ഇന്ത്യക്കാർ, വിശേഷിച്ച് മലയാളികൾ നെഞ്ചോടുചേർത്ത് പിടിക്കുന്ന രാജ്യമാണ് ണ്ടയു.എ.ഇ. ഗൾഫ് പ്രവാസം അരനൂറ്റാണ്ടും മൂന്നുതലമുറയും പിന്നിട്ടെങ്കിലും യു.എ.ഇ.തന്നെയാണ് ഇപ്പോഴും ശരാശരി മലയാളിയുടെ സ്വപ്നഭൂമികളിലൊന്ന്. കാനഡയും ഓസ്ട്രേലിയയും യൂറോപ്യൻ രാജ്യങ്ങളുമെല്ലാം പുതുതലമുറയെ ആകർഷിക്കുമ്പോൾത്തന്നെയാണ് ശരാശരി മലയാളി ദുബായ് വിസയ്ക്കായി ഇപ്പോഴും ഓടുന്നത്. മലയാളിയുടെ ആ സ്വപ്നഭൂമിക്ക് ഇന്ന്, ഡിസംബർ രണ്ടിന് അമ്പതുവർഷം തികയുമ്പോൾ ആ ആഘോഷത്തിന്റെ ലഹരിയിലാണ് അവിടെ ഇന്ത്യൻസമൂഹം. 34 ലക്ഷത്തോളം ഇന്ത്യക്കാർ യു.എ.ഇ.യിലുണ്ടെന്നാണ് ഒടുവിലത്തെ കണക്ക്. ഇതിൽ മലയാളികൾമാത്രം 17 ലക്ഷത്തിലേറെ. യു.ണ്ടഎ.ഇ.യുടെ മൊത്തം ജനസംഖ്യ ഇപ്പോഴും ഒരു കോടി തികഞ്ഞിട്ടില്ലെന്നറിയുമ്പോഴാണ് യു.എ.ഇ.യിലെ ഇന്ത്യൻ, മലയാളി സാന്നിധ്യത്തിന്റെ പ്രാധാന്യമേറുന്നത്. യു.എ.ഇ. ജനതയിൽ എൺപതുശതമാനത്തിലേറെയും കുടിയേറ്റക്കാരാണെന്നാണ് കണക്ക്. അതായത് സ്വദേശികൾ നാലിലൊന്നുപോലും ഇല്ലെന്ന് സാരം. കോവിഡ്കാലത്ത് പതിനായിരങ്ങൾ ജോലിയും വേതനവുമില്ലാതെ നാട്ടിലേക്ക് മടങ്ങിയെങ്കിലും തൊഴിലും ജീവിതവും തേടി വീണ്ടും യു.എ.ഇ.യിലേക്കുള്ള ഇന്ത്യൻ കുടിയേറ്റം സജീവമായി തുടങ്ങിയിട്ടുണ്ടിപ്പോൾ. യു.എ.ഇ.യുടെ വാർഷികാഘോഷം മലയാളിക്ക് പോറ്റമ്മനാടിന്റെ ദേശീയദിനമാണ്. ഇത്തവണത്തെ ആഘോഷത്തിനാകട്ടെ അമ്പത് എന്ന നാഴികക്കല്ലിന്റെ വിശേഷവുമുണ്ട്. വിവിധ രാജവംശങ്ങൾക്കുകീഴിൽ നാട്ടുരാജ്യങ്ങളായിരുന്ന ഏഴ് ഭൂപ്രദേശങ്ങളാണ് അമ്പതുവർഷംമുമ്പ് ഐക്യ അറബ് നാടുകൾ അഥവാ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ.) എന്ന പേരിൽ രൂപമെടുത്തത്. 1971 ഡിസംബർ രണ്ടിന് അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റുകളെ ഒറ്റപ്പേരിൽ ചേർത്തുനിർത്തുമ്പോൾ മണൽക്കൂനകളും കടൽത്തീരങ്ങളുംമാത്രമുള്ള ഒരു മേഖലയായിരുന്നു ഇത്. പിറ്റേ വർഷം ഫെബ്രുവരി പത്തിന് റാസൽഖൈമകൂടി യു.എ.ഇ.