കൊച്ചി: പ്രളയത്തിനു പിന്നാലെ ഇനി കേരളം എൽനിനോയെയും ഭയക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ. എൽനിനോ പ്രഭാവം രാജ്യത്തെ കൊടുംവരൾച്ചയിലേക്ക് തള്ളിവിടുമെന്നാണ് വിലയിരുത്തൽ. ഈ വർഷം അവസാനംമുതൽ അടുത്തവർഷം ഓഗസ്റ്റ്, സെപ്റ്റംബർ കാലയളവ് വരെയാണ് എൽനിനോ പ്രഭാവസാധ്യതയുള്ളത്. സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ 50 മുതൽ 70 ശതമാനംവരെ സാധ്യതയാണ് ഇതിനുള്ളതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല റഡാർ സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു. ആഗോള കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന എൽനിനോ നമ്മുടെ മഴക്കാലത്തെയും ബാധിക്കും. മഴ കിട്ടുന്ന സ്ഥലങ്ങളിൽ മഴ കുറയും. മഴ കുറവുള്ള സ്ഥലങ്ങളിൽ അതിവർഷവും ഉണ്ടാകും. ഒരു വർഷത്തോളം ഇതു നീണ്ടുനിന്നേക്കും. ഇതനുസരിച്ച് കണക്കുകൂട്ടിയാൽ കേരളത്തിന് അടുത്തവർഷം കൊടുംവരൾച്ചയുടേതാകാനാണ് സാധ്യതയെന്ന് മനോജ് പറഞ്ഞു. ഇപ്പോഴത്തെ ചൂട് വരുംദിവസങ്ങളിലും തുടരും. മഴമേഘങ്ങളുടെ സാന്നിധ്യം കേരളത്തിലൊരിടത്തും കാണാനില്ല. തുലാവർഷം കാര്യമായി പ്രതീക്ഷിക്കാനാകില്ലെന്നാണ് വിലയിരുത്തൽ. എൽനിനോ മൂന്നുമുതൽ ഏഴുവർഷംവരെയുള്ള ഇടവേളകളിൽ ശാന്തസമുദ്രത്തിൽ ഭൂമധ്യരേഖാ പ്രദേശത്താണ് എൽനിനോ രൂപംകൊള്ളുന്നത്. പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖയോട് ചേർന്ന് കടൽജലത്തിന്റെ ചൂട് കൂടുന്നതാണ് ഇതിനു കാരണം. ചൂട് രണ്ടുമുതൽ അഞ്ചു ഡിഗ്രിവരെ കൂടാം. സാധാരണനിലയിൽ ഭൂമിയുടെ ഭ്രമണത്തിന്റെ ഫലമായി കിഴക്കുനിന്ന് പടിഞ്ഞാറേക്കാണ് കാറ്റുവീശുന്നത്. എൽനിനോ പ്രഭാവംമൂലമിത് എതിർദിശയിലേക്ക് വീശും. സമുദ്രോപരിതലത്തിലെ താപം അന്തരീക്ഷത്തെ ചൂടാക്കും. സമീപപ്രദേശങ്ങളിൽനിന്ന് ആ ഭാഗത്തേക്ക് കാറ്റിന്റെ ഗതിയും മാറും. വിള്ളൽ കൂടി പ്രളയാനന്തരം ഭൗമോപരിതലത്തിൽ വിള്ളൽ കൂടി. നദികളിൽ വെള്ളം കൂടുകയും കുറയുകയും ചെയ്യുന്ന പ്രതിഭാസം തുടരും. ഭൗമോപരിതലത്തിലെ വിള്ളലുകൾ അസന്തുലനാവസ്ഥയ്ക്ക് കാരണമാകുമെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല മറൈൻ ജിയോളജി ആൻഡ് ജിയോ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി. അജയകുമാർ പറഞ്ഞു. പലസ്ഥലങ്ങളിലും ഭൂമിയുടെ ഉപരിതല വിള്ളലുകൾ വലുതായി. ഇത് ഭൂമിയിലെ സമ്മർദം കൂട്ടിയതായി അദ്ദേഹം പറഞ്ഞു. ഇനി വരൾച്ച കാലാവസ്ഥാ ചക്രത്തിൽ പ്രളയത്തിനുശേഷമുള്ള ഘട്ടമെന്ന് പറയുന്നത് കൊടുംവരൾച്ചയാണെന്ന് കുസാറ്റ് മറൈൻ ജിയോളജി ആൻഡ് ജിയോ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എൻ.ആർ. നിഷ പറഞ്ഞു. മേൽമണ്ണ് നഷ്ടമായതാണ് ഭൂമി വിണ്ടുകീറാൻ കാരണം. ശക്തിയായുള്ള വെള്ളപ്പാച്ചിലിൽ ഫലഭൂയിഷ്ടമായ മണ്ണെല്ലാം ഒലിച്ചുപോയി. കട്ടിയായ ചെളി അടിഞ്ഞുകൂടി. കാർഷികവിളകൾക്ക് ഇത് ദോഷമാകും.
from mathrubhumi.latestnews.rssfeed https://ift.tt/2MqJ7uB
via
IFTTT