Breaking

Tuesday, March 12, 2019

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ്.എസ് വിശിഷ്ട ഹരിത വിദ്യാലയം

കണ്ണൂർ : പ്രകൃതിയെ മനുഷ്യനുമായി അടുപ്പിക്കുന്നതിനും വിദ്യർത്ഥികളെ പാരിസ്ഥിതിക വിഷയങ്ങളിൽ തൽപരരാക്കുന്നതിനും മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2018-19 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിനെ വിശിഷ്ട ഹരിത വിദ്യാലയമായി തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മൊകേരി സ്കൂൾ : ഒരു ദേശത്തെ പ്രകൃതിയോടിണക്കി ചേർത്ത വിദ്യാലയംറോക്ക് ഗാർഡനും സ്പൈസ് ഗാർഡനും പിന്നെ സീറോ അവറും കൈയ്യിലെ ടോർച്ചും കണ്ണൂർ : വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിനെ വിശിഷ്ട ഹരിത വിദ്യാലയമാക്കിയത്. ഒരു ദേശത്തെ മുഴുവൻ പ്രകൃതിയോടിണക്കി പരിസ്ഥിതിയുടെ പ്രധാന്യം ഓരോരുത്തരിലും എത്തിക്കുന്നതിൽ ഇവർ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയത്. പാറക്കെട്ട് നിറഞ്ഞ കുന്നിൻ മുകളിലെ വിദ്യാലയ പരിസരം ചെടിനട്ടും പൂക്കൾ വിരിയിച്ചും സീഡംഗങ്ങൾ അവർക്കൊപ്പം ചേർത്തു. ഹയർസെക്കൻഡറി വിഭാഗത്തിലെ 110 വിദ്യാർത്ഥികളുടെ രാപ്പകൽ ഭേദമന്യേയുള്ള പ്രവർത്തനമാണ് ഒരു ദേശത്തിന്റെ വിശിഷ്ട വിദ്യാലയമാക്കി മൊകേരി സ്കൂളിനെ മാറ്റിയത്. പഠന തിരക്കിനടിയിലും ഇവർ നടത്തിയ നൻമ നിറഞ്ഞ പ്രവർത്തനത്തിനുള്ള അംഗീകരമായാണ് വിശിഷ്ട ഹരിത വിദ്യാലയ പുരസ്കാരം തേടിയെത്തിയത്. പുസ്തകങ്ങൾക്കും ചോറ്റു പാത്രത്തിനും പുറമെ സീഡംഗങ്ങൾ കൈയ്യിൽ എപ്പോഴും ഒരു ടോർച്ചു കൂടി കരുതാറുണ്ട്. ഹയർസെക്കൻഡറിയിലെ പഠനഭാരം വൈകുന്നേരം അഴിച്ചു വെച്ചാണ് അവർ പരിസ്ഥിതി പ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്നത്. മൊകേരി സ്കൂളിൽ നിന്ന് ഏഴു കിലോ മീററർ അകലെയാണ് കനകമല. ഇവിടെ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിനും കനകമലയുടെ പഴയപ്രതാപം വീണ്ടെടുക്കുന്നതിനും കൂട്ടായ ശ്രമമായിരുന്നു ഇത്. കനകമലയിലെ ജോലികൾ പൂർത്തിയാവുമ്പോൾ നേരം ഇരുട്ടും . തെരുവുവിളക്കുകളില്ലാത്ത വഴിയോരത്തുകൂടെ ടോർച്ച് തെളിച്ചാണ് അവർ വീട്ടിലെത്തുക. വീട്ടുകാരുടെ പൂർണ്ണ സമ്മതവും ഇക്കാര്യത്തിൽ കുട്ടികൾക്കുണ്ട്. പ്രകൃതിയോടും സമൂഹത്തോടും നമുക്ക് വലിയ ബാധ്യതയുണ്ടെന്നും അവ ചെയ്തു തീർക്കേണ്ടത് അത്യാവശ്യമാണെന്നും തിരിച്ചറിഞ്ഞതാണ് രാപ്പകൽ ഭേദമന്യേയുള്ള പ്രവർത്തനത്തിനുളള പിൻബലം. പിന്നെ സീഡ് കോർഡിനേറ്ററായ ബോട്ടണി വിഭാഗത്തിലെ ഡോ. പി.ദിലീപിന്റെ മേൽനോട്ടത്തിന്റെ നൈരന്തര്യവും. ഇലഞ്ഞി, പാരിജാതം,ബിലിംപിക്ക, അത്തി, ചതുരനെല്ലി,ലക്ഷിതരു,രാജമല്ലി തുടങ്ങി മുപ്പത്തിയേഴ് ഇനം സസ്യങ്ങളാണ് കനകമലയിൽ വെച്ചു പിടിപ്പിച്ചത്. വൃക്ഷങ്ങളെ പരാദ സസ്യങ്ങളിൽ നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മരം ചുറ്റുന്ന ഇത്തിൾകണ്ണിയെയും മൂടില്ലാത്താളിയെയും എല്ലാം അവർ പിഴുതുമാറ്റി. സീഡ് ക്ലബ്ബിലെ ബയോ ഡൈവേഴ്സിറ്റി വിങ്ങിന്റെ കീഴിൽ റോക്ക് ഗാർഡൻ നിർമ്മിച്ചാണ് അവർ പാറക്കൂട്ടത്തെ ജൈവിക രീതിയിലേക്ക് മാറ്റിയത്. പിക്കാസും കൈക്കോട്ടും കൊണ്ട് അവർ പാറയെ ജൈവീകമാക്കി. പപ്പീലിയോ -ദി ബട്ടർഫ്ളൈ ഗാർഡൻ എന്ന പേരിൽ ഭൂമിയിൽ നിന്ന് വേരറ്റു പോയേക്കാവുന്ന ചിത്രശലഭങ്ങളുടെ സംരക്ഷണമാണ് വിദ്യാലയത്തിലെ സീഡംഗങ്ങൾ ഏറ്റെടുത്തത്. സ്കൂളിലേക്കുള്ള വഴിയിൽ നിറയെ പപ്പായത്തോട്ടവുമുണ്ട്. ഹൈസ്കൂളിലെയും ഹയർസെൻഡറിയിലെയും 47 ഓളം മരങ്ങളും 26 ഓളം കുറ്റിച്ചെടികളും ഉൾപ്പെടുത്തി 73 സസ്യങ്ങളുടെ ശാസ്ത്രീയ നാമം പ്രദർശിപ്പിച്ചത് വിദ്യാർത്ഥികളുടെ അറിവ് കൂട്ടാൻ ഏറെ സഹായകമായി. ഊർജ്ജ സംരക്ഷത്തിനായി മെയിൻ സ്വിച്ച് ഓഫ് ചെയ്തുകൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ ഇടപെടൽ. സീറോ അവർ എന്ന പേരിൽ ഉച്ചക്ക് 12.15 മുതൽ 1.15 വരെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക വഴി ദിനം പ്രതി മൂന്ന് യൂണിറ്റ് വൈദ്യുതിയാണ് ഇവർ ലാഭിക്കുന്നത്. ഓസിമം ഫോർ ഓസോൺ എന്ന പേരിൽ സ്കൂളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും തുളസി വെച്ചു പിടിപ്പിച്ചു. അന്തരീക്ഷത്തെ ശുദ്ധമാക്കുന്നതിൽ തുളസിക്ക് പ്രധാന പങ്കുവഹിക്കനാവുമെന്ന കണ്ടെത്തലാണ് സീഡംഗങ്ങളെ ഇതിനായി പ്രേരിപ്പിച്ചത്. മൊകേരി, കുന്നോത്തുപറമ്പ്, ചെണ്ടയാട്, പാട്യം, വള്ള്യായി, കൂരാറ,കതിരൂർ എന്നീ ബസ് കാത്തിരപ്പു കേന്ദ്രങ്ങളിലാണ് തുളസി വെച്ചു പിടിപ്പിച്ചത്. അമ്പതോളം വിത്തുകളാണ് ഇവർ സീഡ് ബാങ്കിലേക്ക് സ്വരൂപിച്ചത്. ഒരു ചായ ഒരു ചോല എന്ന പേരിൽ പാനൂരിലെയും പരിസരങ്ങളിലെയും ഹോട്ടലുകളുടെ മുന്നിൽ കൈകഴുകുന്ന സ്ഥലത്തെ വെള്ളം ഉപയോഗപ്രദമായ വിധത്തിൽ നട്ടു വളർത്തിയ മരങ്ങൾ ഇന്നു തലയുയർത്തി നിൽക്കുന്നു. ഓരോ കുട്ടികളുടെയും വീട്ടുവളപ്പിൽ നട്ടുവളർത്തിയ പച്ചക്കറികൾ സീഡംങ്ങളുടെ നിരന്തരമായ പ്രചോദനത്തിന്റെ കൂടി ഫലമാണ്. കണ്ടലും ഞണ്ടും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിക്കുന്നവരോട് മൊകേരി സ്കൂളിലെ സീഡംഗങ്ങൾക്ക് കുറെ പറയാനുണ്ട്. കണ്ടൽ ചെടിയിൽ നിന്ന് മുളപൊട്ടി വീഴുന്ന തൈകളെ വലിച്ച് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിലും ഞണ്ടുകൾക്ക് പങ്കുണ്ട്. കണ്ടലുകൾ സംരക്ഷിക്കുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നു. ഈ തിരിച്ചറിവാണ് കുട്ടികളെ കണ്ടലിനൊപ്പം വംശനാശ ഭീഷണി നേരിടുന്ന ഞണ്ടിനെയും സംരക്ഷിക്കാൻ പ്രേരിപ്പിച്ചത്. കുയ്യാലി പുഴയോരത്തെ കണ്ടൽ കാടുകളിൽ ഞണ്ടുകളെ നിക്ഷേപിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. നിയോ സർമേഷ്യം, മലബാറി കം പാരാസൈസർമാ, പ്ലിക്കേഷ്യം എന്നീ ഇനം ഞണ്ടുകളാണ് കണ്ടലുകൾക്ക് തുണയാവുന്നത്.ദേശാടന കിളികളുടെയും വിവിധ മത്സ്യങ്ങളുടെയും ആവാസ കേന്ദ്രമായ കുന്നോത്തുമുക്ക് തോടിനെ മാലിന്യമുക്തമാക്കി കഠിന ശ്രമത്തിലൂടെ തെളിനീരൊഴുക്കിയതും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറിയിലെ സീഡംങ്ങൾ തന്നെ.


from mathrubhumi.latestnews.rssfeed https://ift.tt/2u4KNDs
via IFTTT