Breaking

Tuesday, March 19, 2019

നാടകാന്തം ഗോവയില്‍ സാവന്ത്; സത്യപ്രതിജ്ഞ നടന്നത് പുലര്‍ച്ചെ 1.50ന്

പനജി: മനോഹർ പരീക്കറുടെ വിയോഗത്തെ തുടർന്ന് ഗോവയിൽ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് നിരവധി നാടകീയ നീക്കങ്ങൾക്കൊടുവിൽ. പുതിയ മന്ത്രിസഭാ രൂപവത്കരണം ആവശ്യമായി വന്നതോടെ സഖ്യകക്ഷികൾ വിലപേശൽ ആരംഭിച്ചു. ഇതോടെയാണ് എല്ലാവരെയും തൃപ്തിപ്പെടുത്തി മന്ത്രിസ്ഥാനങ്ങൾ വിഭജിക്കേണ്ട സ്ഥിതിയുണ്ടായത്. ഏറെ നീണ്ട ചർച്ചകൾക്കും സമവായ ശ്രമങ്ങൾക്കുമൊടുവിലാണ് നിലവിലെ സ്പീക്കർ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കി സർക്കാർ രൂപവത്കരണം സാധ്യമായത്. എല്ലാറ്റിനുമൊടുവിൽ പുലർച്ചെ 1.50ന് ആണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായി, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി എം.എൽ.എ. സുദിൻ ധവാലികർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. 40 അംഗ നിയമസഭയിൽ നിന്ന് മൂന്ന് എം എൽ എമാർ രാജിവെക്കുകയും മനോഹർ പരീക്കർ, ഫ്രാൻസിസ് ഡിസൂസ എന്നിവർ മരിക്കുകയും ചെയ്തതിനെ തുടർന്ന് ആകെ സീറ്റുകളുടെ എണ്ണം 35 ആയി ചുരുങ്ങിയിരുന്നു. പതിന്നാല് അംഗങ്ങളുള്ള കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും 12 അംഗങ്ങളുള്ള ബി ജെ പിയ്ക്കൊപ്പം മൂന്നു വീതം എംഎൽഎമാരുള്ള എംജിപിയും ജിപിഎഫും ചേർന്നതോടെയാണ് മന്ത്രിസഭ രൂപവത്കരിക്കുന്നതിനുള്ള അംഗബലമായത്. ഇരു കക്ഷികൾക്കും ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയാണ് പുതിയ മന്ത്രിസഭയിൽ ഇവരെ ബിജെപി കൂടെനിർത്തിയത്. ഇതിനിടെ, തങ്ങൾ ഗവർണർ മൃദുല സിൻഹയെ കണ്ടതായും സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചതായും കോൺഗ്രസ് നേതാവ് ചന്ദ്രകാന്ത് കാവ് ലേകർ പറഞ്ഞിരുന്നു. ഞങ്ങൾക്ക് പതിന്നാല് എം എൽ എമാരുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ദിവസത്തേയ്ക്കു കാത്തുനിൽക്കാതെ ഏതുവിധേനയും സർക്കാർ രൂപവത്കരിക്കുന്നതിന് ബിജെപി കടുത്ത ശ്രമം ആരംഭിച്ചത്. വൈകിട്ട് 3.30ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും എംജിപിയുടെയും ജിപിഎഫിന്റെയും വിലപേശലാണ് കാര്യങ്ങൾ വീണ്ടും വൈകിപ്പിച്ചത്. പരീക്കറുടെ മരണത്തെ തുടർന്ന് ഗോവയിലെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സഖ്യകക്ഷികളായ എം ജി പിയും ജി എഫ് പിയുമായും ചർച്ചകൾ നടത്തിയിരുന്നു. പരീക്കറുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബിജെപി അധ്യക്ഷൻ അമിത് ഷാ അടക്കമുള്ളവർ സഖ്യകക്ഷികളുമായി നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് തീരുമാനമുണ്ടായത്. തുടർന്ന്രാത്രി 12 മണിക്കാണ് ബി.ജെ.പി നേതാക്കൾ ഗവർണ്ണറെ കണ്ട് ചർച്ച നടത്തിയതും പിന്നീട് ഏറെ വൈകി സത്യപ്രതിജ്ഞ നടന്നതും. Content Highlights:Pramod Sawant, Goa Chief Minister, Manohar parrikar, BJP, Congress


from mathrubhumi.latestnews.rssfeed https://ift.tt/2HrUV1H
via IFTTT