ഗാബറോണി: ബോട്സ്വാനയിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് കാരണം പ്രകൃത്യാലുള്ള വിഷപദാർഥങ്ങൾ മൂലമാവാമെന്ന് വനംവകുപ്പ്. ഒകവംഗോ നദീതടപ്രദേശത്ത് മാർച്ച് മാസം മുതൽ മുന്നോറോളം ആനകൾ ചരിഞ്ഞതിന്റെ കാരണം അജ്ഞാതമായി തുടരുകയായിരുന്നു. പ്രകൃതിയിൽ നിന്ന് തന്നെയുള്ള വിഷപദാർഥങ്ങൾ ഉള്ളിലെത്തുന്നതാവാം ദുരന്തത്തിന് പിന്നിലെന്നാണ് വനംവകുപ്പിന്റെ നിഗമനം. ലോകത്തിൽ ഏറ്റവുമധികം ആനകളുള്ള സ്ഥലമാണ് ബോട്സ്വാന. 1,30,000 ത്തോളം ആനകളാണ് ഈ ആഫ്രിക്കൻ രാജ്യത്തുള്ളത്. മരണകാരണം ആന്ത്രാക്സ് രോഗമാവാനുള്ള സാധ്യത അധികൃതർ തള്ളിക്കളഞ്ഞു. കൂടാതെ ചത്ത ആനകളുടെ കൊമ്പുകൾ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ആനവേട്ടയല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, കാനഡ, സിംബാബ് വേ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ പരിശോധനകളിൽ നിന്ന് കൃത്യമായ കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പ്രകൃത്യാൽ തന്നെയുള്ള ഏതെങ്കിലും കാരണമാവാം ആനകൾ കൂട്ടത്തോടെ ചാകാൻ കാരണമെന്ന് കരുതുന്നതായും വൈൽഡ് ലൈഫ് ആൻഡ് പാർക്ക്സ് ഡിപ്പാർട്ട്മെന്റ് മേധാവി സിറിൽ ടവോല അറിയിച്ചു. കെട്ടി നിൽക്കുന്ന ജലത്തിലെ ചിലയിനം ബാക്ടീരിയകൾ വിഷം ഉത്പാദിപ്പിക്കാറുണ്ടെന്നും ഈ വെള്ളം ഉള്ളിലെത്തി ആനകൾ ചാവാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 281 ആനകൾ ചത്തതായാണ് സർക്കാർ നൽകുന്ന കണക്കെങ്കിലും 350 ലേറെ ആനകൾ ചത്തിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ആനകളുടെ കൂട്ടമരണം ആദ്യമായി പുറത്തുവിട്ട എലിഫെന്റ് വിത്ഔട്ട് ബോഡേഴ്സ് എന്ന സംഘടനയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഈ പ്രദേശത്ത് പ്രായമോ ലിംഗഭേദമോ ഇല്ലാതെ 356 ആനകൾ ചത്തു. ശേഷിക്കുന്ന ആനകളിൽ പലതിനും അമിതക്ഷീണമോ അനാരോഗ്യമോ കണ്ടുവരുന്നതായും സംഘടന പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/30hAE75
via
IFTTT