വാഷിങ്ടൺ: യു.എസിൽ നൂറ്റാണ്ടിലെ ശക്തമായ ചുഴലിക്കാറ്റ് ഫ്ളോറൻസ് തീരത്തോടടുക്കുന്നു. വിർജീനിയ, കരോലൈനയുടെ വടക്കുകിഴക്കൻ തീരങ്ങൾ എന്നിവിടങ്ങളിലുള്ള 17 ലക്ഷത്തോളംപേർ സുരക്ഷിതസ്ഥാനത്തേക്ക് മാറുകയാണ്. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് തീരംതൊടുമെന്ന് കാലാവസ്ഥാവിഭാഗം പറഞ്ഞു. മണിക്കൂറിൽ 220 കിലോമീറ്റർ വേഗമുള്ള ഫ്ളോറൻസിനെ അതിഭീകരമെന്ന് വിശേഷിപ്പിച്ച് കാറ്റഗറി നാലിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കരയോടടുക്കുമ്പോഴേക്കും ചുഴലിക്കാറ്റ് കാറ്റഗറി അഞ്ചിലെത്തുമെന്ന് മയാമി ആസ്ഥാനമാക്കിപ്രവർത്തിക്കുന്ന നാഷണൽ ഹുറിക്കെയ്ൻ സെന്റർ അറിയിച്ചു. വടക്ക്, കിഴക്കൻ കരോലൈന, മേരിലൻഡ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കൻ ജനതയുടെ സുരക്ഷയാണ് ഏറ്റവുംപ്രധാനമെന്നും ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. മുൻകരുതലായി ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടാൽ ഉടൻ അനുസരിക്കണമെന്ന് ട്രംപ് നിർദേശിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടത്താനിരുന്ന ഒട്ടേറെ പ്രചാരണപരിപാടികൾ അദ്ദേഹം റദ്ദാക്കി. ചുഴലിക്കാറ്റിനെത്തുടർന്ന് 38 മുതൽ 50 സെന്റീമീറ്റർവരെ മഴയാണ് പ്രതീക്ഷിക്കുന്നത്. നൂറ്റാണ്ടിലെ ശക്തമായ ചുഴലിക്കാറ്റ് കിഴക്കൻതീരത്തെ ലക്ഷ്യമാക്കുന്ന ഫ്ളോറൻസ് നൂറ്റാണ്ടിലെ ഏറ്റവും വലിയ ചുഴലിക്കാറ്റായിരിക്കുമെന്നാണ് കരുതുന്നത്. ജീവന് ഭീഷണിയുണ്ടാക്കുന്ന കാറ്റിൽ ചിലയിടങ്ങളിൽ തീരത്ത് 13 അടി വരെ വെള്ളം ഉയരുമെന്നാണ് പ്രവചനം. വീടുകളിൽ തുടരുന്നത് അപകടമാണെന്നും ഉടൻ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും നോർത്ത് കരോലൈന ഗവർണർ റോയ് കൂപ്പർ മുന്നറിയിപ്പ് നൽകി. ഗതാഗതമേഖലയിൽ നിയന്ത്രണം ആളുകൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നതിനാൽ ബുധനാഴ്ച ദേശീയ പാതകളിൽ വലിയതോതിൽ ഗതാഗതസ്തംഭനമുണ്ടായി. ഉൾപ്രദേശങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ ഒട്ടേറെ പ്രധാനപാതകളുടെ ഒരുവശത്തേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. നേരിട്ട് ആഘാതമുണ്ടാക്കും പൂർണ പ്രഹരശേഷിയുള്ളതാണ് ഫ്ളോറൻസെന്ന് ഫെമ ഭരണാധികാരി ബ്രോക് ലോങ് പറഞ്ഞു. ഇതിന്റെ ശക്തി ആഴ്ചകളോളം നിൽക്കും. തീരപ്രദേശങ്ങളിൽ ഉള്ളവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റും. ഉൾപ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകും. ശൈത്യകാലകാറ്റ് സ്നോസില്ല വീശിയ 2016-ലാണ് യു.എസിൽ ഇതിനുമുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മഹാദുരന്തമാകാൻ സാധ്യത തീരപ്രദേശത്തുള്ള പത്തുലക്ഷം വീടുകൾ ഒഴിപ്പിക്കാൻ തിങ്കളാഴ്ച സൗത്ത് കരോലൈന ഗവർണർ ഹെന്റി മക്മാസ്റ്റർ ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ ആകെയുള്ള 46 മണ്ഡലങ്ങളിലെ 26 ഇടത്തെ സ്കൂളുകൾക്ക് ചൊവ്വാഴ്ച മുതൽ അവധിയാണ്. പ്രധാന വിനോദകേന്ദ്രമായ ഔട്ടർ ബാങ്ക്സ്, തീരപ്രദേശമായ ഡെയർ കൗണ്ടി എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനും നിർദേശമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2CSkdoi
via
IFTTT