Breaking

Sunday, September 1, 2019

ട്രിബ്യൂണൽ നിർദേശിച്ചിട്ടും ജേക്കബ് തോമസിനു നിയമനമായില്ല

തിരുവനന്തപുരം: ഡി.ജി.പി. ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിർദേശം നടപ്പാക്കുന്നത് വൈകുന്നു. നിയമിക്കേണ്ട തസ്തികയിൽ ധാരണയാകാത്തതാണ് കാരണമെന്നാണ് സൂചന. സർവീസിൽ തിരിച്ചെടുക്കണമെന്ന നിർദേശം നടപ്പാക്കുന്നില്ലെന്ന് കാണിച്ച് ജേക്കബ് തോമസ് അഡിമിന്‌സ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ വീണ്ടും സമീപിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. രണ്ടുവർഷത്തോളമായി സസ്‌പെൻഷനിലായ ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത സർക്കാരിനു ശുപാർശ നൽകിയിരുന്നു. ശനിയാഴ്ച രാവിലെ മുതൽ എയർലൈൻസ് മേധാവികളുമായുള്ള ചർച്ച അടക്കം മുഖ്യമന്ത്രി തിരക്കിലായിരുന്നു. ഉച്ചയ്ക്കുശേഷം ആലപ്പുഴയ്ക്കു പോയി. പോലീസിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ അറിയിക്കേണ്ട സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പത്തനംതിട്ടയിൽ അദാലത്തിലായിരുന്നു. അതിനാൽ, നിയമനം നൽകേണ്ടകാര്യത്തിൽ ചർച്ചകളുണ്ടായില്ല. ഡി.ജി.പി. റാങ്കിലുള്ള ജേക്കബ് തോമസിനെ കേരള പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനിലോ മറ്റേതെങ്കിലും അപ്രധാന തസ്തികകളിലോ നിയമിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ജേക്കബ് തോമസിന്റെ ഹർജി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വീണ്ടും പരിഗണിക്കുന്നതിനുമുമ്പ്‌ ഇക്കാര്യത്തിൽ ധാരണയുണ്ടാകും. സംസ്ഥാനത്തെ മുതിർന്ന ഡി.ജി.പി.യായ തന്നെ കേഡർ തസ്തികയിൽ നിയമിക്കണമെന്നാണ് ജേക്കബ് തോമസിന്റെ ആവശ്യം. എന്നാൽ, നിലവിലുള്ള വിജിലൻസ് അന്വേഷണങ്ങളുടെയും കേസുകളുടെയും പേരിൽ സുപ്രധാന തസ്തികയിൽ അദ്ദേഹത്തെ നിയമിക്കാൻ കഴിയില്ലെന്നാണു സർക്കാർ വാദം.


from mathrubhumi.latestnews.rssfeed https://ift.tt/2ZvLTdm
via IFTTT