കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ ഇരട്ടക്കൊലക്കേസിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചപ്പോൾ ഹൈക്കോടതി സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും വിവിധ സംശയങ്ങൾ മുൻനിർത്തി ഒന്നിലേറെ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ബുധനാഴ്ച അറസ്റ്റിലായ അഞ്ചുപേർക്കെതിരേയുള്ള അന്വേഷണം സി.ബി.ഐ. തുടങ്ങിയത് ഈ പോയിന്റിൽ ഊന്നിനിന്നാണ്. അഞ്ചുപേരിൽ രാജേഷ്, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവർ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ സാക്ഷികളാണ്. കുറ്റപത്രത്തിലെ പത്താം പ്രതി കല്യോട്ട് കണ്ണോത്തെ രഞ്ജിത്ത് അറസ്റ്റിലാകുന്നത് ആറാം പ്രതി ശ്രീരാഗിന്റെ ഫോണിൽ ഇയാൾ വിളിച്ചുവെന്നതിനാണ്. കൊലപ്പെടുത്തിയ സംഘത്തിൽ ഉൾപ്പെട്ടയാളാണ് ശ്രീരാഗ്. കൊല നടക്കുന്നത് 2019 ഫെബ്രുവരി 17-ന് രാത്രി 7.36-നാണ്. ഇതിനു മൂന്നുമിനിറ്റ് മുൻപാണ് രഞ്ജിത്ത് ശ്രീരാഗിനെ ഫോണിൽ വിളിച്ചത്. ഇതേസമയംതന്നെ ഒന്നാം പ്രതി അയ്യങ്കാവ് വീട്ടിൽ പീതാംബരന്റെ ഫോണിലേക്ക് കോൾ വന്നിരുന്നു. ബുധനാഴ്ച സി.ബി.ഐ. അറസ്റ്റു ചെയ്ത സുരേന്ദ്രന്റെതായിരുന്നു ആ വിളി. ആറാം പ്രതിയുടെ ഫോണിലേക്ക് വിളിച്ചയാളെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഒന്നാം പ്രതിയുടെ ഫോണിലേക്ക് വിളിച്ചയാളെ സാക്ഷിപ്പട്ടികയിൽപോലും ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. കല്യോട്ട് കൂരാങ്കര റോഡ് തുടങ്ങുന്നിടത്തുനിന്നാണ് രഞ്ജിത്ത് ശ്രീരാഗിനെ ഫോണിൽ വിളിച്ചതെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ട്. ശരത്ലാലും കൃപേഷും ബൈക്കിൽ വരുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്ന് പിന്നീട് രഞ്ജിത്ത് മൊഴി നൽകുകയും ചെയ്തു. സമാനരീതിയിലുള്ള വിവരം കൈമാറുകയോ ഇതുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കുകയോ സുരേന്ദ്രൻ ചെയ്തുവെന്നാണ് സി.ബി.ഐ.ക്ക് കിട്ടിയ വിവരം. ഏച്ചിലടുക്കം സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ കൊലനടത്താനുള്ള ഗൂഢാലോചന നടന്നുവെന്ന് കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പോലീസിന്റെ കേസ് ഡയറിയിലുണ്ട്. എന്നാൽ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ ഗൂഢാലോചന നാട്ടിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ എന്നായി. അന്ന് ബ്രാഞ്ച് ഓഫീസിന്റെ ചുമതലവഹിച്ച പാർട്ടി അംഗം രാജേഷ് അറസ്റ്റിലായതും ഇയാളുടെ മൊഴിയും ലോക്കൽ പോലീസിന്റെ അന്വേഷണം ശരിവയ്ക്കുന്നതിലെത്തുന്നു. ശരത്ലാലിനെയും കൃപേഷിനെയും അടിച്ചുവീഴ്ത്താനായി ഇരുമ്പ് പൈപ്പ് നൽകിയ റെജി വർഗീസിനെ സാക്ഷിപ്പട്ടികയിലൊതുക്കിയത് എന്തുകൊണ്ടാണെന്നും ആയുധം കൊടുക്കുമ്പോൾ ഇയാൾക്ക് കൊല നടത്തുന്ന കാര്യം അറിയില്ലേയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. കേസിലെ അഞ്ചാം പ്രതി ഗിജിന്റെ ഇളയച്ഛനാണ് ശാസ്താ മധു. ഇയാളുടെ വീട്ടിൽനിന്ന് 250 മീറ്റർ തെക്കുമാറി കൂരാങ്കര റോഡിലാണ് കൊല നടന്നത്. പ്രതികൾ എത്തിയ വാഹനം ഇയാളുടെ വീട്ടിൽ നിർത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ കുറ്റപത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും ഇയാളെ സാക്ഷിപ്പട്ടികയിൽപോലും ക്രൈംബ്രാഞ്ച് ഉൾപ്പെടുത്തിയിട്ടില്ല. പ്രതികൾക്ക് ആവശ്യമെങ്കിൽ ഉപയോഗിക്കാൻ മറ്റൊരു വണ്ടി ഏർപ്പെടുത്തിക്കൊടുത്തുവെന്ന ശാസ്താ മധുവിനെതിരേയുള്ള പുതിയ വിവരം കണ്ടെത്താൻ സി.