Breaking

Tuesday, March 19, 2019

പത്തനംതിട്ട സീറ്റ്: കെ. സുരേന്ദ്രനുവേണ്ടി അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ മലയാളം കമന്റുകളുടെ പ്രവാഹം

കോഴിക്കോട്: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായി കെ. സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നതിനിടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഫേസ്ബുക്ക് പേജിലും പരാതി പ്രവാഹം. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്കു പകരം കെ. സുരേന്ദ്രന് സീറ്റ് നൽകണമെന്നാണ് മലയാളത്തിൽ അടക്കമുള്ള കമന്റുകളിലൂടെ ആവശ്യമുയരുന്നത്. അമിത് ഷായുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾക്കു കീഴിലാണ് നൂറു കണക്കിന് കമന്റുകൾ വന്നു നിറയുന്നത്. ഇവയിൽ ഏറെയും മലയാളത്തിലുള്ള കമന്റുകളാണ്. കെ. സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കണമെന്നും ശ്രീധരൻപിള്ളയ്ക്ക് മറ്റേതെങ്കിലും സീറ്റ് നൽകണമെന്നുമാണ് ആവശ്യങ്ങളുടെയെല്ലാം ഉള്ളടക്കം. ശ്രീധരൻപിള്ള മത്സരിച്ചാൽ വോട്ട് ചെയ്യില്ലെന്ന ഭീഷണിയും കമന്റുകളിലുണ്ട്. അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർക്ക് ആദരാഞ്ജലി അർപിച്ചുകൊണ്ടുള്ള അമിത് ഷായുടെ പോസ്റ്റിനു കീഴിലടക്കം ഈ ആവശ്യങ്ങളുടെ പ്രവാഹമാണ്. ഈ ആവശ്യങ്ങൾ ഉന്നയിക്കുന്നവരെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും ഇതോടൊപ്പം നിരവധിയുണ്ട്. കെ. സുരേന്ദ്രന് പത്തനംതിട്ടയിൽ സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസംമുതൽ സമൂഹ മാധ്യമങ്ങളിൽ കടുത്ത പ്രചാരണമാണ് നടക്കുന്നത്. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ ആവശ്യമുന്നയിച്ച് നൂറുകണക്കിന് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ശബരിമല വിഷയത്തിലുള്ള സമരത്തിൽ സജീവമായി നിന്നിട്ടും പാർട്ടിക്ക് പ്രതീക്ഷയുള്ള സീറ്റുകളിൽനിന്ന് സുരേന്ദ്രനെ ഒഴിവാക്കിയെന്നാരോപിച്ചാണ് സുരേന്ദ്രനുവേണ്ടി മുറവിളിയുയരുന്നത്. Content Highlights:Pathanamthitta, Amit Shahs facebook page, k surendran, election 2019


from mathrubhumi.latestnews.rssfeed https://ift.tt/2OeL4g2
via IFTTT