തിരുവനന്തപുരം: ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നീ മുൻനിര നേതാക്കൾ മത്സരിക്കുമോ? ഇതിന് ഹൈക്കമാൻഡ് ഉത്തരംനൽകാതെ കോൺഗ്രസ് സ്ഥാനാർഥിനിർണയ ചർച്ചകൾ മുന്നോട്ടുപോകാത്ത അവസ്ഥയിലാണ്. പുറത്ത് പറയുന്നതുപോലെ മൂന്നുപേരും മത്സരിക്കുന്നില്ലെന്ന നിലപാടാണ് സ്ക്രീനിങ് കമ്മിറ്റി യോഗത്തിലും സ്വീകരിച്ചത്. എന്നാൽ, അത് അന്തിമവാക്കാകണമെന്നില്ല. ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ തീരുമാനമാണ് പ്രധാനം. ഉമ്മൻചാണ്ടി ഹൈക്കമാൻഡ് നിർദേശിച്ചാൽ ഉമ്മൻചാണ്ടിക്ക് ഒഴിഞ്ഞുനിൽക്കാനാകില്ല. മാറിനിന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവയ്ക്കുന്നുവെന്ന സന്ദേശം അതിനുണ്ടാകും. അത്തരമൊരു ധാരണ പടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളിലൊന്നായിരിക്കും തിരഞ്ഞെടുക്കുക. മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയ്ക്കാണ് മാറിനിൽക്കുന്നതെങ്കിലും വടകരയിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം മാറ്റാൻ സമ്മർദം ചെലുത്തുന്നത്. മുല്ലപ്പള്ളിയെങ്കിൽ പൂർണ പിന്തുണയെന്ന് ആർ.എം.പി. പറയുകകൂടി ചെയ്തതോടെ സമ്മർദം മുറുകി. മുല്ലപ്പള്ളിയെ ഒഴിവാക്കാനാണ് തീരുമാനമെങ്കിൽ കെ.കെ. രമയെ പിന്തുണയ്ക്കണമെന്ന നിർദേശവും കോൺഗ്രസ് പരിഗണിക്കുന്നു. കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് അദ്ദേഹം മറ്റെങ്ങും മത്സരിക്കില്ല എന്നർഥമാക്കേണ്ടെന്ന് പറഞ്ഞ മുല്ലപ്പള്ളി പിന്നീട് തിരുത്തി. വേണു മത്സരിക്കേണ്ടതിന്റെ ആവശ്യകതയാണ് താൻ സൂചിപ്പിച്ചതെന്നായിരുന്നു തിരുത്ത്. മറ്റുസീറ്റുകൾ സാമുദായിക സന്തുലനം നോക്കി ആറ്റിങ്ങലിലേക്ക് നിർദേശിക്കപ്പെട്ട അടൂർ പ്രകാശിനെ ആലപ്പുഴയിലേക്കും പരിഗണിക്കുന്നു. പകരം ആറ്റിങ്ങലിൽ മുസ്ലിം സമുദായത്തിൽനിന്ന് സ്ഥാനാർഥി വന്നേക്കാം. ചാലക്കുടിയിൽ പി.സി. ചാക്കോ, ബെന്നി ബഹനാൻ എന്നിവരാണ് പരിഗണനയിൽ. തൃശ്ശൂരിൽ ടി.എൻ. പ്രതാപനും പാലക്കാട്ട് വി.കെ. ശ്രീകണ്ഠനുമാണ് മുൻതൂക്കം. ആലത്തൂരിൽ എ.പി. അനിൽകുമാർ എം.എൽ.എ.യുടെ പേര് സജീവമായി പരിഗണിക്കുന്നു. വയനാട്ടിൽ ഷാനിമോൾ ഉസ്മാന്റെ പേരുമുണ്ട്. ടി. സിദ്ദിഖ് വയനാട്ടിലേക്കും കാസർകോട്ടേക്കുമുള്ള പട്ടികയിലുണ്ട്. സാധ്യതാപട്ടിക പുറത്തുവന്നെങ്കിലും മുതിർന്ന മൂന്നുനേതാക്കളുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് അന്തിമതീരുമാനമെടുത്താലേ മറ്റുസീറ്റുകളിലും ധാരണയാകൂ. രാഹുൽ ഗാന്ധി ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിലുണ്ട്. ഈ ദിവസങ്ങളിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടായാൽ വെള്ളിയാഴ്ച ചേരുന്ന സ്ക്രീനിങ് കമ്മിറ്റിയിൽ അന്തിമതീരുമാനമുണ്ടാകും. അല്ലെങ്കിൽ തീരുമാനം ഇരുപതിനേ ഉണ്ടാകൂ. രാഹുലിന് സൗകര്യപ്രദമായ തീയതി പിന്നീട് 20 ആണെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. content highlights:loksabha election; congress candidate selection process
from mathrubhumi.latestnews.rssfeed https://ift.tt/2F7RJ97
via
IFTTT