കാബൂൾ: താലിബാൻ നേതാവ് മുല്ല ഒമർ ഒളിച്ചുതാമസിച്ചിരുന്നത് അഫ്ഗാനിസ്താനിലെ യു.എസ്. സൈനികകേന്ദ്രത്തിന്റെ തൊട്ടടുത്ത്. യു.എസ്. രഹസ്യാന്വേഷകർ ഏറെക്കാലം തലപുകച്ച് അന്വേഷിച്ചിട്ടും ഒമറിനെ പിടികൂടാനായിരുന്നില്ല. 2006 മുതൽ അഫ്ഗാനിൽ പ്രവർത്തിച്ചിരുന്ന ഡച്ച് മാധ്യമപ്രവർത്തകൻ ബെറ്റെ ഡാം എഴുതിയ 'സെർച്ചിങ് ഫോർ ആൻ എനിമി' എന്ന പുസ്തകത്തിലാണ് യു.എസ്. രഹസ്യാന്വേഷകരുടെ അത്ഭുതപ്പെടുത്തുന്ന പരാജയം തുറന്നുകാട്ടുന്നത്. ഒരു കണ്ണിനുമാത്രം കാഴ്ചയുള്ള ഭീകരനേതാവ് റെയ്ഡ് ശക്തമാക്കിയതോടെ അഫ്ഗാനിസ്താനിൽനിന്ന് രക്ഷപ്പെട്ടതായും പാകിസ്താനിലെവിടെയോവെച്ച് മരിച്ചതായുമാണ് യു.എസിലെയും അഫ്ഗാനിലെയും നേതാക്കൾ കരുതിയിരുന്നത്. എന്നാൽ, അഫ്ഗാനിലെ സാബുൾ പ്രവിശ്യയിൽ യു.എസ്. സൈനിക ക്യാമ്പിന്റെ മൂന്നുമൈൽ പരിധിയിൽ ഒമർ കഴിഞ്ഞിരുന്നതായാണ് പുസ്തകം പറയുന്നത്. 2013-ൽ അസുഖം ബാധിച്ച് മരിച്ചു. ഇയാൾ താമസിച്ചിരുന്ന വീട് യു.എസ്. കമാൻഡോകൾ ഒരുതവണ വളഞ്ഞെങ്കിലും രഹസ്യമുറിയിലായിരുന്ന അയാളെ പിടികൂടാൻ സാധിച്ചില്ല. വല്ലപ്പോഴും മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. രണ്ടുതവണ ഭാഗ്യംകൊണ്ടുമാത്രമാണ് കമാൻഡോകളിൽനിന്ന് രക്ഷപ്പെട്ടത്. പലയിടത്തുനിന്നുമായി തന്റെപേരിൽ പ്രസ്താവനകൾ ഇറങ്ങുമ്പോൾ കുടുംബത്തിൽനിന്നുപോലും ഒറ്റപ്പെട്ട് ജീവിക്കുകയായിരുന്നു ഇയാൾ. സാങ്കല്പികഭാഷയിൽ നോട്ടുപുസ്തകത്തിൽ കുത്തിക്കുറിച്ചും പാഷ്തോ ഭാഷയിലുള്ള ബി.ബി.സി. പരിപാടികൾ കേട്ടുമായിരുന്നു സമയം നീക്കിയിരുന്നത്. അഞ്ചുവർഷത്തെ ഗവേഷണത്തിനുശേഷമാണ് ബെറ്റ് ഡാം പുസ്തകം എഴുതിയിട്ടുള്ളത്. ഒമറിന്റെ വിശ്വസ്ത അംഗരക്ഷകൻ ജബ്ബർ ഒമറിയുമായി അഭിമുഖവും നടത്തിയിരുന്നു. 2001-ലെ യു.എസ്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം അമേരിക്ക ഇയാളുടെ തലയ്ക്ക് ഒരു കോടി ഡോളർ (ഏകദേശം 70 കോടി രൂപ) ഇനാം പ്രഖ്യാപിച്ചിരുന്നു. content highlights:mullah omar,taliban, USA
from mathrubhumi.latestnews.rssfeed https://ift.tt/2CiwC26
via
IFTTT