ക്കുകീഴിലെത്തി. അറബ് മേഖലയിലെ നാട്ടുരാജ്യങ്ങൾ അഥവാ പ്രവിശ്യകൾ ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് മോചിതമായി വരുന്ന കാലമായിരുന്നു അത്. സ്വന്തമായി വരുമാനമില്ലാത്തവയായിരുന്നു അവയിൽ പലതും. ബ്രിട്ടീഷുകാർ അവയെ വിശേഷിപ്പിച്ചിരുന്നത് ട്രൂഷ്യൽ സ്റ്റേറ്റുകൾ (സാമന്തപ്രദേശങ്ങൾ ) എന്നാണ്. പക്ഷേ, തീക്കാറ്റുകൾ വീശിയടിച്ച മരുഭൂമിയിലും തീരക്കടലിലും എണ്ണയാൽ സമൃദ്ധമായിരുന്നു ആ ദേശങ്ങളെല്ലാം. ബ്രിട്ടീഷുകാർക്കായിരുന്നു എണ്ണഖനനത്തിനുള്ള സാങ്കേതികവിദ്യ അറിയാമായിരുന്നത്. പക്ഷേ, മേഖലയിലെ കടുത്ത ചൂടും പൊള്ളുന്ന വെയിലും അറ്റമില്ലാത്ത മരുഭൂമികളും അവർക്ക് ഗൾഫ് മേഖലകളിലെ താത്പര്യം കുറച്ചിരുന്നു. അവരെ അനുനയിപ്പിച്ച് കൂടെനിർത്തുകയും എണ്ണ സ്രോതസ്സുകൾ കണ്ടെത്താൻ സഹായം തേടുകയും ചെയ്താണ് യു.എ.ഇ.യുടെ രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ നാടിന്റെ ഭാവിയിലേക്കുള്ള പ്രയാണം എളുപ്പത്തിലാക്കിയത്. ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിച്ച് സ്പിരിറ്റ് ഓഫ് ദി യൂണിയൻ എന്ന ആശയത്തിൽ യു.എ.ഇ. നിലവിൽവന്നപ്പോൾ ശൈഖ് സായിദിന്റെ നേതൃപാടവംകൂടിയായി അത് മാറി. യു.എ.ഇ. പിന്നീട് സാധ്യതകൾ തേടിയുള്ള ഓട്ടത്തിലായിരുന്നു. എണ്ണയാൽ സമ്പുഷ്ടമായ യു.എ.ഇ.യെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രമാക്കി അദ്ദേഹവും ശൈഖ് റാഷിദ് അൽ മക്തൂമും ചേർന്ന് വളർത്തി. പിന്നീടങ്ങോട്ട് യു.എ.ഇ.യുടെ തേരോട്ടമായിരുന്നു. ഭാഷയും വേഷവും രൂപവും ഭാവവും മതവും ജാതിയും നോക്കാതെ എല്ലാവരെയും യു.എ.ഇ. ഇരുകൈയും നീട്ടി സ്വീകരിച്ചു. ആ കാരുണ്യത്തിന്റെയും സമഭാവനയുടെയും സ്നേഹത്തിന്റെയും പാതയിലൂടെ യു.എ.ഇ.യുടെ ഇന്നത്തെ സാരഥികളും രാഷ്ട്രത്തെ നയിക്കുന്നു. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ആധുനിക ലോകത്ത് യു.എ.ഇ.യെ മുൻനിരയിലെത്തിച്ചുകഴിഞ്ഞു. എണ്ണയിൽ അധിഷ്ഠിതമായിരുന്ന സാമ്പത്തികവ്യവസ്ഥയിൽനിന്ന് മാറിനടന്ന ആദ്യ അറബ് രാജ്യമാണ് യു.എ.