. ധനകാര്യ മന്ത്രി രമേശ്വർ ഒറോൻ പിസിസി അധ്യക്ഷ സ്ഥാനം വഹിക്കുന്നതിലും അൻസാരിയടക്കമുള്ളവർ അതൃപ്തരാണ്. അതേ സമയം കോൺഗ്രസ് എംഎൽഎമാരെ ബിജെപി സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ കോലാഹലങ്ങളാണിതെന്നാണ് രാമേശ്വർ ഒറോൺ പറയുന്നത്. കോൺഗ്രസിനുള്ളിലെ തർക്കം മുതലെടുക്കാൻ ബിജെപി തീവ്രശ്രമവും നടത്തുന്നുണ്ട്. നേരത്തെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ബാബുലാൽ മറാണ്ടിയുടെ ജെവിഎം എംഎൽഎ പ്രദീപ് യാദവ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതും ചർച്ചയായിട്ടുണ്ട്. ബാബുലാൽ മറാണ്ടിയുടെ പാർട്ടി ബിജെപിയുമായി ലയിച്ചിരുന്നെങ്കിലും പ്രദീപ് യാദവ് കോൺഗ്രസ് സഖ്യത്തോടൊപ്പമായിരുന്നു. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ഹേമന്ദ് സോറന്റെ ജെ.എം.എമ്മിന് 29, കോൺഗ്രസ് 15, ആർജെഡി,എൻസിപി, സിപിഐ (എം.എൽ) എന്നിവർക്ക് ഓരോവീതം എംഎൽഎമാരുണ്ട്. ബിജെപിക്ക് 26 അംഗങ്ങളുടെ പിന്തുണയാണുള്ളത്. Content Highlights:Jharkhand Congress in trouble? Majority MLAs on dissent mode
from mathrubhumi.latestnews.rssfeed https://ift.tt/33cCEiY
via
IFTTT