സ്നേഹം എന്ന വികാരം കൊലപാതകത്തോടോ അക്രമത്തോടോ ചേർത്ത് വക്കേണ്ട ഒന്നല്ല. പക്ഷെ കേരളത്തിൽ ഓരോ വർഷവും സ്നേഹവും ആയി ബന്ധപ്പെട്ട കൊലപാതകങ്ങൾ നടക്കുന്നു. അവ കൂടി വരികയാണോ എന്നറിയാൻ ഉള്ള ഗവേഷണം ഞാൻ നടത്തിയിട്ടില്ല, പക്ഷെ നമ്മെ നടുക്കുന്ന സംഭവങ്ങൾ എല്ലാ വർഷവും ഉണ്ടാകുന്നുണ്ട്. സ്നേഹിച്ച പെൺകുട്ടിയെ കല്യാണം കഴിച്ചതുകൊണ്ട് കൊല്ലപ്പെട്ട കെവിന്റെ കഥയാണ് ഒരുദാഹരണം, സ്നേഹിച്ചിരുന്ന പെൺകുട്ടിയെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ ആദർശിന്റെ കഥയാണ് മറ്റൊന്ന്. ഈ ആഴ്ചയിൽ തന്നെ ഇത്തരം സംഭവങ്ങൾ രണ്ടുണ്ടായി. എറണാകുളത്ത് മുൻ കാമുകിയെ കാണാൻ രാത്രിയിൽ എത്തിയ ആളെ പെൺകുട്ടിയുടെ ഭർത്താവും ബന്ധുക്കളും കൂടി കൊലപ്പെടുത്തിയത് ഒരു സംഭവം.സ്നേഹിച്ചിരുന്ന പെൺകുട്ടിയെ ചൊവ്വാഴ്ച രാവിലെകുത്തി വീഴ്ത്തി പെട്രോളൊഴിച്ചു കത്തിക്കാൻ ശ്രമിച്ചത് അടുത്തത്. ലോകത്ത് ബഹുഭൂരിപക്ഷം രാജ്യങ്ങളിലും, അമേരിക്ക മുതൽ ജപ്പാൻ വരെ, ചൈന മുതൽ കെനിയ വരെ, ആളുകൾ അവർക്ക് ഇഷ്ടം ഉള്ളവരോടൊപ്പം ആണ് ജീവിക്കുന്നത്. വിവാഹം കഴിച്ചിട്ടാണെങ്കിലും അല്ലെങ്കിലും. ചെറുപ്പകാലത്ത് തന്നെ ഒരാളോട് ഇഷ്ടം തോന്നിയാൽ അത് പറയുന്നു. മറുഭാഗത്തും ഇഷ്ടം ഉണ്ടെങ്കിൽ പിന്നെ അവർ ഒരുമിച്ചു ജീവിക്കാൻ ശ്രമിക്കുന്നു. ഇഷ്ടം ഇല്ലാതാവുകയോ മറ്റൊരാളോട് ഇഷ്ടം തോന്നുകയോ ഒക്കെ ചെയ്താൽ മാറി ജീവിക്കുന്നു. ഇതിനിടയിൽ കുത്തും കൊലയും പെട്രോളും കത്തിക്കലും ഒന്നുമില്ല. നമ്മുടെ സ്നേഹത്തിന് മാത്രം ഇതെന്ത് പറ്റി ? പല പ്രശ്നങ്ങൾ ഉണ്ട്. ഒന്നാമത് ഇന്ത്യൻ സിനിമകൾ ഒക്കെ കണ്ടു വളരുന്ന നമുക്ക് ഒരു പെൺകുട്ടി നിങ്ങളെ ഇഷ്ടമില്ല എന്ന് പറഞ്ഞാൽ അത് കേട്ട് മാറിപ്പോകാൻ ഉള്ള സാമാന്യ ബോധം ഇല്ല. കാരണം ഒന്നല്ലെങ്കിൽ വെറുത്തു വെറുത്ത് അവസാനം കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി, അല്ലെങ്കിൽ തട്ടിക്കൊണ്ടു പോയാലും ചിലപ്പോഴെല്ലാം രാവണനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി. ഇവരൊക്കെ ആണ് നമ്മുടെ മുന്നിലുള്ള മാതൃകകൾ. No means NO എന്ന് നമ്മുടെ കുട്ടികളെ ആരും പറഞ്ഞു പഠിപ്പിക്കുന്നില്ല. അതുകൊണ്ടാണ് നോ യുടെ പുറകെ ആളുകൾ പെട്രോളും ആയി പോകുന്നത്. ഇത് അവസാനിപ്പിച്ചേ തീരു. പ്രേമത്തിനാണെങ്കിലും പ്രേമത്തിനുള്ളിലെ ശാരീരിക ബന്ധത്തിനാണെങ്കിലും വേണ്ട എന്ന് പറഞ്ഞാൽ വേണ്ട അത്ര തന്നെ. അതിനപ്പുറം പോകുന്നത് കുഴപ്പത്തിലേക്കേ നയിക്കൂ എന്ന് ആളുകൾ ഉറപ്പായും മനസ്സിലാക്കണം. രണ്ടാമത്തെ പ്രശ്നം രണ്ടുപേർ തമ്മിലുള്ള ഇഷ്ടത്തിന്റെ കാര്യത്തിൽ മൂന്നാമൊതൊരാൾ ഇടപെടുന്നതാണ്. ഇഷ്ടം എന്നത് ആളുകളെ സ്വകാര്യമാണ്. ആർക്ക് ആരോട് എപ്പോൾ ഇഷ്ടം തോന്നുമെന്ന് പറയാൻ പറ്റില്ല. അങ്ങനെ രണ്ടു പേർ തമ്മിൽ ഇഷ്ടം ആന്നെന്ന് കണ്ടാൽ അതിന്റെ നടുക്ക് കയറി നിൽക്കാൻ മറ്റാർക്കും, മാതാപിതാക്കൾക്കെന്നല്ല ഭർത്താവിന് പോലും, നിയമപരമായി ഒരു അവകാശവും ഇല്ല എന്നിപ്പോൾ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ കയറി നിൽക്കുന്നത് അപകടത്തിലേക്കേ പോകൂ എന്നതാണ് ഉദാഹരണങ്ങൾ നമ്മെ പഠിപ്പിക്കുന്നതും പഠിപ്പിക്കേണ്ടതും. അതുകൊണ്ടു തന്നെ ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ ആ ബന്ധം നിങ്ങൾക്ക് എത്രമാത്രം ഇഷ്ടപ്പെട്ടില്ലെങ്കിലും, സമൂഹത്തിൽ നിങ്ങൾക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും ഇഷ്ടപ്പെടുന്നവരെ ഒരുമിച്ചു ജീവിക്കാൻ വിടുന്നത് തന്നെയാണ് നല്ലതും ബുദ്ധിയും. ഒരു ദേഷ്യത്തിന് തല്ലാനോ കൊല്ലാനോ പോയാൽ രണ്ടു ദേഷ്യം കൊണ്ട് ജയിലിൽ നിന്നും പുറത്തു വരാൻ പറ്റില്ല. സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് പാടിയ നാടല്ലേ. ഇവിടെ സ്നേഹത്തിന്റെ പേരിൽ ചോര വീഴുന്നത് ശരിയല്ല. Content Highlights:Thiruvalla Man Burnt Girl for refusing Marriage Proposal, Murali thummarukudy
from mathrubhumi.latestnews.rssfeed https://ift.tt/2J9WrXM
via
IFTTT