Breaking

Wednesday, March 13, 2019

ഇന്ത്യയും ബോയിങ് മാക്സ്-737 വിമാനസർവീസ് നിർത്തി

ന്യൂഡൽഹി /വാഷിങ്ടൺ: അഞ്ചുമാസത്തിനിടെ രണ്ട് വൻ അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ബോയിങ് മാക്സ്-737 വിമാനങ്ങളുടെ സർവീസ് നിർത്തിവയ്ക്കാൻ വ്യോമയാനമന്ത്രാലയം തീരുമാനിച്ചു. രൂപഘടനയിൽ ആവശ്യമായ മാറ്റംവരുത്തി സുരക്ഷ ഉറപ്പാക്കുംവരെ വിമാനങ്ങൾ പറത്തേണ്ടെന്നാണ് തീരുമാനമെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ബോയിങ് 737 മാക്സ്-എട്ട് വിമാനങ്ങളുടെ രൂപകല്പനയിൽ മാറ്റംവരുത്തണമെന്ന് അമേരിക്കയും വിമാനനിർമാണക്കമ്പനിയോട് ആവശ്യപ്പെട്ടു. ഏപ്രിലിന് മുൻപായി മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ് യു.എസ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ.) ബോയിങ്ങിന് നിർദേശം നൽകിയിട്ടുള്ളത്. നവീകരണത്തിനനുസൃതമായി വൈമാനികർക്കും വിമാനജീവനക്കാർക്കുമുള്ള പരിശീലനത്തിലും മാറ്റംവരുത്തണമെന്ന് എഫ്.എ.എ. ആവശ്യപ്പെട്ടിട്ടുണ്ട്. എത്യോപ്യയിൽ ബോയിങ് 737 മാക്സ്-എട്ട് വിമാനം തകർന്നുവീണ് 157 പേർ മരിച്ചതോടെ വിമാനത്തിന്റെ സുരക്ഷിതത്വത്തെച്ചൊല്ലി പരക്കെ ആശങ്കയുയർന്ന സാഹചര്യത്തിലാണിത്. ഒക്ടോബറിൽ ഇൻഡൊനീഷ്യയിൽ തകർന്നുവീണ ലയൺ എയറിന്റെ യാത്രാവിമാനവും ഇതേശ്രണിയിൽപ്പെട്ടതായിരുന്നു. അന്ന് 189 പേരാണ് മരിച്ചത്. സുരക്ഷാപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്ന് ബോയിങ് അറിയിച്ചതായി യു.എസ്. ഗതാഗതസെക്രട്ടറി എലൈൻ ചാവോ പറഞ്ഞു. എഫ്.എ.എ.യുടെ നിർദേശം ലഭിച്ച കാര്യം ബോയിങ് സ്ഥിരീകരിച്ചു. വരുംആഴ്ചകളിൽ 737 മാക്സ്-എട്ട് വിമാനവുമായി ബന്ധപ്പെട്ട സോഫ്റ്റ്വേർ നവീകരിക്കുമെന്നും കമ്പനി അറിയിച്ചു. വിമാനം സുരക്ഷിതമാണ്. സുരക്ഷ കൂടുതൽശക്തമാക്കാൻ ഫ്ലൈറ്റ് കൺട്രോൾ സോഫ്റ്റ്വേറിൽ മാറ്റംവരുത്താനുള്ള നടപടികൾ മാസങ്ങളായി നടന്നുവരുന്നുണ്ടെന്നും ബോയിങ് അധികൃതർ പറഞ്ഞു. അതേസമയം, എത്യോപ്യൻ വിമാനാപകടത്തെത്തുടർന്നുണ്ടായ സമ്മർദം കാരണമാണ് നവീകരണമെന്ന് ബോയിങ് പരാമർശിച്ചിട്ടില്ല. അതിനിടെ കൂടുതൽ രാജ്യങ്ങൾ ബോയിങ് 737 മാക്സ്-എട്ട് വിമാനം ഉപേക്ഷിച്ചു. വിമാനം ഉപേക്ഷിച്ച രാജ്യങ്ങൾ * സിങ്കപ്പൂർ * ചൈന * ഇൻഡൊനീഷ്യ * ദക്ഷിണകൊറിയ * മംഗോളിയ * ഓസ്ട്രേലിയ * മലേഷ്യ -എത്യോപ്യൻ എയർലൈൻസ്, കോംഎയർ, കേമാൻ എയർവേസ്, ഗോൾ എയർലൈൻസ്, എയ്റോ മെക്സിക്കോ,എയ്റോ ലീനിയാസ് അർജന്റീനാസ് തുടങ്ങിയ വിമാനസർവീസ് കമ്പനികളും 737 മാക്സ്-എട്ട് വിമാനങ്ങൾ നിലത്തിറക്കി. യു.എസ്., റഷ്യ, തുർക്കി, ഇറ്റലി, ഐസ്ലൻഡ്, നോർവേ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോഴും വിമാനം സർവീസിലുണ്ട്. എന്നാൽ, ഈ രാജ്യങ്ങൾ സുരക്ഷസംബന്ധിച്ച് ബോയിങ്ങിനോട് വിശദീകരണംതേടുകയും സുരക്ഷാനിബന്ധനകൾ മുന്നോട്ടുവെക്കുകയും ചെയ്തിട്ടുണ്ട്. content highlights:India grounds Boeing 737 MAX


from mathrubhumi.latestnews.rssfeed https://ift.tt/2ChdVeZ
via IFTTT