ദുബായ്: നിക്ഷേപകർക്കും സംരംഭകർക്കും ദീർഘകാല വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് യു.എ.ഇ. മന്ത്രിസഭയുടെ അംഗീകാരം. വൻകിട നിക്ഷേപകർക്കും വ്യവസായ സംരംഭകർക്കും പ്രൊഫഷണലുകൾക്കും ഗവേഷകർക്കും മികവുപുലർത്തുന്ന വിദ്യാർഥികൾക്കുമാണ് ദീർഘകാല വിസ അനുവദിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭായോഗം ഇതിന് അനുമതി നൽകിയിരുന്നത്. ഇതിന് ആവശ്യമായ മാനദണ്ഡങ്ങൾ നിർദേശിച്ച് നിയമനിർമാണം പൂർത്തിയായതോടെ ഇനി ദീർഘകാല വിസ അനുവദിച്ചുതുടങ്ങും. നിക്ഷേപകർക്കുള്ള മാനദണ്ഡങ്ങൾ * രണ്ട് വിഭാഗത്തിലുള്ള നിക്ഷേപകർക്കാണ് ദീർഘകാല വിസ അനുവദിക്കുക. * 50 ലക്ഷം ദിർഹമോ (ഏകദേശം 9.5 കോടി രൂപ) അതിലധികമോ മൂല്യത്തിന്റെ നിക്ഷേപമുള്ളവർക്ക് അഞ്ച് വർഷംവരെ വിസ ലഭിക്കും. * പൊതുമേഖലയിൽ നിക്ഷേപം, അറിയപ്പെടുന്ന സ്ഥാപനം, 100 ലക്ഷം ദിർഹത്തിലധികം വ്യവസായ പങ്കാളിത്തം അല്ലെങ്കിൽ മൊത്തം 100 ലക്ഷം ദിർഹത്തിലധികം നിക്ഷേപവും ഉള്ളവർക്ക് പത്തുവർഷത്തെ വിസ ലഭിക്കും. ബിസിനസ് പങ്കാളിയാവുകയാണെങ്കിൽ മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനത്തിൽ കൂടുതലുണ്ടാവണമെന്നും ഒരു കോടി ദിർഹത്തിൽ കുറയാൻ പാടില്ലെന്നും വ്യക്തമാക്കുന്നു. * മുഴുവൻ ആസ്തിയും വ്യക്തിയുടെ സ്വന്തം നിക്ഷേപം ആയിരിക്കണം. * നിക്ഷേപിച്ച ഒരുകോടി ദിർഹം കുറഞ്ഞത് മൂന്നു വർഷത്തേക്ക് പിൻവലിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട് *വ്യവസായികൾക്കും വ്യവസായ പങ്കാളികൾക്കും മൂന്ന് എക്സിക്യുട്ടീവ് ഡയറക്ടർമാർക്കും പങ്കാളിക്കും മക്കൾക്കും ഈ വിസാ ആനുകൂല്യം ലഭിക്കും. വിദഗ്ധർക്കുള്ള വിസ * ഡോക്ടർ, സ്പെഷ്യലിസ്റ്റ്, ശാസ്ത്രജ്ഞർ, കലാസാംസ്കാരിക വിദഗ്ധർ തുടങ്ങിയവർക്കും അവരുടെ ജീവിതപങ്കാളിക്കും മക്കൾക്കും അഞ്ചു വർഷത്തെ വിസയാണ് ലഭിക്കുക. * ഡോക്ടർമാർ ലോകത്തിലെ മികച്ച 500 യൂണിവേഴ്സിറ്റികളൊന്നിൽനിന്നും പിഎച്ച്.ഡി. സ്വന്തമാക്കിയവരായിക്കണം. *ജോലിയിൽ മികവിന്റെ അംഗീകാരം ലഭിച്ചവരും ശാസ്ത്രീയ പുരോഗതിയിൽ സംഭാവനകൾ നൽകിയവരും ശാസ്ത്ര പുസ്തകങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചവരും പത്ത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം. * യു.എ.ഇ.യ്ക്ക് ആവശ്യമുള്ള വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള സ്പെഷ്യലിസ്റ്റുകൾക്കും മുൻഗണനയുണ്ട്. ശാസ്ത്രജ്ഞർക്ക് എമിറേറ്റ്സ് സയന്റിസ്റ്റ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിരിക്കണം. * സാംസ്കാരിക-വൈജ്ഞാനിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച കലാ-സാംസ്കാരിക രംഗങ്ങളിൽനിന്നുള്ള വ്യക്തിത്വങ്ങൾക്കും അന്താരാഷ്ട്ര കമ്പനികളുടെ ഉടമകൾക്കും ഉന്നതവിദ്യാഭ്യാസരംഗത്ത് മികച്ചനേട്ടം കൈവരിച്ചവർക്കും അപൂർവ വിഷയങ്ങളിൽ എൻജിനീയർ ബിരുദമുള്ളവരും ദീർഘകാല വിസയ്ക്ക് അർഹരായിരിക്കും. * സെക്കൻഡറിക്കും അതിന് മുകളിലും പഠിക്കുന്ന 95 ശതമാനം മാർക്കുനേടിയ വിദ്യാർഥികൾക്കും അഞ്ചു വർഷത്തെ വിസ ലഭിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2VS4R7D
via
IFTTT