ന്യൂഡൽഹി:ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതായിട്ടില്ലെന്ന് എക്സിക്യുട്ടീവ് ഓഫീസർ സുപ്രീംകോടതിയിൽ. ഭരണഘടനയുടെ 26-ാം ഭേദഗതിയിലൂടെ പ്രിവി പഴ്സ് ഇല്ലാതായെങ്കിലും രാജാവിന്റെ വ്യക്തിഗത അവകാശങ്ങൾ നിലനിൽക്കും. ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായുള്ള രാജകുടുംബത്തിന്റെ ബന്ധം ഭരണഘടനയിലൂടെ ഉണ്ടായതല്ലെന്നും കവനന്റ് വഴി ലഭിക്കുന്ന അവകാശങ്ങളെ ഒരു കോടതിക്കും ചോദ്യംചെയ്യാനാവില്ലെന്നും എക്സിക്യുട്ടീവ് ഓഫീസർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ വാദിച്ചു. പദ്മനാഭസ്വാമിക്ഷേത്രം സംസ്ഥാനസർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രതിനിധികൾ ഉൾപ്പെടെ നൽകിയ ഹർജികളാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചിനു മുമ്പാകെയുള്ളത്. പ്രിവി പഴ്സ് ഇല്ലാതായതോടെ രാജാവിന്റെ അവകാശങ്ങളും ഇല്ലാതായെന്ന സംസ്ഥാനസർക്കാർ നിലപാടിനെ ഖണ്ഡിച്ചുകൊണ്ടാണ് അരവിന്ദ് ദത്താർ വാദമുന്നയിച്ചത്. രാജാവിന് പ്രതിഷ്ഠയുമായുള്ള ബന്ധം ഭരണഘടന വന്നപ്പോൾ ഉണ്ടായതല്ല. അതുകൊണ്ടുതന്നെ ഭരണഘടനാഭേദഗതിയിലൂടെ രാജാവിന്റെ അധികാരം ഇല്ലാതാക്കിയെങ്കിലും വ്യക്തിപരമായ അവകാശങ്ങൾ തുടരുമെന്ന് ദത്താർ ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ 186 കോടി രൂപയുടെ സ്വർണപ്പാത്രങ്ങൾ കുറവുവന്നതായി മുൻ സി.എ.ജി. വിനോദ് റായ് നൽകിയ റിപ്പോർട്ടിനെതിരേയും വാദമുയർന്നു. അവിടെയുള്ള പാത്രങ്ങളിൽ രേഖപ്പെടുത്തിയ നമ്പറിന്റെ അടിസ്ഥാനത്തിലാണ് വിനോദ് റായ് ഇക്കാര്യം കണക്കാക്കിയത്. എന്നാൽ സ്റ്റോക്ക് എടുക്കുമ്പോൾ ഓപ്പണിങ് ബാലൻസും ക്ലോസിങ് ബാലൻസും നോക്കിയിട്ടില്ല. മാത്രമല്ല, കണക്കെടുപ്പ് നടത്തുമ്പോൾ ആരെയാണോ അതിനു വിധേയരാക്കുന്നത് അവരുടെ ഭാഗംകൂടി കേൾക്കണം എന്ന അടിസ്ഥാനതത്ത്വംപോലും പാലിച്ചില്ല. സുപ്രീംകോടതി നിയോഗിച്ച, ജില്ലാ ജഡ്ജി അധ്യക്ഷനായുള്ള ഭരണസമിതിയെ വിനോദ് റായ് മോശമായി ചിത്രീകരിച്ചു. ഇതുസംബന്ധിച്ച് ജില്ലാ ജഡ്ജി സുപ്രീംകോടതിക്കെഴുതിയ കത്തും ദത്താർ ചൂണ്ടിക്കാട്ടി. കവനന്റ് വഴി ലഭിക്കുന്ന അവകാശങ്ങളെ സുപ്രീംകോടതിയടക്കം ഒരു കോടതിക്കും ചോദ്യംചെയ്യാനാവില്ലെന്നും ദത്താർ വാദിച്ചു. രാഷ്ട്രപതിയുടെ റഫറൻസ് മുഖേന മാത്രമേ ഇത് സുപ്രീംകോടതിക്ക് മുന്നിൽ കൊണ്ടുവരാനാകൂ. 1949-ലെ കവനന്റിൽ രാജകുടുംബത്തിന് ഭാവിയിലുള്ള അവകാശങ്ങളും എടുത്തുപറഞ്ഞിട്ടുണ്ടെന്ന് ഭക്തർക്കുവേണ്ടി അഡ്വ. സായ് ദീപക് വാദിച്ചു. അതിനാൽ പ്രിവി പഴ്സ് പിൻവലിച്ച ഭരണഘടനാഭേദഗതികൊണ്ട് രാജാവിന്റെ ബാക്കിയുള്ള അവകാശങ്ങൾ ഇല്ലാതാവില്ലെന്നും അദ്ദേഹം വാദിച്ചു. ബുധനാഴ്ചയും വാദം തുടരും. content highlights:sree padmanabhaswamy temple, royal family
from mathrubhumi.latestnews.rssfeed https://ift.tt/2CiGhp9
via
IFTTT