ന്യൂഡൽഹി: കർണാടകത്തിലെ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തുടർച്ചയായി രണ്ടാംദിവസവും ചോദ്യം ചെയ്തു. 429 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്ന ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണ് വിവരം. വെള്ളിയാഴ്ച വൈകീട്ട് ഏഴു മുതൽ രാത്രി 11.30 വരെ നാലര മണിക്കൂറോളം ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകണമെ മന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ശിവകുമാർ ഖാൻ മാർക്കറ്റിലുള്ള ഇ.ഡി. ആസ്ഥാനത്തെത്തി. ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്തേക്കുമെന്നാണു സൂചന. നിലവിൽ ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് വകുപ്പുകളിലായാണ് ഇ.ഡി.യുടെ കേസ്. ഇപ്പോൾ നടക്കുന്നതെല്ലാം ഗൂഢാലോചന ആണെന്നും താൻ കൊലപാതകമോ അഴിമതിയോ പോലുള്ള തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശിവകുമാർ പറഞ്ഞു. ചോദ്യം ചെയ്യലിനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ അവരെന്തിനാണ് കള്ളപ്പണം വെളുപ്പിക്കൽകേസിൽ വിളിപ്പിച്ചതെന്നറിയില്ല. കണ്ടെടുത്ത പണം എന്റേതാണ്, ഞാൻ സമ്പാദിച്ചതാണ്”- ശിവകുമാർ പറഞ്ഞു. 2017 ജൂലായിൽ ശിവകുമാറും മകളും പണംനിക്ഷേപവുമായി ബന്ധപ്പെട്ട് സിങ്കപ്പൂരിലേക്കു പോയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിന് 429 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്തുണ്ടെന്ന് വകുപ്പ് കണ്ടെത്തിയത്. 2017 ഓഗസ്റ്റ് രണ്ടിന് അന്ന് കർണാടകത്തിൽ മന്ത്രിയായിരുന്ന ശിവകുമാറുമായി ബന്ധമുള്ള ഡൽഹിയിലെയും ബെംഗളൂരുവിലെയും 60 കേന്ദ്രങ്ങളിൽ റെയ്ഡും നടത്തി. 8.59 കോടി രൂപ പിടിച്ചെടുത്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കേസെങ്കിലും അതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ഇ.ഡി. അധികൃതർ പറയുന്നത്. അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) കണക്കുപ്രകാരം 251 കോടി രൂപയുടെ ആസ്തിയുള്ള രാജ്യത്തെ സമ്പന്ന രാഷ്ട്രീയക്കാരിലൊരാളാണ് ഡി.കെ. ശിവകുമാർ. Content Highlights:dk sivakumar interrogated by enforcement directorate
from mathrubhumi.latestnews.rssfeed https://ift.tt/2ZsGiV5
via
IFTTT