ഇ. എണ്ണയ്ക്ക് വിലകുറഞ്ഞതോടെ അതിനുപകരം വിവരവിജ്ഞാനത്തിൽ അധിഷ്ഠിതമായ സാമ്പത്തികവ്യവസ്ഥയ്ക്ക് യു.എ.ഇ. രൂപംനൽകി. സൗദി അറേബ്യ ഉൾപ്പെടെയുള്ള ഇതര ഗൾഫ് രാജ്യങ്ങൾക്ക് ഈ വഴി കാണിച്ചുകൊടുത്തതും യു.എ.ഇ.തന്നെ. ഒന്നാമതാകുക, അസാധ്യം എന്ന വാക്ക് ഉപയോഗിക്കാതിരിക്കുക -ഇതാണ് യു.എ.ഇ. നേതൃത്വം സ്വന്തം ജനതയോട് പറയുന്നത്. ഇക്കാര്യത്തിൽ അവർ പ്രവാസികളെയും മാറ്റിനിർത്തുന്നില്ല. നിക്ഷേപകരെയും പ്രതിഭകളെയും രാജ്യത്തേക്ക് ആകർഷിക്കാനും അവരെ യു.എ.ഇ.യിൽ നിലനിർത്താനുമായി പത്തുവർഷംവരെ കാലാവധിയുള്ള ഗോൾഡൻ വിസയാണ് ഇപ്പോൾ യു.എ.ഇ. നൽകുന്നത്. ഇതിനകം ഗോൾഡൻ വിസ നേടിയവരുടെ എണ്ണം 45,000 ആയിക്കഴിഞ്ഞു. ലോകത്ത് വരാൻപോകുന്ന മാറ്റങ്ങൾ മുന്നിൽക്കണ്ട് ഒരുചുവട് മുന്നേയാണ് യു.എ.ഇ. കുതിക്കുന്നത്. അടുത്ത അമ്പതുവർഷത്തെ അജൻഡ മൂന്നുവർഷംമുമ്പുതന്നെ അവർ തയ്യാറാക്കി. രാജ്യത്തിന്റെ നൂറാം വാർഷികത്തിലേക്കുള്ള ദീർഘകാലപദ്ധതികൾ ആസൂത്രണംചെയ്താണ് അമ്പതാം ദേശീയദിനത്തിന്റെ ആഘോഷംതന്നെ. മനസ്സുകളെ ബന്ധിപ്പിക്കുന്നു, ഭാവി സൃഷ്ടിക്കുന്നു എന്ന സന്ദേശവുമായി ലോകപ്രദർശനം എന്നറിയപ്പെടുന്ന എക്സ്പോ 2020-ന് ഇപ്പോൾ ദുബായ് ആതിഥ്യം വഹിക്കുന്നു. 2020 ഒക്ടോബറിൽ ആരംഭിക്കേണ്ടിയിരുന്ന എക്സ്പോ കോവിഡ് കാരണം ഒരു വർഷം നീട്ടിവെച്ചാണ് അതേ പേരിൽ യു.എ.ഇ. ഈ ലോകമഹാമേള സംഘടിപ്പിക്കുന്നത്. ജബൽ അലിയിലെ ആയിരം ഏക്കറിലേറെ മരുഭൂമിയാണ് എക്സ്പോയ്ക്കായി ദുബായ് വികസിപ്പിച്ചത്. അവിടെ ആറുനില കെട്ടിടവുമായി ഇന്ത്യയുടെ പവിലിയനുമുണ്ട്. എക്സ്പോയ്ക്കുശേഷം ഇന്ത്യയുടെ ട്രേഡ് സെന്ററും കൾച്ചറൽ സെന്ററുമായി ഈ കെട്ടിടം മാറുമെന്നാണ് പ്രതീക്ഷ.
from mathrubhumi.latestnews.rssfeed https://ift.tt/2ZLy9MV
via IFTTT
Thursday, December 2, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
50-ന്റെ നിറവില്‍ യുഎഇ; മലയാളിക്ക് പോറ്റമ്മനാടിന്റെ ദേശീയദിനം
50-ന്റെ നിറവില്‍ യുഎഇ; മലയാളിക്ക് പോറ്റമ്മനാടിന്റെ ദേശീയദിനം
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed