തിരുവനന്തപുരം: സ്വാശ്രയ മാനേജുമെന്റുകളുടെ മെഡിക്കൽ കച്ചവടം അംഗീകരിച്ചുനല്കാൻ നിയമനിർമാണം നടത്തിയ സംസ്ഥാന സർക്കാരും അതിനു ചൂട്ടുപിടിച്ച പ്രതിപക്ഷവും ഒരിക്കൽക്കൂടി കോടതിക്കുമുന്നിൽ അപമാനിതരായി. നിയമവിരുദ്ധപ്രവേശനം ക്രമപ്പെടുത്താനുള്ള നീക്കമാണ് ഓർഡിനൻസെന്ന് മാധ്യമങ്ങളും നിയമവിദഗ്ധരും ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നിയമനിർമാണവുമായി സർക്കാർ മുന്നോട്ടുപോവുകയായിരുന്നു. 2012 മുതൽ സർക്കാരിന് പിടികൊടുക്കാതെ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തിവന്നവയാണ് കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ എന്നീ മെഡിക്കൽ കോളേജുകൾ. പ്രവേശനം നേടിയ വിദ്യാർഥികളിൽ പലരും 75 ലക്ഷം രൂപമുതൽ ഒരുകോടിവരെ മുടക്കിയാണ് എൻ.ആർ.ഐ. അടക്കമുള്ള സീറ്റുകൾ വാങ്ങിയത്. 4.40 ലക്ഷമാണ് അന്ന് ജയിംസ് കമ്മിറ്റി നിശ്ചയിച്ച ഫീസ്. കണ്ണൂർ മെഡിക്കൽ കോളേജ് പരസ്യമായി വാങ്ങിയതാകട്ടെ പത്തുലക്ഷം വാർഷിക ഫീസും പത്തുലക്ഷം നിക്ഷേപവും. കരുണ ഫീസ് 7.40 ലക്ഷമായി അവർതന്നെ തീരുമാനിച്ചു. പലർക്കും സീറ്റിനായി കോളേജുകൾ പ്രഖ്യാപിച്ച അഞ്ചുവർഷത്തേക്കുള്ള ഫീസുകൾ ഒന്നിച്ചുനൽകേണ്ടി വന്നു. പ്രവേശനപ്രശ്നം ഇങ്ങനെ സർക്കാരുമായി കരാർ ഒപ്പിടാൻ തയ്യാറാവാത്ത കോളേജുകൾ സ്വന്തം നിലയ്ക്ക് ഫീസ് നിശ്ചയിച്ച് പ്രവേശനം നടത്തി. കണ്ണൂർ മെഡിക്കൽ കോളേജിൽ 137-ഉം കരുണയിൽ 31-ഉം വിദ്യാർഥികൾ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് പ്രവേശനം നേടിയതെന്ന് മേൽനോട്ടസമിതിയായ ജയിംസ് കമ്മിറ്റി കണ്ടെത്തി. കമ്മിറ്റി നടപടിക്കെതിരേ കോളേജുകൾ ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. രാഷ്ട്രീയസമ്മർദത്തിനും സമന്വയത്തിനും ശേഷം ആരോഗ്യവകുപ്പ് സ്വാശ്രയനിയമം ഭേദഗതിചെയ്യാൻ ഓർഡിനൻസ് കൊണ്ടുവന്നു. ബി.ജെ.പി. അടക്കമുള്ള പ്രതിപക്ഷം സർക്കാർ നടപടിയെ പിന്താങ്ങി. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എതിർപ്പറിയിച്ചെങ്കിലും മന്ത്രിസഭ ഓർഡിനൻസ് അംഗീകരിച്ചു. പ്രവേശനം ക്രമപ്പെടുത്തേണ്ട വിദ്യാർഥികളുടെ മെറിറ്റ് പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി. ശ്രീനിവാസിനെ ചുമതലപ്പെടുത്തി. പരിശോധനയിൽ പകുതിയിലധികം വിദ്യാർഥികൾക്കും മെറിറ്റ് പാലിക്കാതെയാണ് പ്രവേശനം നൽകിയതെന്ന് കണ്ടെത്തുകയും ക്രമപ്പെടുത്തുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. സർക്കാരുമായുള്ള ഭിന്നതയെത്തുടർന്ന് ശ്രീനിവാസ് കേന്ദ്ര ഡെപ്യൂട്ടേഷൻ തിരഞ്ഞെടുത്ത് സംസ്ഥാനം വിട്ടു. എതിർപ്പുകൾ വകവയ്ക്കാതെ ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ പ്രവേശനം ക്രമപ്പെടുത്തി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ഓർഡിനൻസിനെതിരേ മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയെ സമീപിച്ചു. ഈ വർഷം ഏപ്രിൽ നാലിന് ചേർന്ന നിയസഭാസമ്മേളനത്തിൽ ഓർഡിനൻസിനുപകരമുള്ള ബിൽ പാസാക്കിയപ്പോൾ പ്രതിപക്ഷനിരയിൽനിന്ന് വി.ടി. ബൽറാം മാത്രമാണ് എതിർത്തത്. സർക്കാർനടപടിയെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി ഓർഡിനൻസ് സ്റ്റേ ചെയ്തു. സ്റ്റേ നിലനിൽക്കേ നിയമസഭ പാസാക്കിയ ബിൽ വീണ്ടും നിയമോപദേശത്തിനയച്ചു. നേരത്തേ എതിർപ്പറിയിച്ച ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിൽ പാസാക്കിയാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന കുറിപ്പോടെ ഗവർണറുടെ അംഗീകാരത്തിനയച്ചു. ഏപ്രിൽ ഏഴിന് ബിൽ ഗവർണർ തള്ളി.ഫീസ് തിരികെനൽകാൻ വിസമ്മതിച്ച കണ്ണൂർ മെഡിക്കൽ കോളേജിനെതിരേ രക്ഷിതാക്കൾ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. വാങ്ങിയ ഫീസ് ഇരട്ടിയായി മടക്കിനല്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നല്കാനും സുപ്രീം കോടതി കോളേജിനോട് ആവശ്യപ്പെട്ടു. ഇത് നടപ്പാക്കിയെന്ന് പ്രവേശന മേൽനോട്ടസമിതി അറിയിച്ചാൽ മാത്രം ഇക്കൊല്ലം പ്രവേശനാനുമതിയെന്നും കോടതി വിധിച്ചു. കോടതി വിധി പാലിക്കാത്തതിനാൽ കോളേജിൽ ഇക്കൊല്ലം ഇതുവരെ പ്രവേശനാനുമതി നല്കിയിട്ടില്ല. വിധി അംഗീകരിക്കുന്നുകണ്ണൂർ, കരുണ മെഡിക്കൽ കോളേജ് ഓർഡിനൻസ് റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. കുട്ടികളുടെ ഭാവിയെ കരുതിയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയോടുകൂടി ഓർഡിനൻസ് കൊണ്ടുവന്നത്. സർക്കാരിന് ഇക്കാര്യത്തിൽ പിഴവു വന്നിട്ടില്ലകെ.കെ. ശൈലജ, ആരോഗ്യമന്ത്രി
from mathrubhumi.latestnews.rssfeed https://ift.tt/2NctbBD
via
IFTTT