Breaking

Monday, September 2, 2019

കോൺഗ്രസ് പാരമ്പര്യത്തിൽനിന്ന്‌ ബി.ജെ.പിയിലൂടെ ഗവർണർ പദവിയിലേക്ക്

തിരുവനന്തപുരം: കടുത്ത കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും ബി.ജെ.പിയിലൂടെയാണ് തമിഴിശൈ സൗന്ദർരാജൻ തെലുങ്കാന ഗവർണർ പദവിയിലേക്ക് പടികയറുന്നത്. നിലവിൽ ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായ തമിഴിശൈയ്ക്ക്‌ നീണ്ടനാളത്തെ പ്രവർത്തനത്തിന് ബി.ജെ.പി. നൽകുന്ന അംഗീകാരം കൂടിയാണ് ഈ പദവി.മുൻ എം.പിയും തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന കുമരി അനന്തന്റെ മകളാണ് തമിഴിശൈ. കന്യാകുമാരിക്കടുത്ത് അഗസ്തീശ്വരമാണ് സ്വദേശം. കാമരാജ് മുതൽക്കുള്ള കോൺഗ്രസ് നേതാക്കളെ കണ്ടുവളർന്ന ബാല്യം. മുൻ കോൺഗ്രസ് എം.എൽ.എയും ഇപ്പോൾ കന്യാകുമാരി ലോക്‌സഭാംഗവുമായ എച്ച്. വസന്തകുമാർ ഇളയച്ഛൻ. ചെന്നൈ മെഡിക്കൽ കോളേജിൽനിന്ന്‌ എം.ബി.ബി.എസ്. പാസായ തമിഴിശൈ പാരമ്പര്യ പാതയിലേക്ക് ഒരിക്കലും സഞ്ചരിച്ചില്ല. പകരം തുടക്കം മുതൽ ബി.ജെ.പി. രാഷ്ട്രീയത്തോട് ഇണങ്ങിനിന്നു. ഭർത്താവ് ചെന്നൈയിലെ പ്രസിദ്ധ ന്യൂറോളജിസ്റ്റായ ഡോ. പി. സൗന്ദർരാജന്റെ ഹൈന്ദവപക്ഷപാതം അതിന് തുണയായി.കലൈഞ്ജർ കരുണാനിധിയാണ് ഇവരുടെ വിവാഹം നടത്തിയതെന്നത് മറ്റൊരു കൗതുകം. ചെന്നൈ രാമചന്ദ്ര മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുമ്പോൾ ബി.ജെ.പി. മെഡിക്കൽ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയായും പിന്നീട് അഖിലേന്ത്യാ തലത്തിലും പ്രവർത്തിച്ചു. തുടർന്ന് ബി.ജെ.പി. തമിഴ്‌നാട് ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് പദവികളിലേക്ക് ഉയർന്നു. 2014-ൽ അധ്യക്ഷപദവിയിലെത്തിയ തമിഴിശൈയ്ക്ക് മൂന്നുവർഷത്തിന് ശേഷവും ആ പദവിയിൽ തുടരാൻ പാർട്ടി സമ്മതം നൽകി. നാട്ടുകാരനും ഒരേ സമുദായക്കാരനുമായ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ എതിർപക്ഷത്തായിരുന്നു പാർട്ടിയിൽ തമിഴിശൈയുടെ സ്ഥാനം. അച്ഛനെപ്പോലെ മികച്ച പ്രഭാഷകയാണ് തമിഴിശൈയും. ഒരു തമിഴ് ചാനലിൽ പ്രഭാഷണകലയെക്കുറിച്ച് 10 വർഷത്തോളം അവർ നടത്തിയ പരിപാടി ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയപ്രസംഗങ്ങൾക്ക് തമിഴിന്റെ മണവും തീപ്പൊരി സ്വഭാവവുമുണ്ടായിരുന്നു. എതിരാളികളെ കടന്നാക്രമിക്കാനും മാധ്യമങ്ങളുടെ ചോദ്യത്തിന് ചേർന്ന മറുപടി പറയാനും തമിഴിശൈയ്ക്ക് കഴിഞ്ഞു. സ്ത്രീപക്ഷവാദിയായ അവർ ചില പ്രശ്‌നങ്ങളിൽ തമിഴകത്ത് സാധാരണമല്ലാത്ത ധൈര്യം കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. കവി വൈരമുത്തുവുമായി ബന്ധപ്പെട്ട മീടു വിവാദത്തിൽ തമിഴിശൈയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു.2006-ലും 2011-ലും രാധാപുരം, വേളാച്ചേരി അസംബ്ലി മണ്ഡലങ്ങളിലും 2009-ൽ നോർത്ത് ചെന്നൈ ലോക്‌സഭാ മണ്ഡലത്തിലും മത്സരിച്ച് തോറ്റു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൂത്തുക്കുടി മണ്ഡലത്തിൽ നേരിട്ടുള്ള മത്സരത്തിൽ കനിമൊഴിയോട് അടിയറവുപറഞ്ഞു. മുതിർന്ന കോൺഗ്രസുകാരനായ കുമരി അനന്തന് മൻമോഹൻസിങ് സർക്കാരിന്റെ കാലത്ത് ഗവർണർ പദവി ലഭിക്കുമെന്ന് രാഷ്ട്രീയവൃത്തങ്ങൾ കരുതിയിരുന്നു. അതിന് തടസ്സമായത് തമിഴിശൈയുടെ ബി.ജെ.പി. ബന്ധമായിരുന്നു.അച്ഛന് ലഭിക്കാതെ പോയ സ്ഥാനമാണ് 58-കാരിയായ മകൾ രാഷ്ട്രീയത്തിലൂടെ നേടുന്നത്. ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് തമിഴിശൈ സൗന്ദർരാജനോടുള്ള മതിപ്പും വിശ്വാസവും അതിന് അടിവരയായി.


from mathrubhumi.latestnews.rssfeed https://ift.tt/2NV9fSX
via IFTTT