കോഴിക്കോട്:യൂണിഫോം പണം കൈപ്പറ്റുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ പ്രിൻസിപ്പൽമാർ തയ്യാറാകാത്തതിനാൽ സൗജന്യ യൂണിഫോം ലഭിക്കാതെ വിദ്യാർഥികൾ. ഒന്നുമുതൽ എട്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് സൗജന്യമായി യൂണിഫോം നൽകുന്നത്. സമഗ്രശിക്ഷാ അഭിയാൻ (എസ്.എസ്.എ.) യൂണിഫോം വില പണമായി നൽകുന്ന എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് സാങ്കേതിക കാരണത്താൽ ഇത്തവണയും യൂണിഫോം വൈകിയത്. കൈത്തറി യൂണിഫോം അനുവദിച്ചിട്ടുള്ളവർക്ക് നേരത്തേതന്നെ ലഭിച്ചു. എയ്ഡഡ് യു.പി. സ്കൂളുകളിലെയും ഹൈസ്കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെയും വിദ്യാർഥികൾക്കാണ് യൂണിഫോമിന്റെ വില പണമായി നൽകുന്നത്. ഒരു വിദ്യാർഥിക്ക് ഇത്തരത്തിൽ 400 രൂപ യൂണിഫോമിനായി നൽകും. കഴിഞ്ഞവർഷം അധ്യയനവർഷം തീരാറായപ്പോഴാണ് യൂണിഫോമിന്റെ പണം അനുവദിച്ചതെന്ന് പ്രധാനാധ്യാപകർ പറയുന്നു. യൂണിഫോമിന്റെ തുക നേരത്തേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തിനുള്ളിൽ ശരിയാകുമെന്നാണ് അറിയിച്ചതെന്നും അവർ പറയുന്നു. ഈ വർഷം മുതൽ ഒന്നു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ ഒരു കുടക്കീഴിലാണ്. ഇതിനു പിന്നാലെയാണ് സ്കൂളിലെ പി.ടി.എ. പ്രസിഡന്റ്, പ്രിൻസിപ്പൽ എന്നിവരുടെ പേരിൽ പുതിയ അക്കൗണ്ട് തുടങ്ങുമെന്നും അതിലേക്ക് യൂണിഫോം തുക അനുവദിക്കുമെന്നും എസ്.എസ്.എ. സ്കൂളുകളെ അറിയിച്ചിരുന്നത്. എന്നാൽ എട്ടാംക്ലാസ്വരെയുള്ള കുട്ടികളുടെ യൂണിഫോമിന്റെ ചുമതല ഏറ്റെടുക്കാൻ പ്രിൻസിപ്പൽമാരിൽ ഭൂരിപക്ഷവും തയ്യാറാവാത്തതോടെയാണ് തുക കൈമാറുന്നത് വൈകുന്നത്. നേരത്തേ ഹൈസ്കൂൾ പ്രഥാനാധ്യാപകന്റെയും പി.ടി.എ. പ്രസിഡന്റിന്റെയും പേരിലാണ് അക്കൗണ്ടുണ്ടായിരുന്നത്. പ്രിൻസിപ്പൽമാർ അക്കൗണ്ട് തുടങ്ങിയിട്ടില്ല ഭൂരിപക്ഷം പ്രിൻസിപ്പൽമാരും അക്കൗണ്ട് തുടങ്ങാൻ വിസമ്മിതിച്ചിട്ടുണ്ട്. ഇതുകാരണം പ്രവേശനോത്സവത്തിനു നൽകേണ്ട പണംപോലും പല സ്കൂളുകൾക്കും ഇതുവരെ കൈമാറാനായിട്ടില്ല. കൂടാതെ യൂണിഫോം നൽകുന്നതിനുള്ള ഫണ്ടും ഇതുവരെ പൂർണമായും ലഭിച്ചിട്ടില്ല. ഈ രണ്ടു കാരണങ്ങൾ കൊണ്ടും യൂണിഫോമിന്റെ തുക നൽകാൽ വൈകുന്നുണ്ട്. -എം.കെ. മോഹൻകുമാർ (ജില്ലാ പ്രോജക്ട് ഓഫീസർ, കോഴിക്കോട്) സർക്കാർ തലത്തിൽ ഉത്തരവ് ലഭിച്ചില്ല ഒന്നാംക്ലാസ് മുതൽ പ്ലസ്ടു വരെ ലയിപ്പിച്ചെങ്കിലും എന്തൊക്കെയാണ് ചുമതലകളെന്നും പ്രവർത്തന രീതികളെന്നും വ്യക്തമാക്കുന്ന ഉത്തരവുകളൊന്നും സർക്കാരിൽനിന്ന് ലഭിച്ചിട്ടില്ല. ഇതുകാരണമാണ് ഇത്തരം ഉത്തരവാദിത്വങ്ങളിൽനിന്ന് താത്കാലികമായി മാറിനിൽക്കുന്നത്. -മുരളി മോഹൻ (സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അസോസിയേഷൻ) Content Highlighlights:Free school uniforms did not distributed even after the end of first term
from mathrubhumi.latestnews.rssfeed https://ift.tt/2LiKZah
via
IFTTT