ബി.ഐ.ക്ക് കഴിഞ്ഞു. ഒൻപതാം പ്രതി മുരളി താനിത്തോടിന്റെ മൊഴിയിൽ ഹരിപ്രസാദിന്റെയും ശാസ്താ മധുവിന്റെയും പേര് പറയുന്നുണ്ട്. ഇരുവർക്കും കൊലപാതകം സംബന്ധിച്ച് അറിയാമെന്നായിരുന്നു മൊഴി. ഇതും ക്രൈംബ്രാഞ്ചിന്റെ കേസ് ഡയറിയിലുണ്ട്. എന്നിട്ടും ഇരുവരെയും പ്രതിയാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം വിചാരണവേളയിൽ ഇരകളുടെ അഭിഭാഷകർ ചോദിച്ചിരുന്നു. കുറ്റപത്രം ഉടനെന്ന് സി.ബി.ഐ. കാഞ്ഞങ്ങാട്: പെരിയ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി സി.ബി.ഐ.ക്ക് അനുവദിച്ച സമയം ഈ മാസം നാലിന് അവസാനിക്കും. അതിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കില്ലെന്ന സൂചനയാണ് സി.ബി.ഐ. വൃത്തങ്ങൾ നൽകുന്നത്. അഞ്ചുപേരെക്കൂടി അറസ്റ്റ് ചെയ്തതോടെ കേസിൽ പ്രതികളായവരുടെ എണ്ണം 19 ആയി. എന്നാൽ സി.ബി.ഐ.യുടെ കുറ്റപത്രത്തിൽ പ്രതിപ്പട്ടിക മാറിമറഞ്ഞേക്കുമെന്നും കൂടുതൽപേർ അറസ്റ്റിലാകുമെന്നുമുള്ള സൂചനയും ഉദ്യോഗസ്ഥർ നൽകുന്നു. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയെങ്കിലും ഡിവിഷൻ ബെഞ്ച് അത് സ്റ്റേ ചെയ്തിരുന്നു. ഈ കുറ്റപത്രം കൂടി ചേർത്ത് അന്വേഷണം നടത്താനാണ് സി.ബി.ഐ.ക്ക് ഡിവിഷൻ ബെഞ്ച് നൽകിയ ഉത്തരവ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. സി.പി.എം. മുൻ പെരിയ ലോക്കൽ കമ്മിറ്റിയംഗം അയ്യങ്കാവ് വീട്ടിൽ പീതാംബരൻ, സജി സി. ജോർജ്, കെ.എം. സുരേഷ്, കെ. അനിൽകുമാർ, ഗിജിൻ, ശ്രീരാഗ്, അശ്വിൻ, എ. സുബിൻ, മുരളി താനിത്തോട്, രഞ്ജിത്ത്, പ്രദീപ്, ആലക്കോട് മണി, സി.പി.എം പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, ഉദുമ മുൻ ഏരിയാ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠൻ എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലുള്ള ഒന്നുമുതൽ 14 വരെയുള്ള പ്രതികൾ. ഇതിൽ ആദ്യ എട്ടുപേരാണ് കൃത്യത്തിൽ നേരിട്ട് പങ്കാളികളായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്. ഒമ്പത്, 10, 11 പ്രതികൾക്കെതിരെ ഗൂഢാലോചനക്കുറ്റമാണുള്ളത്. 12, 13, 14 പ്രതികൾക്കെതിരേയുള്ള കുറ്റം കൊലയ്ക്കുശേഷം പീതാംബരനുൾപ്പെടെ എട്ടുപേർക്കും ഒന്നിലേറെ കാര്യങ്ങളിൽ സഹായം നൽകിയെന്നാണ്. ആലക്കോട് മണി, എൻ. ബാലകൃഷ്ണൻ, കെ. മണികണ്ഠൻ എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു. മറ്റു 11 പേരും കണ്ണൂർ സെൻട്രൽ ജയിലിലാണുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/3EherI2
via IFTTT
Thursday, December 2, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
പെരിയ ഇരട്ടക്കൊലപാകം: ഹൈക്കോടതിയുടെ സംശയങ്ങളിലൂടെ സഞ്ചരിച്ച് സിബിഐ
പെരിയ ഇരട്ടക്കൊലപാകം: ഹൈക്കോടതിയുടെ സംശയങ്ങളിലൂടെ സഞ്ചരിച്ച് സിബിഐ
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed