Breaking

Tuesday, March 12, 2019

'വേള്‍ഡ് വൈഡ് വെബ്ബ്' എന്ന യുഗപ്പിറവിക്ക് 30 വയസ്സ്

ഇന്റർനെറ്റിനെ യഥാർഥ ഇന്റർനെറ്റാക്കിയ വേൾഡ് വൈഡ് വെബ്ബ് (www) എന്ന സർവീസിന് ഇന്ന് 30 വയസ്സ്. അച്ചടിവിദ്യയ്ക്ക് ശേഷം ലോകം കണ്ട ഏറ്റവും വിപുലവും ശക്തവുമായ വിവരവിനിമയ സംവിധാനമായി ഇന്റർനെറ്റിനെ മാറ്റിയത്, ബ്രിട്ടീഷ് കമ്പ്യൂട്ടർ വിദഗ്ധൻ ടിം ബേണേഴ്സ്-ലീ രൂപംനൽകിയ വേൾഡ് വൈഡ് വെബ്ബ് ആണ്. ഹൈപ്പർലിങ്കുകളുടെ സഹായത്തോടെ ഇന്റർനെറ്റിലെ ഉള്ളടക്ക ഘടകങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും, എളുപ്പത്തിൽ തിരഞ്ഞു കണ്ടെത്താനും സഹായിക്കുന്ന പ്രോഗ്രാമാണ് വെബ്ബ്. വെബ്ബിന്റെ പിറന്നാൾ ആഘോഷമാക്കി ഗൂഗിൾ പ്രത്യേകം ഡൂഡിൽ ഇന്ന് അവതരിപ്പിച്ചു. വെബ്ബ് തുറന്നുകൊടുത്ത വഴിയിൽ വിവര സാങ്കേതിക വിദ്യ ഇന്നേറെ വളർന്നിരിക്കുന്നു. വെബ് ഒരു സമാന്തര ലോകമായി മാറിയിരിക്കുന്നു. വെബ്ബിനെ ഇന്റർനെറ്റിന്റെ തന്നെ മറ്റൊരു പേരായി കാണാറുണ്ടെങ്കിലും അവ രണ്ടും ഒന്നല്ല. വിവര കൈമാറ്റത്തിന് സഹായിക്കുന്ന ഇലക്ട്രോണിക് / കംപ്യൂട്ടർ സാങ്കേതിക സംവിധാനങ്ങളുടെ ശൃംഖലയാണ് ഇന്റർനെറ്റ് എങ്കിൽ, ഇന്റർനെറ്റിന്റെ സഹായത്തോടെ വിവിധ ഉള്ളടക്കങ്ങളെ - അത് അക്ഷരങ്ങളോ, ചിത്രങ്ങളോ, വീഡിയോകളോ എന്തുമാകട്ടെ-നമുക്ക് ലഭ്യമാക്കിത്തരുന്ന വിവര ശൃംഖലയാണ് വെബ്ബ്. ഇന്റർനെറ്റിലെ ഉള്ളടക്കങ്ങൾക്ക് ഇന്റർനെറ്റിൽ മേൽവിലാസം നൽകുന്നതും അവയെ പരസ്പരം ബന്ധിപ്പിക്കുന്നതും വെബ്ബിലെ ഹൈപ്പർ ലിങ്കുകളും യൂണിഫോം റിസോഴ്സ് ലൊക്കേറ്ററും (URL) ആണ്. ഹൃസ്വചരിത്രം 1980-ൽ യൂറോപ്യൻ കണികാപരീക്ഷണ ശാല ആയ സേണിൽ (CERN) പ്രവർത്തിക്കുന്ന സമയത്താണ് മറ്റ് കമ്പ്യൂട്ടറുകളുമായി വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന പ്രോഗ്രാം രൂപീകരിക്കുക എന്ന ആശയം ബേണേഴ്സ്-ലീയുടെ മനസിലെത്തുന്നത്. കരാർ അവസാനിച്ച് സേൺ വിട്ട അദ്ദേഹം എൺപതുകളുടെ അവസാനം വീണ്ടും സേണിലെത്തി. ആ സമയത്താണ് വെബ്ബിന് രൂപംനൽകാനുള്ള ശ്രമം വീണ്ടും നടത്തുന്നത്. ഗൂഗിളിന്റെ ഡൂഡിൽ ആ ശ്രമമാണ് വെബ്ബിന് ജന്മം കൊടുത്തത്. അതിനായുള്ള കമ്പ്യൂട്ടർ ഭാഷയായ ഹൈപ്പർടെക്സ്റ്റ് മാർക്കപ്പ് ലാംഗ്വേജ് (HTML), ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫെർ പ്രോട്ടോക്കോൾ (http), യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ (URL) എന്നിവയൊക്കെ സ്വന്തംനിലയ്ക്ക് ബേണേഴ്സ്-ലീ രൂപംനൽകിയതാണ്. വേൾഡ് വൈഡ് വെബ്ബ് അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ വെബ് സെർവറും അദ്ദേഹം രൂപപ്പെടുത്തി. വെബ്ബിന്റെ ഔപചാരികമായ തുടക്കം, അന്ന് 33 വയസ്സുള്ള ബേണേഴ്സ്-ലീ, സേണിൽ തന്റെ മേധാവിക്ക് ഇൻഫർമേഷൻ മാനേജ്മെന്റ്: എ പ്രൊപ്പോസൽ (Information Management: A Proposal) എന്ന രേഖ 1989 മാർച്ച് 12-ന് സമർപ്പിച്ചതോടെയാണ്. ആധുനികയുഗത്തെ ഇന്നത്തെ നിലയ്ക്ക് നിർവചിക്കാൻ പോന്ന കണ്ടുപിടുത്തമാണതെന്ന് അന്നാരും കരുതിയില്ല. തൊട്ടുപിന്നാലെ തന്നെ ആദ്യത്തെ വെബ്സൈറ്റും അദ്ദേഹം ഇന്റർനെറ്റിൽ പ്രിസദ്ധപ്പെടുത്തി. വെബ്ബിന്റെ ഉപയോഗം വിശദീകരിക്കുന്ന ഉള്ളടക്കമായിരുന്നു വെബ്സൈറ്റിൽ. ശേഷം വെബ്ബിന്റെ ഉന്നമനത്തിനായി വിവിധ കമ്പനികളെ ഉൾപ്പെടുത്തി വേൾഡ് വൈഡ് വെബ് കൺസോർഷ്യം എന്ന കൂട്ടായ്മയ്ക്കും ബേർണേഴ്-ലീ രൂപം നൽകി. സ്വതന്ത്ര സോഫ്റ്റ്വേർ പ്രസ്താനത്തിന്റെ നേതാവ് റിച്ചാർഡ് സ്റ്റോൾമാന്റെ ആരാധകനായിരുന്നു ബേണേഴ്സ്-ലീ. അതിനാൽ താൻ നടത്തിയ കണ്ടെത്തൽ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് എക്കാലവും സൗജന്യമായി ഉപയോഗിക്കാൻ കഴിയണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി, തന്റെ സ്ഥാപനമായ സേണിനെക്കൊണ്ട് തൊണ്ണൂറുകളിൽ അതിനാവശ്യമായ സുപ്രധാന കരാറിൽ ബേണേഴ്സ്-ലീ ഒപ്പുവെപ്പിച്ചു! എന്നുവെച്ചാൽ, നിലവിൽ വെബ്ബിലൂടെ കോടിക്കണക്കായ സൈറ്റുകളും സർവീസുകളും നമ്മൾക്ക് സാധ്യതയായി മുന്നിലുള്ളതിന് നമ്മൾ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്ന വ്യക്തിബേണേഴ്സ്-ലീ ആണെന്ന് സാരം. ഇന്നും ലാഭേച്ഛയില്ലാതെ, അണിയറയിലിരുന്ന വെബ്ബിനെ കാക്കുകയാണ് ആ ഗവേഷകൻ!


from mathrubhumi.latestnews.rssfeed https://ift.tt/2J5PU0w
via IFTTT